സയണിസ്റ്റ് ഭീകരത ലോകസമാധാനത്തിനു തന്നെ വെല്ലുവിളി ഉയര്‍ത്തുന്ന ഘട്ടം: മുഖ്യമന്ത്രി

Pinarayi Vijayan
വെബ് ഡെസ്ക്

Published on Jun 18, 2025, 06:41 PM | 1 min read

തിരുവനന്തപുരം: സയണിസ്റ്റ് ഭീകരത ലോകസമാധാനത്തിനു തന്നെ വെല്ലുവിളിയുയര്‍ത്തുന്ന ഘട്ടമാണിതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളും എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ട് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍റെ ഒത്താശയോടെ ഇറാനെതിരെ അവര്‍ നടത്തുന്ന ആക്രമണം ഉടനടി നിര്‍ത്താന്‍ ലോകമാകെ ഒന്നിച്ച് സ്വരമുയര്‍ത്തണം.


ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്‍റെ ആക്രമണം തടയാന്‍ ഉടന്‍ ഇടപെടണം. ഇന്ത്യാ ഗവണ്മെന്‍റ് പശ്ചിമേഷ്യയില്‍ സമാധാനത്തിനും നീതിക്കും വേണ്ടി വ്യക്തമായ നിലപാട് സ്വീകരിക്കാനും ഇസ്രയേലിനെതിരെ ശക്തമായ പ്രതിഷേധ സ്വരമുയര്‍ത്താനും തയ്യാറാകണം. ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ മടങ്ങിയെത്തുന്ന കേരളീയര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ഡല്‍ഹി കേരള ഹൗസിലെ റസിഡന്‍റ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി.


ഡല്‍ഹിയിലെത്തുന്ന കേരളീയര്‍ക്ക് കേരളഹൗസില്‍ താമസസൗകര്യം ഒരുക്കും. ഇതിനു ശേഷം വിമാനം ലഭ്യമാകുന്ന മുറയ്ക്ക് മലയാളികളെ കേരളത്തിലേക്ക് അയയ്ക്കും.


ഇറാനിലേയും ഇസ്രയേലിലേയും സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. ഈ പശ്ചാത്തലത്തില്‍ തിരികെ കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്‍ററിന്‍റെ ഹെല്‍പ്പ്ലൈന്‍ നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്‍റര്‍: 18004253939 (ടോള്‍ ഫ്രീ നമ്പര്‍), +918802012345 (അന്താരാഷ്ട്ര മിസ്ഡ് കോള്‍). ഇവരുടെ വിവരം വിദേശകാര്യമന്ത്രാലയത്തിനും ഇറാനിലേയും ഇസ്രയേലിലേയും ഇന്ത്യന്‍ എംബസികള്‍ക്കു കൈമാറുകയും തുടര്‍ നടപടികള്‍ക്കു വഴിയൊരുക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home