യുവമോർച്ചയിൽ കടുംവെട്ട്കെ; സുരേന്ദ്രൻ പക്ഷമാണോ, എങ്കിൽ ഒൗട്ട്


സ്വന്തം ലേഖകൻ
Published on Aug 17, 2025, 02:10 AM | 1 min read
തിരുവനന്തപുരം : രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന പ്രസിഡന്റായശേഷം പോഷകസംഘടനകളിൽ വരുത്തിയ പുനഃസംഘടനകളെല്ലാം വിവാദമാകുന്നു. മുൻ പ്രസിഡന്റ് കെ സുരേന്ദ്രന്റെ അനുയായികളെ തിരഞ്ഞുപിടിച്ച് ഒഴിവാക്കിയാണ് വിവിധ മോർച്ചകളുടെ ഭാരവാഹികളെ നിശ്‌ചയിച്ചത്. യുവമോർച്ചയിലാണ് കൂട്ടയൊഴിവാക്കൽ. സംസ്ഥാന ട്രഷറർ സ്ഥാനം പേയ്‌മെന്റ് സീറ്റാണ് എന്ന ആരോപണവുമുയർന്നിട്ടുണ്ട്. മാർച്ച് 24നാണ് കെ സുരേന്ദ്രനെ നീക്കി വ്യവസായിയായ രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റത്. ഏറെ കാലമായി നേതൃത്തിലുള്ള എം ടി രമേശ്, ശോഭാ സുരേന്ദ്രൻ എന്നിവർ പ്രസിഡന്റാകുമെന്ന് കരുതിയിരുന്നിടത്താണ് രാജീവ് ചന്ദ്രശേഖർ വന്നത്. സംഘടനയിൽ തന്റെ അധികാരമുറപ്പിക്കാനുള്ള ശ്രമവും അദ്ദേഹം തുടങ്ങി. ബിജെപി സംസ്ഥാന ഭാരവാഹികൾ മുതൽ പോഷകസംഘടനാ ഭാരവാഹികൾ വരെയുള്ളവരെ നിശ്‌ചയിച്ചതിലൂടെ കെ സുരേന്ദ്രനെ അനുകൂലിക്കുന്നവർ പടിക്കുപുറത്തായി. യുവമോർച്ചയിൽ ഭാരവാഹികളെ നിശ്‌ചയിച്ചതോടെ ഇത് പരസ്യ കലഹത്തിന് വഴിവച്ചു. തിരുവനന്തപുരത്ത് മൂന്നു നേതാക്കളെ പുറത്താക്കി. സംസ്ഥാന ട്രഷററായി നാമനിർദേശംചെയ്യപ്പെട്ട ഋഷഭ് മോഹൻ യൂണിറ്റ് ഭാരവാഹി പോലുമായിട്ടില്ലെന്നാണ് വിമർശം. പേയ്‌മെന്റ് സീറ്റാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ വിമർശമുന്നയിച്ചത് യുവമോർച്ച സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന എസ് എസ് ശ്രീരാഗാണ്. സംസ്ഥാന പ്രസിഡന്റ് ആയി മനുകുമാറിനെ നിശ്‌ചയിച്ചതിനു പുറകേ 22 ഭാരവാഹികളുടെ പട്ടികയും പുറത്തുവിട്ടിരുന്നു. അതിൽ ഒരാളുപോലും സുരേന്ദ്രൻ പക്ഷക്കാരില്ല.









0 comments