യൂത്ത് സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ 'മവാസോ'യിക്ക് തുടക്കം

തിരുവനന്തപുരം: കേരളത്തിലെ യുവജനങ്ങൾക്ക് സംരംഭക മേഖലയിൽ പ്രോത്സാഹനം നൽകുന്നതിനായി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന യൂത്ത് സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ 'മവാസോ' മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മാർച്ച് 1,2 തീയതികളിലായി തിരുവനന്തപുരം ടാഗോർ തീയേറ്ററിലാണ് സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ നടക്കുന്നത്. കേരളത്തിലെ യുവാക്കളുടെ ആശയങ്ങളെ യാഥാർത്ഥ്യമാക്കി ലോകനിലവാരത്തിലേക്കുള്ള ഉൽപ്പന്നങ്ങളിലേക്കും സേവനങ്ങളിലേക്കും യുവജനങ്ങളുടെ മനസ് പാകപ്പെടുത്തി അവർക്ക് പുതിയ അവസരങ്ങൾ ഒരുക്കുകയാണ് ഈ ഫെസ്റ്റിവലിലൂടെ ഡിവൈഎഫ്ഐ ലക്ഷ്യമിടുന്നത്. ഫോർട്ട് കൊച്ചിയിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെ ആണ് ‘മവാസോ 2025’ എന്ന പേരിൽ സ്റ്റാർട്ടപ്പ് ഫെസ്റ്റിവിലിന് തുടക്കം കുറിക്കുന്നത്.
വ്യവസായ മന്ത്രി പി. രാജീവ്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക, മുൻ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്, വികെസി ഗ്രൂപ്പ് സ്ഥാപകൻ വി കെ സി മമ്മദ് കോയ, കേരളത്തിൽ നിന്നുള്ള പ്രമുഖ സ്റ്റാർട്ടപ്പുകളുടെ സ്ഥാപകരായ ജോയ് സെബാസ്റ്റ്യൻ, റമീസ് അലി, വിമൽ ഗോവിന്ദ്, ദേവിക ചന്ദ്രശേഖരൻ, സജീഷ് കെ വി, അഫ്സൽ സാലു, ജിസ് ജോർജ്ജ്, രജിത് രാമചന്ദ്രൻ തുടങ്ങി നിരവധിപ്പേർ പരിപാടിയിൽ പങ്കെടുത്തു.
പിച്ചിങ് മത്സരങ്ങൾ, സ്റ്റാർട്ടപ്പുമായി ബന്ധപ്പെട്ട വർക് ഷോപ്പുകൾ, വിദഗ്ധരുടെ സംഭാഷണങ്ങളും പാനൽ ചർച്ചകളും, വിവിധ സ്റ്റാർട്ടപ്പ് ഉല്പന്നങ്ങളെയും/ സേവനങ്ങളേയും പരിചയപ്പെടുത്തുന്ന എക്സിബിഷൻ ബൂത്തുകൾ എന്നിവ രണ്ടു ദിവസമായി നടക്കുന്ന ഫെസ്റ്റിവലിന്റെ ഭാഗമായി ഉണ്ടാകും. പിച്ചിങ് മത്സരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ അഞ്ചു ടീമുകൾക്ക് അര ലക്ഷം രൂപ വീതം സമ്മാനം ലഭിക്കും. ഫെസ്റ്റിവലിന്റെ ഭാഗമായി യൂത്ത് സ്റ്റാർട്ടപ്പ് ഐക്കൺ അവാർഡും ഏർപ്പെടുത്തിയിട്ടുണ്ട്.









0 comments