മലപ്പുറം ജില്ലാപഞ്ചായത്തിൽ കോടികളുടെ തട്ടിപ്പ് ; യൂത്ത് ലീഗ് നേതാവ് പിടിയിൽ

മലപ്പുറം
മലപ്പുറത്തെ ജില്ലാ പഞ്ചായത്ത് പദ്ധതികളുടെ കരാറിൽ ലാഭം വാഗ്ദാനംചെയ്ത് നിക്ഷേപംവാങ്ങി കോടികൾ തട്ടിയ യൂത്ത് ലീഗ് നേതാവായ ജില്ലാ പഞ്ചായത്തംഗം മുംബൈ വിമാനത്താവളത്തിൽ പിടിയിൽ. യൂത്ത്ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ടി പി ഹാരിസാണ് പിടിയിലായത്. ദുബായിൽനിന്ന് വെള്ളി പുലർച്ചെ വിമാനമാർഗം എത്തിയ ഇയാളെ എമിഗ്രേഷൻ വിഭാഗമാണ് പിടികൂടിയത്. ഹാരിസിനെ കസ്‌റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തി ശനിയാഴ്‌ച മലപ്പുറത്ത് എത്തിക്കും. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ് ബിജുവാണ് രണ്ടാം പ്രതി. തട്ടിപ്പിനെക്കുറിച്ച് സെക്രട്ടറിക്ക് അറിയാമായിരുന്നുവെന്നാണ് ആറുപേർ നൽകിയ പരാതിയിൽ പറയുന്നത്.
ഇതിലൊരാളായ രാമപുരം സ്വദേശി സഫീർ മലപ്പുറം ഡിവൈഎസ്‌പി കെ എം ബിജുവിന് മുമ്പാകെ വ്യാഴാഴ്ച മൊഴിനൽകി. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ കരാറിന്റെ മറവിൽ ഹാരിസും മുസ്ലിംലീഗ് നേതാക്കളും ചേർന്ന് ഇരുന്നൂറോളം പേരിൽനിന്ന് 25 കോടി രൂപയിലധികം തട്ടിയെടുത്തെന്നാണ് പരാതി.
ജില്ലാ പഞ്ചായത്ത് ഫ്രണ്ട് ഓഫീസിലും പ്രസിഡന്റിന്റെ പേഴ്‌സണൽ സ്‌റ്റാഫ് ജീവനക്കാരനും പണം കൈമാറിയെന്നും മൊഴിയുണ്ട്. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും തട്ടിപ്പിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന് മൊഴിനൽകിയതായും സൂചനയുണ്ട്.









0 comments