യൂത്ത് ലീഗ് നേതാവിന്റെ ഹജ്ജ് തട്ടിപ്പ്: ഇരയായവരിൽ സമസ്‌ത മുൻ പ്രസിഡന്റിന്റെ മകളും

സ്വന്തം ലേഖകൻ
Published on Oct 24, 2025, 08:12 AM | 1 min read
മലപ്പുറം: ഹജ്ജിന് കൊണ്ടുപോകാമെന്നുപറഞ്ഞ് യൂത്ത് ലീഗ് നേതാവ് നടത്തിയ തട്ടിപ്പിന് ഇരയായവരിൽ സമസ്‌ത മുൻ പ്രസിഡന്റ് പരേതനായ കാളന്പാടി മുഹമ്മദ് മുസ്ല്യാരുടെ മകളും ഭർത്താവും. കാളന്പാടി അരീക്കത്ത് സഫിയ, ഭർത്താവ് കിഴ്‌ശേരി പൈക്കാട്ട് ചാലിൽ മായിൻകുട്ടി എന്നിവരാണ് തട്ടിപ്പിന് ഇരയായത്. യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം മുൻ ട്രഷറർ വി പി അഫ്സലാണ് ഇവരിൽനിന്ന് 13 ലക്ഷം രൂപ തട്ടിയത്. ഹജ്ജിന് പോകുന്നതിനായി ഭൂമി വിറ്റാണ് ഇരുവരും ആറര ലക്ഷം രൂപവീതം വി പി അഫ്സലിന്റെ ഉടമസ്ഥതയിലുള്ള ചെമ്മാട് ദാറുൽ ഈമാൻ ട്രാവൽസിന് നൽകിയത്.
2024 ജൂൺ പത്തിനാണ് ഇരുവരെയും നെടുന്പാശേരി വിമാനത്താവളത്തിൽനിന്ന് ഹജ്ജിന് കൊണ്ടുപോകാമെന്ന് പറഞ്ഞിരുന്നത്. പുറപ്പെടുന്നതിന് മണിക്കൂറുകൾക്കുമുന്പാണ് യാത്ര മുടങ്ങിയ വിവരം ഇവരെ അറിയിച്ചത്. ഇവർക്കൊപ്പം പോകേണ്ടിയിരുന്ന പലരും ഇൗ സമയത്ത് വിമാനത്താവളത്തിൽ എത്തിയിരുന്നു.
തട്ടിപ്പിനിരയായി എന്ന് മനസ്സിലാക്കിയതോടെ സംഘത്തിലെ 54 പേർ തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി. വടകര, കണ്ണൂർ ഭാഗങ്ങളിലുള്ളവർ അതത് പൊലീസ് സ്റ്റേഷനുകളിലും പരാതിപ്പെട്ടു. പൊലീസ് കേസെടുത്തതോടെ അഫ്സൽ ഒളിവിൽപോയി. ഇതിനിടെ ഒത്തുതീർപ്പ് ചർച്ചകളുമായി ബന്ധുക്കളെത്തി. ചർച്ചയിൽ സഫിയയും മായിൻകുട്ടിയുമടക്കം 34 പേർക്ക് 2025ൽ ഹജ്ജ് തീർഥാടനം വാഗ്ദാനംചെയ്തു. എന്നാൽ 2025ലും വഞ്ചിക്കപ്പെട്ടു. അഫ്സലിനെ ഇപ്പോഴും ലീഗ് നേതൃത്വം സംരക്ഷിക്കുകയാണെന്ന് പ്രതിഷേധക്കാർ പറയുന്നു. പണം തിരിച്ചുചോദിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായും ആക്ഷേപമുണ്ട്.
2026ലെ സർക്കാരിന്റെ ഹജ്ജ് യാത്രികരിൽ സഫിയ ഉൾപ്പെട്ടിട്ടുണ്ട്. മായിൻകുട്ടി വെയ്‌റ്റിങ് ലിസ്‌റ്റിലുമുണ്ട്. സഫിയ ആദ്യ ഗഡു പൈസ അടച്ചുകഴിഞ്ഞു. രണ്ടാം ഗഡു 31നകം അടയ്ക്കണം.









0 comments