യൂത്ത് കോണ്ഗ്രസ് മുണ്ടക്കെെ ഫണ്ട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിനായി ധൂർത്തടിച്ചെന്ന് ആരോപണം


സ്വന്തം ലേഖകൻ
Published on Jul 21, 2025, 12:01 AM | 1 min read
പാലക്കാട് : മുണ്ടക്കെെ ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനത്തിനായി പാലക്കാട് ജില്ലയിൽ യൂത്ത് കോൺഗ്രസ് പിരിച്ച തുക രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ നേതൃത്വത്തിൽ വകമാറ്റിയെന്ന് ഒരു വിഭാഗം പ്രവർത്തകർ. പിരിച്ച തുക പാലക്കാട് ഉപതെരഞ്ഞെടുപ്പിനായി ധൂർത്തടിച്ചെന്നാണ് ആരോപണം. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുകൂടിയായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽതന്നെ സ്ഥാനാർഥിയായ ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ നിർദേശപ്രകാരം പാലക്കാട് ജില്ലാ കമ്മിറ്റിയാണ് വൻതുക വെട്ടിച്ചത്.
നാട്ടുകാരിൽനിന്നും ബിരിയാണി ചലഞ്ചിലൂടെയുമാണ് തുക പിരിച്ചത്. അതിന്റെ കണക്ക് പുറത്തുവിടാൻ രാഹുൽ മാങ്കൂട്ടത്തിൽ തയ്യാറാകുന്നില്ലെന്നും പ്രവർത്തകർ ആരോപിച്ചു. ലക്ഷങ്ങൾ സമാഹരിച്ചിട്ടും ദുരിതാശ്വാസത്തിനോ പുനരധിവാസത്തിനോ ഒരു രൂപപോലും സംസ്ഥാന നേതൃത്വത്തിന് കൈമാറിയില്ല. രണ്ടരലക്ഷം രൂപ വീതമാണ് നിയോജക മണ്ഡലം കമ്മിറ്റികൾ പിരിക്കേണ്ടിയിരുന്നത്. ഇതിൽ എത്രരൂപ പിരിഞ്ഞുകിട്ടിയെന്ന വിവരം പങ്കുവച്ചിട്ടില്ല. മണ്ണാർക്കാട് നഗരസഭയിൽനിന്നും തെങ്കര പഞ്ചായത്തിൽനിന്നും മാത്രം നാലുലക്ഷം രൂപയിലധികം പിരിച്ചിട്ടുണ്ട്. കണക്കുചോദിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായും ആരോപണമുണ്ട്.
പുതുശേരി, കൊടുമ്പ്, മരുതറോഡ് മണ്ഡലം കമ്മിറ്റികൾ ബിരിയാണി ചലഞ്ച് നടത്തിയിരുന്നു. മലമ്പുഴയിൽ ഓണത്തിന് ദോത്തി ചലഞ്ചും മരുതറോഡിൽ പഴയ പത്രം ശേഖരണവും നടത്തിയിരുന്നു. പാലക്കാട് ജില്ലയിൽനിന്ന് യൂത്ത് കോൺഗ്രസ് പിരിച്ച പണത്തിന്റെ കണക്ക് പുറത്തുവിടാൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ തയ്യാറാകണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീന്‍ ആവശ്യപ്പെട്ടു.









0 comments