യൂത്ത് കോൺഗ്രസ് പോര് കോൺഗ്രസിലേക്കും; പരിപാടിയിൽ പങ്കെടുക്കാത്ത ചാണ്ടി ഉമ്മനെതിരെ ഡിസിസി പ്രസിഡന്റ്

കോഴിക്കോട് : യൂത്ത് കോൺഗ്രസിന്റെ യുവജന സമ്പർക്ക യാത്രയെച്ചൊല്ലിയുണ്ടായ ഭിന്നതയും പ്രശ്നങ്ങളും കോൺഗ്രസിലേക്കും വ്യാപിക്കുന്നു. കോഴിക്കോട് വച്ചു നടന്ന യൂത്ത് കോൺഗ്രസിന്റെ യുവജന സമ്പർക്ക യാത്രയിൽ ചാണ്ടി ഉമ്മൻ പങ്കെടുക്കാത്തതാണ് പുതിയ വിവാദം. കോഴിക്കോട് ഉണ്ടായിരുന്നിട്ടും ചാണ്ടി ഉമ്മൻ പരിപാടിയിൽ പങ്കെടുത്തില്ലെന്ന് ഒരു വിഭാഗം ആരോപിച്ചു. ജില്ലയിൽ ഉണ്ടായിരുന്നിട്ടും ചാണ്ടി ഉമ്മൻ വിട്ടുനിന്നത് തെറ്റാണെന്നും പങ്കെടുക്കാഞ്ഞത് എന്താണെന്ന് അന്വേഷിക്കുമെന്നും ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ പറഞ്ഞു. യൂത്ത് കോൺഗ്രസിലെ വിഭാഗീയതയെതുടർന്നാണ് വിട്ടുനിന്നത് എന്നാണ് സൂചന.
പരിപാടിയിൽ പങ്കെടുക്കണമെന്ന് നേരിട്ട് ആവശ്യപ്പെട്ടിട്ടും ചാണ്ടി ഉമ്മൻ പങ്കെടുത്തില്ല എന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ പറഞ്ഞു. യൂത്ത് കോൺഗ്രസ് നടത്തുന്നത് മാതൃകാപരമായ പരിപാടിയാണെന്നും ഇതിൽ പങ്കെടുക്കണമെന്നും ചാണ്ടി ഉമ്മനോട് നേരിട്ട് പറഞ്ഞതാണ്. എന്നിട്ടും എന്തുകൊണ്ട് പങ്കെടുത്തില്ല എന്നതിനെപ്പറ്റി അന്വേഷിക്കുമെന്നും പ്രവീൺകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
ആഗസ്ത് 1 മുതലാണ് യൂത്ത് കോൺഗ്രസ് കോഴിക്കോട് യുവജനസമ്പർക്ക യാത്ര ആരംഭിച്ചത്. ഇന്നത്തെ പരിപാടി ചാണ്ടി ഉമ്മനായിരുന്നു ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. ചാണ്ടി ഉമ്മന്റെ ചിത്രം അടക്കമുള്ള പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു. എന്നാൽ ചാണ്ടി ഉമ്മൻ പരിപാടിക്ക് എത്തിയില്ല. പരിപാടിയിൽ എത്താൻ വൈകും എന്ന് ആദ്യം അറിയിച്ചെങ്കിലും പിന്നീട് ചാണ്ടി ഉമ്മൻ എത്തിയില്ല. ഇതേത്തുടർന്ന് ഡിസിസി പ്രസിഡന്റ് പ്രസ്താവനയുമായി രംഗത്തെത്തിയതോടെയാണ് വിവാദമായത്. പങ്കെടുക്കണമെന്ന് നേരിട്ട് അറിയിച്ചിട്ടും, ജില്ലയിൽ ഉണ്ടായിരുന്നിട്ടുകൂടിയും ചാണ്ടി ഉമ്മൻ പങ്കെടുത്തില്ല എന്ന് പരസ്യമായി ഡിസിസി പ്രസിഡന്റ് പറഞ്ഞതോടെയാണ് ഭിന്നത വ്യക്തമായത്.
തുടർന്ന് ചാണ്ടി ഉമ്മന്റെ വിശദീകരണവും പുറത്തുവന്നിരുന്നു. ദുബായിൽ നിന്നും കോഴിക്കോടേക്ക് എത്തുകയായിരുന്നുവെന്നും ഉറങ്ങിപ്പോയതിനാൽ പരിപാടിക്ക് വരാൻ വൈകിയതുകൊണ്ടാണ് പിന്നീട് വരാതിരുന്നതെന്നുമായിരുന്നു ചാണ്ടി ഉമ്മന്റെ വിശദീകരണം.
മണ്ഡലം പ്രസിഡന്റ് തന്നെ വിളിച്ചില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു. ഡിസിസിയല്ല തന്നെ വിളിക്കേണ്ടതെന്നും ഡിസിസി നടത്തുന്ന പരിപാടിയല്ല ഇതെന്നുമാണ് ചാണ്ടി ഉമ്മന്റെ വാദം. രമ്യ ഹരിദാസിന്റെ പരിപാടിയാണ് നടന്നതെന്നും താനല്ല പരിപാടി ഏറ്റതെന്നും സാഹചര്യമുണ്ടെങ്കിലേ വരൂ എന്ന് താൻ നേരത്തെ പറഞ്ഞിരുന്നെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് തന്നെ വിളിച്ചിട്ടില്ലെന്ന് ആദ്യം പറഞ്ഞ ചാണ്ടി ഉമ്മൻ താൻ അങ്ങോട്ട് വിളിച്ചപ്പോൾ പരിപാടി അവസാനിക്കാറായെന്ന് ബന്ധപ്പെട്ടവർ അറിയിച്ചെന്നും അതുകൊണ്ടാണ് പിന്നീട് പോകാഞ്ഞതെന്നും പറഞ്ഞു. രമ്യ ഹരിദാസിന്റെ ചിത്രം വച്ച പോസ്റ്ററും ചാണ്ടി ഉമ്മൻ മാധ്യമങ്ങളെ കാണിച്ചു. സമാനമായി ചാണ്ടി ഉമ്മന്റെ ഫോട്ടോയുള്ള പോസ്റ്ററും പ്രചരിച്ചിരുന്നു എന്നു പറഞ്ഞപ്പോൾ പരിപാടി ഏറ്റത് രമ്യയാണെന്നും അവരുടെ പരിപാടിയാണിതെന്നും പറഞ്ഞ് എംഎൽഎ തടിതപ്പി. വീണ്ടും ചോദ്യങ്ങളുയർന്നതോടെ കുറ്റം മുഴുവൻ മാധ്യമങ്ങൾക്ക് മുകളിൽ ചാർത്തി, പാർടിക്കുള്ളിലെ പ്രശ്നം പാർടിക്കുള്ളിൽ തന്നെ തീർത്തോളം എന്നു പറഞ്ഞ് രക്ഷപെടുകയായിരുന്നു. പാർടിക്കുള്ളിൽ വിഭാഗീയതയുണ്ടെന്ന് ചാണ്ടി ഉമ്മൻ തന്നെ ഒടുവിൽ സമ്മതിച്ചു.
യൂത്ത് കോൺഗ്രസിൽ നിലനിൽക്കുന്ന ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ- ചാണ്ടി ഉമ്മൻ വിഭാഗീയതയുടെ ഭാഗമായാണ് ബോധപൂർവം പരിപാടിയിൽ നിന്ന് വിട്ടു നിന്നതെന്നുമാണ് സൂചന. സംഭവം കൈവിട്ടുപോകുമെന്ന് തോന്നിയതോടെ ഡിസിസി ഓഫീസിലെത്തി ചാണ്ടി ഉമ്മൻ ഡിസിസി പ്രസിഡന്റിനെ കണ്ടു. അവിടെയും മാധ്യമങ്ങൾ അനാവശ്യവിവാദം സൃഷ്ടിക്കുന്നുവെന്നു പറഞ്ഞ് തടിതപ്പാനാണ് ചാണ്ടി ഉമ്മൻ ശ്രമിച്ചത്.









0 comments