യഥാർഥ കണക്ക് പുറത്തുവിടാതെ നേതൃത്വം , 88 ലക്ഷം രൂപ അക്കൗണ്ടിലുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
മുണ്ടക്കെെ ദുരന്തബാധിതർക്കായി യൂത്ത് കോൺഗ്രസ് പിരിവ് ; കണക്കിൽ ദുരൂഹത

തിരുവനന്തപുരം
മുണ്ടക്കൈ ദുരന്തബാധിതർക്കു വീടുവയ്‌ക്കാൻ പിരിവ് തുടങ്ങി 11 മാസമായിട്ടും യഥാർഥ കണക്ക് പുറത്തുവിടാതെ യൂത്ത് കോൺഗ്രസ് നേതൃത്വം. തിരുവനന്തപുരം എസ്‌ബിഐയിലെ സംസ്ഥാന കമ്മിറ്റിയുടെ അക്കൗണ്ടിനു പുറമേ വ്യക്തികളുടെ അക്കൗണ്ടിലേക്കും പണമൊഴുകി എന്ന ആക്ഷേപം ഉയർന്നിട്ടും വിശദവിവരം പുറത്തുവിടാൻ നേതൃത്വം തയ്യാറാകാത്തത് ദുരൂഹം.
88 ലക്ഷം രൂപ അക്കൗണ്ടിലുണ്ട് എന്നായിരുന്നു സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞത്. നിയോജക മണ്ഡലം കമ്മിറ്റികളോട് രണ്ടുമുതൽ രണ്ടര ലക്ഷം രൂപവരെ പിരിച്ചുനൽകാനാണ് നിർദേശിച്ചിരുന്നത്. ആലപ്പുഴയിൽ ജൂൺ 30ന് ആരംഭിച്ച സംസ്ഥാന ക്യാമ്പിലാണ് ഫണ്ടിനെക്കുറിച്ച് ചോദ്യമുയർന്നത്. പിന്നാലെ 11 മണ്ഡലം പ്രസിഡന്റുമാരെ പുറത്താക്കിയാണ് നേതൃത്വം മറുപടി പറഞ്ഞത്. ഫണ്ട് ദുരുപയോഗത്തിന് യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ എറണാകുളത്തെ അഭിഭാഷക ടി ആർ ലക്ഷ്‌മി പൊലീസിൽ പരാതി നൽകിയിട്ടുമുണ്ട്.
തിരുവനന്തപുരത്തെ എസ്‌ബിഐ അക്കൗണ്ടിൽ ഇപ്പോൾ ഒരുകോടി രൂപ കവിഞ്ഞു. കോഴിക്കോട്ടെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അക്കൗണ്ടിൽനിന്നും മൂന്നു ലക്ഷം രൂപ വന്നിട്ടുണ്ട്. അത് നേരിട്ട് അയച്ചതാകാനാണ് സാധ്യത. എന്നാൽ വിദേശത്തുനിന്നും വ്യക്തികളിൽനിന്നും പിരിച്ച തുകയെവിടെ എന്ന ചോദ്യമാണ് പ്രവർത്തകർ ഉന്നയിക്കുന്നത്. കാട്ടാക്കട മണ്ഡലം ഭാരവാഹികളും കെപിസിസിക്ക് പരാതി നൽകിയിട്ടുണ്ട്.
ദുരന്തബാധിതർക്ക് വീടുവച്ചുനൽകുന്നതിലെ ആത്മാർഥതയല്ല, യൂത്ത് കോൺഗ്രസിനെ പിരിവിലേക്ക് നയിച്ചത് എന്നു വ്യക്തം. ദുരന്തമുണ്ടായി ഒരു വർഷമാകാറായിട്ടും തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനോ വീടുവയ്‌ക്കാനാണെങ്കിൽ സ്ഥലം കണ്ടെത്താനോ ശ്രമിച്ചില്ല.
അതേസമയം സർക്കാരിന്റെ ടൗൺഷിപ് നിർമാണം പുരോഗമിക്കുകയാണ്. ഡിവൈഎഫ്‌ഐ നൽകിയ 20 കോടി രൂപയുമുണ്ട്. പി ജെ കുര്യൻ തുടങ്ങിവച്ച്, രമേശ് ചെന്നിത്തലയും തിരുവഞ്ചൂർ രാധാകൃഷ്‌ണനും ഏറ്റെടുത്ത വിമർശവും യൂത്ത് കോൺഗ്രസ് നേതൃത്വത്തിന്റെ സംഘടനാരീതിക്കെതിരെയാണ്. ഐഎൻടിയുസി യുവപ്രവർത്തക ക്യാമ്പിലും യൂത്ത് നേതൃത്വത്തിനെതിരെ വിമർശമുയർന്നു.









0 comments