യൂത്ത് കോൺഗ്രസ് പിരിച്ചത് നാലുകോടിയോളം
പണമെവിടെ, വീടെവിടെ ? മുണ്ടക്കെെ പുനരധിവാസ ഫണ്ട് ധൂർത്തടിച്ച് യൂത്ത് കോൺഗ്രസും ലീഗും

ഒ വി സുരേഷ്
Published on Jul 14, 2025, 01:00 AM | 1 min read
തിരുവനന്തപുരം
മുണ്ടക്കൈ ദുരന്തബാധിതർക്ക് വീടുനിർമിച്ചുനൽകാനെന്ന പേരിൽ യൂത്ത് കോൺഗ്രസ് പിരിച്ചത് നാലുകോടിയോളം രൂപ. എന്നാൽ അക്കൗണ്ടിൽ 88 ലക്ഷം രൂപയേയുള്ളു എന്ന് സംസ്ഥാന പ്രസിഡന്റ് രാഹുൽമാങ്കൂട്ടത്തിലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സംഘടനയിൽ വൻ പൊട്ടിത്തെറി. കെപിസിസിക്ക് പരാതികളുമായി കൂടുതൽ മണ്ഡലം കമ്മിറ്റികൾ രംഗത്തെത്തി.
കഴിഞ്ഞവർഷം ആഗസ്‌തിൽ രണ്ടര ലക്ഷം രൂപ വീതം പിരിക്കാനാണ് നിയോജകമണ്ഡലം കമ്മിറ്റികൾക്ക് നിർദേശം നൽകിയത്. 140 മണ്ഡലം കമ്മിറ്റികളിൽ 129 ഉം പിരിവ് പൂർത്തിയാക്കി. രണ്ടര ലക്ഷമായിരുന്നു ക്വാട്ടയെങ്കിലും അതിലുമേറെ നൽകിയ കമ്മിറ്റികളുണ്ട്. പിരിവിൽ പിന്നോക്കം പോയ 11 കമ്മിറ്റികൾക്കെതിരെ നടപടിയെടുത്തതിനെ തുടർന്ന്, യഥാർഥ കണക്ക് പുറത്തുവിടണമെന്ന ആവശ്യം ശക്തമായി.
നാട്ടിൽ പിരിച്ചതിനുപുറമെ വിദേശമലയാളികളിൽനിന്നും വ്യവസായികളിൽനിന്നും നേരിട്ടും വലിയ തുക പിരിച്ചിരുന്നു. സമൂഹമാധ്യമത്തിൽ നൽകിയ അക്കൗണ്ട് നമ്പറിലേക്ക് നേരിട്ടും അയച്ചവരുണ്ട്. പായസം– ബിരിയാണി ചലഞ്ചുകളും നടത്തി. തിരുവല്ല, അടൂർ മണ്ഡലം കമ്മിറ്റികൾ അഞ്ചുലക്ഷവും ആറന്മുള അതിലേറെയും പിരിച്ചെടുത്തു. ആലപ്പുഴയിൽ പിരിച്ചതിന്റെ കണക്ക് ജില്ലാകമ്മിറ്റിക്ക് അറിയില്ല.
സംഭവത്തിൽ ഹൈക്കോടതി അഭിഭാഷക പി ആർ ലക്ഷ്‌മി യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വിവിധ മണ്ഡലം കമ്മിറ്റികൾ കെപിസിസിക്കും പരാതി നൽകി.
തുടർന്നാണ് മുഖം രക്ഷിക്കാൻ 11 നിയോജകമണ്ഡലം പ്രസിഡന്റുമാർക്കെതിരെ സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് നടപടിയെടുത്തത്. ആലപ്പുഴയിൽ ചേർന്ന സംസ്ഥാന ക്യാമ്പിലാണ് വയനാട് ഫണ്ട് എവിടെയെന്ന ചോദ്യമുയർന്നത്. പത്തുമാസം കഴിഞ്ഞിട്ടും കണക്ക് പുറത്തുവന്നിരുന്നില്ല.









0 comments