താനൂരിൽ നിന്ന് പെൺകുട്ടികൾ നാടുവിട്ട സംഭവം; ഒപ്പം യാത്ര ചെയ്ത യുവാവ് അറസ്റ്റിൽ

താനൂർ: താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ നാടുവിടാൻ സഹായിച്ച യുവാവ് അറസ്റ്റിൽ. എടവണ്ണ സ്വദേശി ആലുങ്ങൽ അക്ബർ റഹി(26)മിനെയാണ് താനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കസ്റ്റഡിയിലെടുത്ത യുവാവിനെ താനൂർ ഡിവൈഎസ്പി പി പ്രമോദ്, സി ഐ ടോണി ജെ മറ്റം എന്നിവരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കാണാതായ കുട്ടികളുമായി നാല് മാസം മുമ്പ് ഇൻസ്റ്റഗ്രാം വഴിയാണ് ഇയാൾ പരിചയപ്പെടുന്നത്. കുട്ടികളെ കാണാതാകുന്നതിന് തൊട്ടു മുമ്പുള്ള ദിവസങ്ങളിൽ ഇരുവരെയും ഇയാൾ ഫോണിൽ ബന്ധപ്പെട്ടതിൻ്റെ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതോടെയാണ് ഇയാൾ കുരുക്കിലാകുന്നത്. ഇയാളുടെ നമ്പർ നിരീക്ഷിച്ചതിൽ നിന്നും മുംബൈയിലേക്കുള്ള ട്രെയിനിൽ കുട്ടികളോടൊപ്പം അക്ബറും ഉണ്ടെന്ന് വ്യക്തമായിരുന്നു. കുട്ടികളെ കൊണ്ടു പോയത് താനാണെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ അക്ബർ സമ്മതിച്ചിട്ടുണ്ട്.
കരുതൽ തടവിൽ വെച്ച് ചോദ്യം ചെയ്തതിലൂടെ ഇയാൾക്ക് കേസുമായുള്ള ബന്ധം വ്യക്തമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടികളെ തട്ടിക്കൊണ്ട് പോയെന്ന രക്ഷിതാക്കളുടെ പരാതികളിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ പ്രായപൂർത്തിയാകാത്ത കുട്ടികളെ ഫോൺ വഴി പിൻതുടർന്ന് ശല്യം ചെയ്തതിന് കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പുകൾ ചേർത്ത മറ്റൊരു കേസും ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ ലൈംഗിക ക്ഷമത പരിശോധനക്കും മെഡിക്കൽ പരിശോധനക്കും വിധേയമാക്കി.
അതേസമയം, മുംബൈയിൽനിന്ന് കണ്ടെത്തിയ പെൺകുട്ടികളെ നാട്ടിലെത്തിച്ചു. ഗരീബ് രഥ് എക്‌സ്പ്രസിൽ ശനി ഉച്ചയ്ക്ക് 12ന് തിരൂരിലെത്തിക്കുയായിരുന്നു. തുടർന്ന് കുട്ടികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തി. തിരൂർ ജില്ലാ ആശുപത്രിയിൽ നിന്ന് കുട്ടികളുടെ വൈദ്യപരിശോധന പൂർത്തിയാക്കിയതിന് ശേഷം തവനൂർ സിഡബ്ല്യൂസി ഓഫീസിലെ പ്രത്യേക സിറ്റിങ്ങിൽ ഹാജരാക്കി.
താനൂർ ദേവധാർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളാണ് ഇവർ. ബുധനാഴ്ച രാവിലെ പരീക്ഷയ്ക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് സ്കൂളിലേക്ക് പുറപ്പെട്ടതാണ്. പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടികൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. ജീൻസും ടീ ഷർട്ടുമായിരുന്നു വേഷം. തിരൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് രണ്ടോടെ കോഴിക്കോട് എത്തി. പിന്നാലെ ഇവരുടെയും മൊബൈൽ ഫോൺ സ്വിച്ച് ഓഫായി. മൊബൈൽ സ്വിച്ച് ഓഫാകുന്നതിനുമുമ്പ് ഇരുവരുടെയും ഫോണിൽ ഒരേനമ്പറിൽ നിന്ന് കോൾ വന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.
അക്ബർ റഹീമിൻ്റെ പേരിലുള്ള നമ്പറിൽ നിന്നായിരുന്നു കോളുകൾ വന്നത്. ഈ നമ്പറിൻ്റെ ടവർ ലൊക്കേഷൻ മഹാരാഷ്ട്രയിലാണ് കാണിച്ചിരുന്നത്. ഇതോടെ പൊലീസ് അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി മുംബൈ-ചെന്നൈ എഗ്മാർ ട്രെയിനിൽ മുംബൈയിലെ പുനെയ്ക്ക് അടുത്തുള്ള ലോണാവാലാ സ്റ്റേഷനിൽവച്ച് ആർപിഎഫാണ് വിദ്യാർഥികളെ കണ്ടെത്തിയത്. കുട്ടികൾക്കായി പൊലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ആർപിഎഫ് ഇവരെ പുണെയിലെ സിഡബ്ല്യുസിയിൽ ഏൽപ്പിച്ചു. താനൂർ സ്റ്റേഷനിലെ എസ് ഐ സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുണെയിലെ സിഡബ്ല്യുസിയിൽനിന്ന് കുട്ടികളെ ഏറ്റുവാങ്ങി നാട്ടിലെത്തിച്ചത്.









0 comments