സാമ്പത്തിക സാക്ഷരത പാഠ്യപദ്ധതിയിൽ; കുട്ടികൾ ബജറ്റുണ്ടാക്കും

budget school
avatar
റഷീദ്‌ ആനപ്പുറം

Published on May 14, 2025, 05:58 PM | 2 min read

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥികളെ സാമ്പത്തിക സാക്ഷരരാക്കാൻ പഠന പ്രവർത്തനങ്ങളുമായി പുതിയ പാഠ്യപദ്ധതി. കുടുംബ ബജറ്റ്‌ മുതൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പും സംരംഭങ്ങൾക്കുള്ള വായ്‌പാ പദ്ധതിയുംവരെ കുട്ടികൾ ഇനി പഠിക്കും. 'തൊഴിൽ ഉദ്‌ഗ്രഥിത വിദ്യാഭ്യാസ'ത്തിന്റെ ഭാഗമായി തയ്യാറാക്കിയ പുതിയ പാഠ്യപദ്ധതിയിലാണ്‌ സാമ്പത്തിക സാക്ഷരതയുമായി ബന്ധപ്പെട്ട ഭാഗങ്ങളുള്ളത്‌. ഹയർ സെക്കന്ററി, കോളേജ്‌ പാഠ്യപദ്ധതിയിൽ മാത്രം വിദ്യാർഥികൾക്ക്‌ ലഭിച്ചിരുന്ന നൈപുണിയാണ്‌ സ്‌കൂൾ വിദ്യാഭ്യാസത്തിൽ ലഭിക്കുന്നത്‌.


അഞ്ചിലെ ഒരു വിദ്യാർഥി കുടംബബജറ്റ്‌ പഠിക്കുന്നതിലുടെ വീട്ടിലെ വരവും ചെലവും അതിലെ അന്തരവും മനസ്സിലാക്കും. വ്യക്തി ജീവിതത്തിൽ സാമ്പത്തിക അച്ചടക്കം പാലിക്കാൻ അവ കുട്ടിയെ പ്രാപ്‌തമാക്കും. ആറിലെത്തിയാൽ തൊഴിൽ, വിദഗ്‌ധ തൊഴിൽ, സ്‌റ്റാർട്ടപ്പ്‌ എന്നിവ പരിചയപ്പെടുന്നു. ഏഴിൽ നാണയങ്ങളും കറൻസികളും പരിചയപ്പെടുന്നു. എട്ടിൽ എത്തിയാൽ നികുതി, ജിഎസ്‌ടി, അവ കണക്കാക്കൽ തുടങ്ങിയവയാണ്‌ പഠിക്കുക. അഞ്ച്‌ മുതൽ എട്ട്‌വരെ ക്ലാസുകളിൽ ഒരു അധ്യായമാണ്‌ സാമ്പത്തിക സാക്ഷരയുമായി ബന്ധപ്പെട്ട്‌ പഠിപ്പിക്കുന്നത്‌.


കേവലം ക്ലാസ്‌ റൂം പഠനമല്ല ഇവിടെ നടക്കുക. പ്രവൃത്ത്യാധിഷ്‌ഠിത പഠനമാണ്‌ നടക്കുന്നത്‌. സ്വന്തമായി ബജറ്റ്‌ തയ്യാറാക്കാൻ കുട്ടികളെ പരിശീലിപ്പിക്കും


ഒമ്പത്‌, പത്ത്‌ ക്ലാസുകളിൽ ഈ വിഷയങ്ങൾ സമഗ്രമായി പഠിക്കും. ഒമ്പതിലെ തൊഴിൽ ഉദ്‌ഗ്രഥിത വിദ്യാഭ്യാസം പാഠപുസ്‌തകം രണ്ടാം ഭാഗം പൂർണമായും സാമ്പത്തിക സാക്ഷരതയുമായി ബന്ധപ്പെട്ടതാണ്‌. ഒമ്പതാം ക്ലാസ്‌ കുട്ടികൾ നിക്ഷേപവും അതിലൂടെ സമ്പാദ്യ ശീലവും പഠിക്കും. ബാങ്കിങ്, തപാൽ വകുപ്പിന്റെ നിക്ഷേപങ്ങൾ, ഇൻഷൂറൻസ്‌, ഓഹരി വിപണി, മ്യൂച്ചൽ ഫണ്ട്‌ എന്നിവയും സാമ്പത്തിക മേഖയിലെ തൊഴിൽ സാധ്യതയും പഠിക്കും. പുതിയ കാല കറൻസിയായ ക്രിപ്‌റ്റോ കറൻസിയെ( ഡിജിറ്റൽ കറൻസി) കുട്ടികൾക്ക്‌ പരിചയപ്പെടുത്തുന്നു. പത്തിലെത്തിയാൽ സൈബർ സെക്യൂരിറ്റി തട്ടിപ്പിന്റെ വിവിധ വശങ്ങളും അതിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങളുമാണ്‌ പ്രധാനമായും പഠിക്കുന്നത്‌. ഇന്ന്‌ ഏറ്റുവം കൂടുതൽ തട്ടിപ്പ്‌ നടക്കുന്നത്‌ സൈബർ മേഖലയിലാണ്‌. സംരഭകത്വത്തെ കുറിച്ച്‌ പഠിക്കാൻ ‘സംരംഭകത്വം പുതിയ രീതി പുതിയ തുടക്കം' എന്ന അധ്യായവുമുണ്ട്‌. ധനകാര്യ ധർമികത എന്ന അധ്യായവും പത്തിലുണ്ട്‌.


school text


കേവലം ക്ലാസ്‌ റൂം പഠനമല്ല ഇവിടെ നടക്കുക. പ്രവൃത്ത്യാധിഷ്‌ഠിത പഠനമാണ്‌ നടക്കുന്നത്‌. സ്വന്തമായി ബജറ്റ്‌ തയ്യാറാക്കാൻ കുട്ടികളെ പരിശീലിപ്പിക്കും. ബാങ്ക്‌, കെഎസ്‌എഫ്‌ഇ, തപാൽ ഓഫീസുകൾ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങൾ സന്ദർശിച്ച്‌ കണ്ട്‌ പഠിക്കാനുള്ള അവസരവും കുട്ടികൾക്കായി ഒരുക്കും. ഇതിനാവശ്യമായ പരിശീലനം അധ്യാപകർക്ക്‌ നൽകിവരുന്നതായി എസ്‌സിഇആർടി റിസർച്ച്‌ ഓഫീസർ ഡോ. രഞ്ജിത്‌ സുഭാഷ്‌ പറഞ്ഞു. സാമ്പത്തിക സാക്ഷരത 2023ലെ പുതിയ കരിക്കുലം ചട്ടക്കൂട്‌ രൂപപ്പെടുത്തിയ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്‌. സാമ്പത്തിക നൈപുണികളും ആശയങ്ങളും ഇതുവഴി കുട്ടികളിൽ ഉറപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home