ഗുരുതര രോ​ഗങ്ങൾക്കുപോലും ആശുപത്രിയില്‍ പോകില്ല; കപട ചികിത്സയ്ക്ക് വിദ്യാസമ്പന്നരും ഇരയാകുന്നു: വനിതാ കമീഷന്‍

P Satheedevi

പി സതീദേവി

വെബ് ഡെസ്ക്

Published on Jul 07, 2025, 05:59 PM | 1 min read

തിരുവനന്തപുരം: അന്ധവിശ്വാസത്തെ മറയാക്കിയുള്ള കപട ചികിത്സാ സ്ഥാപനങ്ങളുടെ ചൂഷണത്തിന് വിധേയരാകുന്നവരില്‍ വിദ്യാസമ്പന്നരും ഉള്‍പ്പെടുന്നതായി കേരള വനിതാ കമീഷന്‍ ചെയര്‍പേഴ്‌സണ്‍ പി സതീദേവി. ഇത് സംബന്ധിച്ച പരാതികള്‍ വര്‍ധിച്ചുവരുന്നുണ്ട്. ശാസ്ത്രീയമായ ചികിത്സ ലഭ്യമായ, ഗുരുതര സ്വഭാവമുള്ള രോഗങ്ങള്‍ക്കുപോലും പലരും ആശുപത്രിയില്‍ പോകാറില്ല. പകരം അന്ധവിശ്വാസത്തില്‍ അധിഷ്ഠിതമായ കപട ചികിത്സകരുടെ സഹായം തേടുന്നു. ഇക്കാര്യത്തില്‍ സമൂഹം കൂടുതല്‍ ഉണര്‍വോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും സതീദേവി പറഞ്ഞു. വനിതാ കമീഷന്‍ തിരുവനന്തപുരം ജില്ലാതല അദാലത്തിന്റെ ആദ്യദിവസത്തെ ഹിയറിംഗിനുശേഷം പ്രതികരിക്കുകയായിരുന്നു ചെയര്‍പേഴ്‌സണ്‍.


രക്ഷിതാക്കളുടെ വിവാഹേതര ബന്ധങ്ങള്‍ കുട്ടികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ചില കേസുകളില്‍ ഈ കുട്ടികളെ കൗണ്‍സിലിംഗിന് അയക്കേണ്ടിവരുന്നു. കുട്ടികളുടെ പഠനത്തേയും ആരോഗ്യത്തേയും സ്വഭാവത്തേയും ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇതിനൊപ്പമാണ് മാനസികാരോഗ്യവും പ്രതിസന്ധിയിലാവുന്നതെന്നും സതീദേവി ചൂണ്ടിക്കാട്ടി.


പ്രായമായ അമ്മമാരില്‍നിന്നും സ്വത്തും മാസാമാസമുള്ള പെന്‍ഷന്‍ കാശും കൈക്കലാക്കുകയും പിന്നീട് അവരെ പരിരക്ഷിക്കാതിരിക്കുകയും ചെയ്യുന്ന മക്കളെക്കുറിച്ചുള്ള നിരവധി പരാതികളാണ് അദാലത്തിന്റെ പരിഗണനയ്ക്ക് എത്തിയത്. തൈക്കാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ നടക്കുന്ന അദാലത്തിന്റെ ആദ്യദിനത്തില്‍ 150 കേസുകളാണ് പരിഗണിച്ചത്. ഇതില്‍ 15 എണ്ണത്തില്‍ പരിഹാരം കണ്ടു. ഏഴെണ്ണത്തില്‍ റിപ്പോര്‍ട്ട് തേടി. മൂന്നെണ്ണം കൗണ്‍സിലിംഗിനയച്ചു. 125 പരാതികള്‍ അടുത്ത മാസത്തെ അദാലത്ത് വീണ്ടും പരിഗണിക്കും.


അംഗങ്ങളായ എലിസബത്ത് മാമ്മന്‍ മത്തായി, വി ആര്‍ മഹിളാമണി, പി കുഞ്ഞായിഷ എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി. സി ഐ ജോസ് കുര്യന്‍, അഭിഭാഷകരായ അദീന, സരിത, സൂര്യ, രജിത റാണി, കൗണ്‍സിലര്‍ സോണിയ എന്നിവരും പരാതികള്‍ പരിഗണിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home