വീട്ടിൽ പ്രസവം, രക്തം വാർന്ന് യുവതി മരിച്ചത് മനപൂർവമുള്ള നരഹത്യക്ക് തുല്യം: മന്ത്രി വീണാ ജോർജ്

veena
വെബ് ഡെസ്ക്

Published on Apr 07, 2025, 07:00 PM | 2 min read

തിരുവനന്തപുരം: വീട്ടിലെ പ്രസവത്തെ തുടർന്ന് രക്തം വാർന്ന് യുവതി മരിച്ചത് മനപൂർവമുള്ള നരഹത്യക്ക് തുല്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മാതൃമരണ നിരക്കും ശിശുമരണ നിരക്കും ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. പക്ഷേ വർത്തമാന കാലത്ത് ചില തെറ്റായ പ്രവണതകൾ കൂടി നമ്മുടെ സമൂഹത്തിൽ ഉണ്ടാകുന്നു എന്നത് അനഭിലഷണീയമായ കാര്യമാണ്.


കഴിഞ്ഞ ദിവസം ഉണ്ടായ ഒരു അമ്മയുടെ മരണം തികച്ചും നിർഭാഗ്യകരമാണ്. രണ്ടുമൂന്ന് ആഴ്ച മുമ്പ് ആശാ പ്രവർത്തക വീട്ടിൽ പോയപ്പോൾ പുറത്ത് വന്നില്ല എന്ന് ജില്ലയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു. പിന്നീട് ആരോഗ്യ പ്രവർത്തക കണ്ടപ്പോഴും കാര്യം പറഞ്ഞില്ല. പ്രാഥമിക അന്വേഷണത്തിൽ മൂന്നു മണിക്കൂറോളം രക്തം വാർന്ന് അവർക്ക് കിടക്കേണ്ടി വന്നു എന്നറിഞ്ഞു. ഇത് വളരെ ഗൗരവമുള്ള വിഷയമാണെന്നും ശക്തമായി എതിർക്കണമെന്നും മന്ത്രി വ്യക്തമാക്കി. ലോകാരോഗ്യ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനവും സർക്കാർ ആശുപത്രികളിലെ ഡിജിറ്റൽ സംവിധാനങ്ങളുടെ ഉദ്ഘാടനവും മികച്ച ഡോക്ടർമാർക്കുള്ള അവാർഡ് വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.


പതിറ്റാണ്ടുകളായുള്ള പ്രവർത്തനങ്ങളിലൂടെ മാതൃശിശു മരണണങ്ങൾ കുറയ്ക്കാൻ നമുക്കായി. ഇന്ത്യയിൽ ഒരു ലക്ഷം പ്രസവം നടക്കുമ്പോൾ 97 അമ്മമാർ മരിക്കുമ്പേൾ കേരളത്തിൽ അത് 19 മാത്രമാണ്. ഇതിന് അത്യധ്വാനം ചെയ്തത് കേരളത്തിലെ ആരോഗ്യ പ്രവർത്തകരും അവരുടെ ദീർഘവീക്ഷണവും ഇച്ഛാശക്തിയും സർക്കാരിന്റെ നയത്തിന്റെ കൂടി അടിസ്ഥാനത്തിലുമാണ്. ശാസ്ത്രീയ ഇടപെടലിലുടെ, സമൂഹത്തിന്റെ ഇടപെടലിലൂടെ മാതൃ ശിശു മരണങ്ങൾ കുറയ്ക്കാനായി.


ഈ സർക്കാർ വന്നത് കോവിഡ് രണ്ടാം തരംഗ തുടക്കകാലത്താണ്. ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇനിയൊരു ലോക്ഡൗൺ പാടില്ല എന്ന നയമാണ് സ്വീകരിച്ചത്. വാക്‌സിൻ ഫല പ്രദമായി നടപ്പിലാക്കി. മികച്ച പ്രവർത്തനങ്ങളിലൂടെ കേരളം ഒറ്റക്കെട്ടായി കോവിഡിനേയും പിന്നീട് നിപയേയും പ്രതിരോധിച്ചു.


പുതിയ പൊതുജനാരോഗ്യ നിയമം കേരളത്തിൽ നടപ്പിലാക്കി. മനുഷ്യന്റേയും പ്രകൃതിയുടേയും ജീവജാലങ്ങളുടേയും ആരോഗ്യം ഉറപ്പ് വരുത്തുന്ന ഏകാരോഗ്യത്തിൽ ഊന്നിയുള്ളതാണ് ആ നിയമം. 2021ൽ നമ്മുടെ ആശുപത്രികളിൽ സൗജന്യ ചികിത്സ തേടിയവരുടെ എണ്ണം രണ്ടര ലക്ഷമായിരുന്നു. എന്നാൽ 2024 അവസാനത്തിൽ അത് ആറേമുക്കാൽ ലക്ഷമായി വർധിച്ചു. വലിയ വികസന പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിൽ കെസിഡിസിയുടെ പ്രവർത്തനം കൂടി ആരംഭിക്കും. അപൂർവരോഗ ബാധിതരായ കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി കെയർ പദ്ധതി ആരംഭിച്ചു. എഎംആർ രംഗത്ത് രാജ്യത്തിന് മാതൃകയായ പ്രവർത്തനം നടത്തി. കുഞ്ഞുങ്ങളിലെ വൃക്ക രോഗവുമായി ബന്ധപ്പെട്ട് പ്രതീക്ഷ പദ്ധതി ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home