യുവതി കുഴഞ്ഞുവീണു മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

കൊല്ലം : ഛർദിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്വകാര്യ ബാങ്ക് ജീവനക്കാരി മരിച്ചു. ഭക്ഷ്യവിഷബാധയെന്ന് സംശയം. കാവനാട് മണിയത്തുമുക്ക് മുള്ളിക്കാട്ടിൽ ദീപ്തിപ്രഭ (45)യാണ് മരിച്ചത്. ബുധൻ വൈകിട്ട് 4.30നാണ് സംഭവം. ഭക്ഷ്യവിഷബാധയാണെന്ന് സംശയിക്കുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം വാങ്ങിയ ചൂരമീൻ കറിവച്ചു കഴിച്ചതിനെതുടർന്ന് ഭർത്താവ് ശ്യാംകുമാറിനും മകൻ അർജുനും ഛർദിച്ചിരുന്നു.
ദീപ്തിപ്രഭ രാവിലെ ശക്തികുളങ്ങരയിലെ ബാങ്കിൽ ജോലിക്കുപോയി. വൈകിട്ട് ഭർത്താവ് എത്തി വീട്ടിൽ കൂട്ടിക്കൊണ്ടുവന്നയുടനെ ദീപ്തിയും ഛർദിച്ചു കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കൊല്ലത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.
ശ്യാംകുമാർ, അർജുൻ എന്നിവരെ പ്രാഥമിക ചികിത്സ നൽകി വിട്ടു. വിശദമായ പരിശോധനയ്ക്കു ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ ഇവർ കഴിച്ച ഭക്ഷണത്തിന്റെ സാംപിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ശക്തികുളങ്ങര പൊലീസ് അന്വേഷണം ആരംഭിച്ചു.
0 comments