കണ്ണൂരിൽ വീട്ടിൽ പ്രസവം: ഇതരസംസ്ഥാനക്കാരി മരിച്ചു, കുഞ്ഞ് ആശുപത്രിയില്‍

മയ്യിൽ: ചേലേരി മാലോട്ട് പ്രസവത്തിനിടെ ഇതരസംസ്ഥാനക്കാരിയായ യുവതി മരിച്ചു. അസം സ്വദേശിനി ജസ്‌വീന (30) യാണ് മരിച്ചത്. വെളളിയാഴ്ച രാവിലെയാണ് സംഭവം. വാടകവീട്ടിലെ മുറിയിൽവച്ചായിരുന്നു പ്രസവം. ബന്ധുക്കളായ സ്ത്രീകൾ സഹായത്തിനുണ്ടായിരുന്നു. പ്രസവത്തെ തുടർന്ന് തളർന്നുവീണ യുവതിയെ ആരോഗ്യപ്രവർത്തകരും നാട്ടുകാരും ചേർന്ന് ജില്ലാ ആശുപത്രിലെത്തിച്ചെങ്കിലും മരിച്ചു.
നവജാതശിശുവിനെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഒരുമാസം മുമ്പാണ് കുടുംബം മാലോട്ട് വാടകവീട്ടിൽ താമസിക്കാനെത്തിയത്. മാലോട്ട് പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്യുന്ന റസിക്കുളാണ് ഭർത്താവ്. മൂത്ത മകൻ ജോഹിറുൽ ഇസ്ലാമിന് ചൈൽഡ് വെൽഫെയർ അധികൃതരെത്തി സംരക്ഷണമൊരുക്കി. സംഭവത്തെ തുടർന്ന് സ്ഥലത്തുനിന്ന് കാണാതായ ഭർത്താവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ബന്ധുക്കളെത്തിയാൽ വിട്ടുനൽകും. അസ്വഭാവിക മരണത്തിന് മയ്യിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.









0 comments