വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു; ഭർത്താവിനെതിരെ കേസെടുത്തു

പെരുമ്പാവൂർ/ മലപ്പുറം: വീട്ടിൽ പ്രസവിച്ച യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ കേസെടുത്തു. മലപ്പുറം ചട്ടിപ്പറമ്പിൽ വാടകയ്‌ക്ക് താമസിച്ചിരുന്ന പെരുമ്പാവൂർ അറയ്ക്കപ്പടി പ്ലാവിൻചുവട് കൊപ്രമ്പിൽ അസ്മ (35) ആണ് ശനിയാഴ്ച രാത്രി മരിച്ചത്. യുവതിയുടെ അസ്വാഭാവിക മരണത്തിൽ ഭർത്താവും ആലപ്പുഴ സ്വദേശിയുമായ സിറാജുദീനെതിരെയാണ് പെരുമ്പാവൂർ പൊലീസ് കേസെടുത്തത്.
ശനി വൈകിട്ട് ആറിന് പ്രസവിച്ച യുവതി രാത്രി ഒമ്പതിന് മരിച്ചു. പ്രസവശേഷം ശ്വാസതടസ്സം നേരിട്ടിട്ടും ഇവരെ ഭർത്താവ് ആശുപത്രിയിൽ എത്തിച്ചില്ലെന്ന് ബന്ധുക്കളുടെ പരാതിയിൽ പറയുന്നു. ഞായർ രാവിലെ ഏഴിന് നവജാതശിശുവിനെയുംകൊണ്ട് സിറാജുദീനും അഞ്ച് സുഹൃത്തുക്കളും ആംബുലൻസിൽ അസ്മയുടെ മൃതദേഹവുമായി അറയ്‌ക്കപ്പടിയിലെ വീട്ടിലെത്തി. മരണം പൊലീസിനെ അറിയിച്ചില്ല.
ആശുപത്രിയിലേക്ക് എന്നുപറഞ്ഞാണ് ആംബുലൻസ് വിളിച്ചത്. മരണത്തിൽ സംശയംതോന്നി യുവതിയുടെ ബന്ധുക്കൾ പരാതി നൽകിയതോടെ മൃതദേഹം സംസ്കരിക്കുന്നത് പെരുമ്പാവൂർ പൊലീസെത്തി തടഞ്ഞു. ചോരപ്പാടുപോലും മാറാത്ത, അവശനായ നവജാതശിശുവിനെ ബന്ധുക്കൾ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അസ്മയുടേത് ആറാമത്തെ പ്രസവമാണിത്. അഞ്ചുപ്രസവങ്ങളിൽ രണ്ടെണ്ണം ആശുപത്രിയിലും മൂന്നെണ്ണം വീട്ടിലുമാണ് നടത്തിയത്.
സിറാജുദീനും അസ്മയും രോഗംവന്നാൽ ആശുപത്രിയിൽ പോകാറില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ‘മടവൂർ കാഫില’ എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തുന്നയാളാണ് സിറാജുദീൻ. മൃതദേഹം തിങ്കളാഴ്ച പോസ്‌റ്റ്‌മോർട്ടം നടത്തും. സംസ്കാരം പിന്നീട്. മക്കൾ: മുഹമ്മദ് യാസിൻ, അഹമ്മദ് ഫൈസൽ, ഫാത്തിമത്തുൽ സഹറ, അബൂബക്കർ, കദീജ.









0 comments