എഫ്-35ബി തിരിച്ചു പറക്കുമോ; ബ്രിട്ടനിൽ നിന്ന് വിദഗ്ധ സംഘമെത്തി

തിരുവനന്തപുരം : വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ അമേരിക്കൻ നിർമിത എഫ്-35ബി വിമാനത്തിന്റെ സാങ്കേതിക തകരാർ പരിഹരിക്കാനായി വിദഗ്ധ സംഘമെത്തി. ബ്രിട്ടനിൽ നിന്ന് 25 അംഗസംഘമാണ് എത്തിയത്. ഗുരുതരമായ തകരാറായതിനാൽ യുദ്ധവിമാനം എയർലിഫ്റ്റ് ചെയ്യാനാണ് ആലോചന. ഇതിനുള്ള മുന്നൊരുക്കങ്ങളും ആരംഭിച്ചു. സൈനികർ ഉൾപ്പെടെയുള്ള സംഘം വിമാനം വലിച്ചു മാറ്റാനുള്ള ഉപകരണങ്ങളുമായാണ് എത്തുന്നത്. നിർത്തിയിട്ട ഭാഗത്തുവച്ചു തന്നെ തകരാർ പരിഹരിക്കാനുള്ള ശ്രമം നടത്തും. കഴിഞ്ഞില്ലെങ്കിൽ എയർ ഇന്ത്യ ഹാങ്ങറിലേക്ക് വിമാനം വലിച്ചുനീക്കിക്കൊണ്ടുപോകും. അതിനുശേഷം എയർലിഫ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് അന്തിമതീരുമാനമെടുക്കും. തകരാർ പരിഹരിക്കാൻ കഴിയില്ലെന്ന് ഉറപ്പായാൽ ചരക്കുവിമാനമായ സി-17 ഗ്ലോബ്മാസ്റ്റർ വിമാനമെത്തിച്ച് എയർലിഫ്റ്റ് ചെയ്യും.
യുദ്ധവിമാനത്തെ ഗ്ലോബ്മാസ്റ്ററിൽ കയറ്റണമെങ്കിൽ ചിറകുകൾ അഴിച്ചുമാറ്റേണ്ടി വരും. 14 മീറ്റർ നീളവും 11 മീറ്റർ ചിറകുവിസ്താരവുമാണ് എഫ്-35 ബി വിമാനത്തിന്. ഈ പ്രക്രിയ ചെയ്യാൻ വിമാന നിർമാണ കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിൻ പരിശീലിപ്പിച്ച എൻജിനീയർമാർക്ക് മാത്രമേ കഴിയൂ. വിമാന ഭാഗങ്ങൾ അഴിച്ചുമാറ്റുമ്പോൾ ബ്രിട്ടീഷ് സൈന്യം സൂക്ഷ്മമായി നിരീക്ഷിക്കും.
0 comments