സർക്കാരിനെ അട്ടിമറിക്കാനുള്ള അക്രമസമരങ്ങൾ നോക്കിനിൽക്കില്ല: സിഐടിയു

citu
വെബ് ഡെസ്ക്

Published on Jul 06, 2025, 12:07 AM | 1 min read

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാനുള്ള യുഡിഎഫ്– ബിജെപി അക്രമ പരമ്പരകൾക്കെതിരെ തൊഴിലാളികൾ ശക്തമായി പ്രതിഷേധിക്കുമെന്ന്‌ സിഐടിയു. അക്രമ സമരങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണം. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കാൻ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം അഭ്യർഥിച്ചു.


അക്രമസമരങ്ങളിലേക്ക് നീങ്ങുകയാണ് യൂത്ത്‌ കോൺഗ്രസ്‌ ഉൾപ്പെടെയുള്ള പ്രതിപക്ഷവും ബിജെപിയും. കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ അപകടത്തിൽ മരിച്ച ബിന്ദുവിനെ ആരോഗ്യമന്ത്രി കൊന്നതാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വിളിച്ചുപറയുന്നു. അനുയായികളെ ഇളക്കിവിട്ട്‌ പൊതുമുതൽ നശിപ്പിക്കാനും പൊലീസിനെ വെല്ലുവിളിക്കാനും മന്ത്രിമാരെയും ഭരണസംവിധാനങ്ങളെയും ആക്രമിക്കാനും ശ്രമിക്കുകയാണ്‌. ദാരുണമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ എടുക്കാനും കുടുംബങ്ങളെ സഹായിക്കാനും സർക്കാർ ഒപ്പമുണ്ട്.


എൽഡിഎഫ് സർക്കാരിനെ താഴെയിറക്കണമെന്ന മാധ്യമ, -രാഷ്ട്രീയ ഗൂഢാലോചനയാണ്‌ അക്രമങ്ങളിലൂടെ മറനീക്കി പുറത്തുവരുന്നത്‌.

പ്രതിപക്ഷ വിമർശങ്ങളെ മുഖവിലയ്‌ക്കെടുത്ത്‌, ഭരണസംവിധാനത്തിന്റെ പരിമിതികളുണ്ടെങ്കിൽ പരിഹരിച്ചാണ് എൽഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നത്. എന്നാൽ, ജനങ്ങളുടെ സ്വൈര്യജീവിതം അവസാനിപ്പിക്കും എന്നനിലയിൽ ബിജെപിയും കോൺഗ്രസും മാധ്യമങ്ങളുംകൂടി കച്ചകെട്ടിയിറങ്ങിയാൽ, സർക്കാരിനെ സംരക്ഷിക്കാൻ ജനങ്ങൾക്കൊപ്പം സിഐടിയു ഉറച്ചുനിൽക്കും. അക്രമസമരങ്ങൾ കൈയും കെട്ടിനോക്കി നിൽക്കില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home