കെ സ്റ്റോറുകളെ കൂടുതൽ ജനകീയമാക്കും: മന്ത്രി കെ രാജൻ

തൃശൂർ: സാധാരണ റേഷൻ കടയേക്കാൾ ഭിന്നമായി ആളുകൾക്ക് നിത്യോപയോഗത്തിനാവശ്യമായ എല്ലാ സാധനങ്ങളും ലഭ്യമാവുന്ന വിധത്തിൽ കെ സ്റ്റോറുകളെ വികസിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്ന് റവന്യൂ മന്ത്രി കെ രാജൻ. സിവിൽ സ്റ്റേഷൻ ഗവണ്മെന്റ് ഓഫീസേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി നടത്തി വരുന്ന പൊതുവിതരണ കേന്ദ്രത്തിന് അനുവദിച്ച കെ- സ്റ്റോർ പലവ്യഞ്ജന വില്പനകേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ജനക്ഷേമകരമായ ധാരാളം പദ്ധതികളുമായി സർക്കാർ മുന്നോട്ടു പോകുന്നതിനാൽ ഉദ്യോഗസ്ഥരുടെ ജോലി ഭാരം ഏറുകയാണ്. ഭൂരിഭാഗം ഉദ്യോഗസ്ഥരും ഓഫീസ് സമയം കഴിഞ്ഞും ഔദ്യോഗിക ചുമതലകൾ തീർക്കാൻ ഓഫീസിൽ സമയം ചെലവഴിക്കുന്നവരാണ്. അങ്ങനെയുള്ളവർക്ക് ആശ്രയമായിരിക്കും സിവിൽ സ്റ്റേഷനിലെ ഈ കെ- സ്റ്റോർ എന്നും മന്ത്രി പറഞ്ഞു.
ഇപ്പോൾത്തന്നെ പൊതുവിതരണ കേന്ദ്രങ്ങളിൽ നിന്നു ലഭിക്കുന്ന സേവനങ്ങളുടെയും ഉല്പന്നങ്ങളുടെയും ഗുണമേന്മയിൽ നല്ല വർധനവുണ്ടായിട്ടുണ്ട്. സിവിൽ സ്റ്റേഷനു പുറത്തു പോയാൽ മാത്രം ലഭ്യമാവുന്ന ഉല്പന്നങ്ങൾ ഇവിടെ നിന്നുതന്നെ ജീവനക്കാർക്ക് മിതമായ നിരക്കിൽ വാങ്ങാവുന്ന തരത്തിൽ കെ സ്റ്റോറിന്റെ ഘടനയിൽ മാറ്റം വരുത്തും. വിവിധ വകുപ്പുകളെ സിവിൽ സപ്ലൈസ് വകുപ്പുമായി കൂട്ടിയിണക്കി ആ വകുപ്പുകളുടെ കീഴിൽ ലഭ്യമായ മൂല്യവർധിത ഉല്പന്നങ്ങൾ കെ- സ്റ്റോറുകൾ വഴി ന്യായവിലയ്ക്ക് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തുടനീളം 2000 കെ- സ്റ്റോറുകൾ ആരംഭിക്കാനാണ് സർക്കാർ തീരുമാനിച്ചിരുന്നത്. അതിൽ 501 എണ്ണം തൃശൂരാണുള്ളത് എന്നത് അഭിമാനകരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി എസ് പ്രിൻസ്, ജില്ലാ സപ്ലൈ ഓഫീസർ പി ആർ ജയചന്ദ്രൻ, സിവിൽ സ്റ്റേഷൻ ഗവ. ഓഫീസേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ കെ വി സനൽകുമാർ, ഓണററി സെക്രട്ടറി വി ആർ രാജേഷ് എന്നിവർ പ്രസംഗിച്ചു.









0 comments