വന്യജീവി ആക്രമണം: വനത്തിനുള്ളിലെ മരണത്തിനും 10 ലക്ഷം രൂപ ധനസഹായം

wild elephant athirappally
വെബ് ഡെസ്ക്

Published on May 13, 2025, 09:21 PM | 1 min read

തിരുവനന്തപുരം: വനത്തിനുള്ളിൽ വന്യജീവി സംഘർഷങ്ങളിൽ മരണപ്പെട്ടാലും പത്തുലക്ഷം രൂപ ധനസഹായം സർക്കാർ അനുവദിക്കും. സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽ നിന്ന് നാല് ലക്ഷവും വനം വന്യജീവി വകുപ്പിൽ നിന്ന് ആറ് ലക്ഷം രൂപയുമാണ് ധനസഹായം അനുവദിക്കുക. മനുഷ്യ - വന്യജീവി സംഘർഷം സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ പുതുക്കിയ ദുരിതാശ്വാസ മാനദണ്ഡവും വിവിധ വകുപ്പുകളുടെ ചുമതലയും സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി.


മരണ കാരണമായ വന്യജീവി ആക്രമണം നടന്നത് വനത്തിനുള്ളിൽ വച്ചാണോ വനത്തിന് പുറത്തുവച്ചാണോ എന്നത് കണക്കിലെടുക്കാതെ ദുരിതാശ്വാസ ധനസഹായം അനുവദിക്കും. മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങളിലും, മുന്നൊരുക്ക പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്കും ഈ ദുരിതാശ്വാസ സഹായം നൽകും.


പാമ്പ്, തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണത്തിൽ മരണപ്പെട്ടാൽ എസ്ഡിആർഎഫിൽ നിന്ന് നാല് ലക്ഷം രൂപ ധനസഹായം അനുവദിക്കും. നാൽപ്പതു മുതൽ അറുപതു ശതമാനംവരെയുള്ള അംഗവൈകല്യത്തിന്‌ ദുരന്ത പ്രതികരണ നിധിയിൽ നിന്ന്‌ 74,000 രൂപയും വനംവകുപ്പിൽനിന്നുള്ള 1,26,000 രൂപയും ഉൾപ്പെടെ രണ്ടു ലക്ഷം രൂപ ലഭിക്കും. കൈ, കാൽ, കണ്ണ്‌ എന്നിവ നഷ്ടപ്പെട്ടാലും ഈ സഹായം ലഭിക്കും. 60 ശതമാനത്തിലുള്ള അംഗവൈകല്യത്തിന്‌ 2.5 ലക്ഷം രൂപയാണ്‌ സഹായം. ദുരന്ത പ്രതികരണ നിധിയിൽനിന്നാണ്‌ തുക അനുവദിക്കുക.


ഒരാഴ്ചയിൽ കൂടുതൽ ആശുപത്രിവാസം വേണ്ടി വരുന്ന ഗുരുതരമായ പരിക്കേറ്റാൽ ഒരുലക്ഷം രൂപവരെ ധനസ​ഹായം നൽകും. ഒരാഴ്ചയിൽ കുറവാണെങ്കിൽ എസ്ഡിആർഎഫിൽ നിന്ന് 5,400 രൂപ മുതൽ 10,000 രൂപവരെ ലഭിക്കും. വീടുകൾ പൂർണമായോ ഭാഗികമായോ തകർന്ന കുടുംബങ്ങൾക്ക്‌ വസ്‌ത്രങ്ങൾക്കും വീട്ടുപകരണങ്ങൾക്കും 2500 രൂപ വീതം ലഭിക്കും.




deshabhimani section

Related News

View More
0 comments
Sort by

Home