വന്യജീവി നിയമഭേദഗതി ബിൽ; സർക്കാർ മലയോര ജനതയുടെ വികാരം തിരിച്ചറിഞ്ഞു: ഓർത്തഡോക്സ് സഭ

കോട്ടയം: വന്യജീവികൾ മൂലം ജീവനും സ്വത്തിനും ഭീഷണി നേരിടുന്ന മലയോരജനതയുടെ ദുരിതം സർക്കാർ തിരിച്ചറിഞ്ഞത് സ്വാഗതാർഹമെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. വന്യജീവി സംരക്ഷണ നിയമഭേദഗതിയെ മലയോര ജനത പ്രതീക്ഷയോടെയാണ് കാണുന്നത്. ഭേദഗതി നടപ്പായാൽ ജനത്തെ ആക്രമിക്കുന്ന വന്യജീവികളെ വെടിവച്ച് കൊല്ലുന്നതിന് ചീഫ് വൈൽഡ് ലൈഫ് വാർഡന് മുന്നിൽ തടസ്സങ്ങളില്ലാതാകും. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെയടക്കം ക്ഷുദ്രജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തി നിയന്ത്രിക്കാൻ കഴിയും.
സർക്കാർ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ 300 പഞ്ചായത്തുകൾ മനുഷ്യ വന്യജീവി സംഘർഷബാധിതമാണ്. ഇതിൽ 30 പഞ്ചായത്തുകൾ തീവ്ര ഹോട്ട്സ്പോട്ടുകളും. 2015 മുതൽ സംസ്ഥാനത്ത് വന്യമൃഗ ആക്രമണത്തിൽ ആയിരത്തിലധികം പേർക്കാണ് ജീവൻ നഷ്ടമായത്. മലയോരജനതയുടെ ജീവിതം എത്രത്തോളം ദുസ്സഹമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇത്തരമൊരു പശ്ചാത്തലത്തിൽ പുതിയ ഭേദഗതി ആശ്വാസകരമാണെന്ന് ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ പറഞ്ഞു.









0 comments