Deshabhimani
ad

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു

wild elephant
വെബ് ഡെസ്ക്

Published on Jun 13, 2025, 04:24 PM | 1 min read

പീരുമേട്: ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. പീരുമേട് തോട്ടാപ്പുര ഭാഗത്ത് താമസിക്കുന്ന(50) ആണ് മരിച്ചത്. പീരുമേടിന് സമീപം വനത്തിനുള്ളിൽ വച്ചായിരുന്നു അപകടം. ഭർത്താവിനും മക്കൾക്കും ഒപ്പം വനവിഭവങ്ങൾ ശേഖരിക്കാൻ പോയതായിരുന്നു സീത.


ജനവാസ മേഖലയിൽ നിന്നും മൂന്നു കിലോമീറ്റർ ഉള്ളിൽ അഴുതയാറിന് സമീപം മീൻമുട്ടി ഭാഗത്തുവച്ച് വെള്ളിയാഴ്ച പകൽ 2.30 ഓടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. സീത, ഭർത്താവ് വിനു, മക്കളായ ഷാജിമോൻ, അജിമോൻ എന്നിവർ വെള്ളിയാഴ്ച രാവിലെയാണ് വനവിഭവങ്ങൾ ശേഖരിക്കാൻ വനത്തിലേക്ക് പോയത്. ഉൾഭാഗത്തേക്ക് നടന്നു പോകവെ അപ്രതീക്ഷിതമായി ഇവർ ആനയുടെ മുന്നിൽ പെടുകയായിരുന്നു. മഞ്ഞും നേരിയ മഴയും മൂലം ആന നിൽക്കുന്നത് ശ്രദ്ധിച്ചിരുന്നില്ല. ആനയുടെ മുന്നിൽപ്പെട്ട സീതയെ തുമ്പിക്കൈ കൊണ്ട് ആന അടിക്കുകയായിരുന്നു.


ഭർത്താവ് വീട്ടിൽ വിളിച്ചറിയിച്ചിരുന്നതിനെത്തുടർന്ന് ബന്ധുക്കളും നാട്ടുകാരും സംഭവസ്ഥലത്തെത്തി. ഉടൻതന്നെ ആംബുലൻസുമായി സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതർ സീതയെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പൊലീസ് എത്തി ഇൻവെസ്റ്റ് തയ്യാറാക്കി പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.




deshabhimani section

Related News

View More
0 comments
Sort by

Home