വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അറുമുഖൻ
കൽപ്പറ്റ: മേപ്പാടി എരുമക്കൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ തമിഴ്‌നാട് സ്വദേശിയായ വയോധികൻ മരിച്ചു. മേപ്പാടി പൂളക്കുന്ന് ഉന്നതിയ്‌ക്ക് സമീപം താമസിക്കുന്ന അറുമുഖൻ(65)നാണ് മരിച്ചത്. വ്യാഴം രാത്രി എട്ടോടെയാണ് സംഭവം. രാത്രി മേപ്പാടിയിൽ നിന്നും പൂളക്കുന്നിലെ വീട്ടിലേക്ക് പോകുംവഴി തേയിലതോട്ടത്തിനുള്ളിലെ നടപാതയിൽവച്ചാണ് കാട്ടാനയുടെ അക്രമണം. ജനങ്ങൾ സ്ഥിരമായി സഞ്ചരിക്കുന്ന പാതയാണിത്. ഏറെ നേരമായിട്ടും അറുമുഖനെ കാണാത്തതിനെതുടർന്ന് വീട്ടുകാരും പ്രദേശവാസികളും നടത്തിയ തെരച്ചലിലാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിൽ നിരവധി മുറിവുകളുണ്ട്.
സംഭവം അറിഞ്ഞ ഉടൻ മേപ്പാടി പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിക്കാതെ പ്രദേശവാസികൾ പ്രതിഷേധിച്ചു. എരുമക്കൊല്ലിയിലെ തേയില തോട്ടങ്ങളിലും ജനവാസ കേന്ദ്രത്തിലും ആനശല്യം രൂക്ഷമാണ്. എളമ്പിലേരിയിലെ ഏലതോട്ടത്തിൽ വർഷങ്ങളായി ജോലിചെയ്യുകയാണ് അറുമുഖൻ. യമുനയാണ് ഭാര്യ. മക്കൾ: സത്യൻ, രാജൻ.









0 comments