മുണ്ടക്കയത്ത് കാട്ടാന ആക്രമണം; വൃദ്ധദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

മുണ്ടക്കയം: കോട്ടയം മുണ്ടക്കയത്ത് കാട്ടാന ആക്രമണം. വൃദ്ധദമ്പതികൾ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കോരുത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തിയിൽ പടലിക്കാട്ടിൽ ദാസനും ഭാര്യ പുഷ്പയും താമസിക്കുന്ന വീടിന് നേരെയാണ് കാട്ടാന ആക്രമണമുണ്ടായത്.
വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് കാട്ടാന ആക്രമണമുണ്ടായത്. വൈകുന്നേരം മുതൽ ആനയുടെ സാന്നിധ്യം മേഖലയിൽ ഉണ്ടെന്ന വിവരം ലഭിച്ചതോടെ റബ്ബർ ഷീറ്റ് ഡിഷ് അടിച്ച് ശബ്ദം ഉണ്ടാക്കിയിരുന്നു. ഇതോടെ ആന കാടുകയറി. എന്നാൽ രാത്രി വീണ്ടുമെത്തി കപ്പത്തോട്ടത്തിലെ കൃഷി നശിപ്പിച്ചു.
ശബ്ദം കേട്ട് പുറത്തിറങ്ങിയ പുഷ്പയ്ക്കു നേരെ ആന പാഞ്ഞടുത്തു. ഓടി മാറിയതിനാലാണ് പുഷ്പ രക്ഷപ്പെട്ടത്. ഇതിന് പിന്നാലെ പ്ലാക്കൽ സജിമോന്റെ വീടിന് സമീപവും ആനയെത്തി. വീട്ടുകാർ ബഹളം വച്ചതോടെ തിരികെ പോവുകയായിരുന്നു. പരിസര പ്രദേശങ്ങളിലെ കൃഷി നശിപ്പിച്ചതായും വ്യാപക പരാതിയുണ്ട്.
മേഖലയിൽ ഏറെ നാളായി കാട്ടാനശല്യം അതി രൂക്ഷമാണ്. ജനങ്ങൾക്ക് ഭീഷണിയായ ആനയെ എത്രയും വേഗം പിടികൂടി കാട്ടിലേക്ക് അയക്കണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.









0 comments