മലക്കപ്പാറയിൽ കാട്ടാന ആക്രമണത്തിൽ വയോധിക മരിച്ചു

പ്രതീകാത്മകചിത്രം
മലക്കപ്പാറ : മലക്കപ്പാറയിൽ കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. മലക്കപ്പാറ- തമിഴ്‌നാട് ചെക്ക് പോസ്റ്റ് സമീപം താമസിക്കുന്ന മേരി (67) ആണ് മരിച്ചത്. കേരള ചെക്ക്പോസ്റ്റിൽ നിന്ന് 100 മീറ്റർ അകലെ തമിഴ്നാട് പരിധിയിലാണ് സംഭവം. മലക്കപ്പാറ- വാൽപ്പാറ അതിർത്തിയിൽ ഷോളയാർ ഡാമിന്റെ വലതുകര ഭാഗത്താണ് ഇവരുടെ വീട്. ഇന്ന് പുലർച്ചെ ഒരുമണിയോടു കൂടിയാണ് അപകടമുണ്ടായത്. വീടിനു സമീപത്ത് ശബ്ദം കേട്ടതിനെത്തുടർന്ന് പുറത്തിറങ്ങിയ മേരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. മേരിയുടെ ഒപ്പം മകളും ഉണ്ടായിരുന്നതായാണ് വിവരം. ഇവർ പരിക്കേൽക്കാതെ രക്ഷപെട്ടു.
തമിഴ്നാട് പൊലീസും വനംവകുപ്പും റവന്യൂ അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം വാൽപ്പാറ സർക്കാർ ആശുപത്രിയിലേക്ക് മാറ്റും. തുടർന്ന് പോസ്റ്റ്മോർട്ടം നടപടിക്കായി മൃതദേഹം പൊള്ളാച്ചി ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് വിവരം.
നിരന്തരം കാട്ടാനയുടെ സാന്നിധ്യമുണ്ടാകുന്ന പ്രദേശമാണിതെന്ന് നാട്ടുകാർ പറഞ്ഞു. വീടിന്റെ പരിസരത്ത് കാട്ടാനയുടെ കാൽപ്പാടുകൾ കണ്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. മലക്കപ്പാറയിൽ ഒരു മാസം മുമ്പും കാട്ടാന ഒരാളെ കൊലപ്പെടുത്തിയിരുന്നു. തേൻ ശേഖരിക്കാൻ പോയ വയോധികനാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
0 comments