വന്യജീവി ആക്രമണ പ്രതിരോധം ; തീവ്രയജ്ഞം ഒന്നാംഘട്ടം പൂർത്തിയായി , ലഭിച്ചത് 17,955 പരാതി

തിരുവനന്തപുരം
വന്യജീവി ആക്രമണം പ്രതിരോധിക്കാനായി വനം വകുപ്പ് ആവിഷ്കരിച്ച ‘സംഘർഷ ലഘൂകരണ തീവ്രയജ്ഞ’ത്തിന്റെ ഒന്നാംഘട്ടം പൂർത്തിയായി.
സെപ്തംബർ 16മുതൽ മലയോര പഞ്ചായത്തുകളിലും റെയ്ഞ്ച് ഓഫീസുകളിലും ഹെൽപ്പ് ഡെസ്‌കും പരാതിപ്പെട്ടിയും സ്ഥാപിച്ചിരുന്നു. 17,955 പരാതികളും നിർദേശങ്ങളുമാണ് ലഭിച്ചത്. പതിനാലായിരത്തോളം പരാതികൾ സമാന സ്വഭാവമുള്ളവയാണ്. ഇത്തരം പരാതികൾ ധാരാളമായി ലഭിച്ച പഞ്ചായത്തുകളിൽ പരാതിപരിഹാരത്തിനായി പ്രത്യേക യോഗങ്ങൾ നടത്തും. ഒന്നാം ഘട്ടത്തിൽ രണ്ടുതവണ പഞ്ചായത്തുതല അവലോകന യോഗങ്ങൾ നടത്തി റെയ്ഞ്ച്, ഡിവിഷൻ തലങ്ങളിൽ തീർപ്പാക്കാൻ കഴിയുന്നവ തീർപ്പാക്കിയിട്ടുണ്ട്. ബാക്കിയുള്ളവ അടുത്ത ഘട്ടങ്ങളിലായി പരിഹരിക്കും.
പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുൾപ്പെട്ട പഞ്ചായത്തുതല സമിതി രൂപീകരിച്ച് വിവരശേഖരണം നടത്തുന്നു. പരാതികളിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് വാരാവലോകനം നടത്തും. നടപടി തൃപ്തിയായില്ലെങ്കിൽ സമിതി ചെയർമാനെ അറിയിക്കാം. ബുധൻമുതൽ രണ്ടാംഘട്ടം ആരംഭിക്കുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പ്രമോദ് ജി കൃഷ്ണൻ അറിയിച്ചു. അടുത്ത നാലുദിവസമായി പരാതികൾ തരംതിരിച്ച് ക്രോഡീകരിക്കും. ആറുമുതൽ പത്തുവരെ ദിവസങ്ങളിൽ ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രിയുടെ അധ്യക്ഷതയിൽ കലക്ടറടക്കമുള്ള ജില്ലാതല ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കുന്ന യോഗങ്ങൾ നടക്കും. ജില്ലാതലത്തിൽ മറ്റുവകുപ്പുകളുടെയും ത്രിതല പഞ്ചായത്തുകളുടെയും സഹകരണത്തോടെ പരിഹരിക്കാവുന്ന പരാതികൾക്കാണ് രണ്ടാംഘട്ടത്തിൽ ഊന്നൽ. 16 മുതൽ മൂന്നാംഘട്ടം. മന്ത്രിമാരും വകുപ്പ് മേധാവികളും ത്രിതല പഞ്ചായത്ത് പ്രതിനിധികളും പങ്കാളികളാകും. സംഘർഷബാധിത പ്രദേശങ്ങളെ ക്ലസ്റ്ററുകളാക്കും. 300 പഞ്ചായത്തുകൾ സംഘർഷബാധിതമാണ്. ഇതിൽ 30 പഞ്ചായത്ത് ഹോട്ട്‌സ്പോട്ടുകൾ.









0 comments