കിണർ ഇടിഞ്ഞ് മണ്ണിനടിയിൽപ്പെട്ട തൊഴിലാളി മരിച്ചു

പാലാ : ആഴം കൂട്ടുന്നതിനിടെ കിണർ ഇടിഞ്ഞ് മണ്ണിനടിയിൽപ്പെട്ട തൊഴിലാളി മരിച്ചു. തമിഴ്നാട് കമ്പം സ്വദേശി രാമൻ(48) ആണ് മരിച്ചത്. പാലാ വിളക്കുംമരുതിൽ കുടിവെള്ള പദ്ധതിക്കുള്ള കിണറി ന്റെ ആഴം കൂട്ടുന്നതിനിടെയായിരുന്നു അപകടം. ബുധൻ പകൽ 12.30ന് മീനച്ചിൽ പഞ്ചായത്തിലെ പാലാക്കാട് സിയോൺ ബേക്കറി ഭാഗത്തായിരുന്നു സംഭവം. തമിഴ്നാട് സ്വദേശികളായ നാലു തൊഴിലാളികളാണ് കിണറിനുള്ളിൽ ജോലി ചെയ്തുകൊണ്ടിരുന്നത്.
മീനച്ചിൽ പഞ്ചായത്ത് 11-ാം വാർഡിലെ വട്ടോത്തുകുന്നേൽ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പത്ത് വർഷം മുമ്പ് നിർമ്മിച്ച കിണറാണിത്. പദ്ധതി മാർച്ച് മാസത്തോടെ കമീഷൻ ചെയ്യുന്നതിൻ്റെ ഭാഗമായി കിണറിന് ആഴം കൂട്ടി കോൺക്രീറ്റ് വളയങ്ങൾ ഇറക്കുന്ന ജോലിയിലായിരുന്നു തൊഴിലാളികൾ. ഇതിനായി അടിയിലെ പാറപൊട്ടിച്ച് നീക്കം ചെയ്യുന്നതിനിടെ കോൺക്രീറ്റ് വളയങ്ങളും മണ്ണും പാറക്കഷ്ണങ്ങളും ഇടിഞ്ഞ് വീഴുകയായിരുന്നു. പഴയ കോൺക്രീറ്റ് വളയങ്ങൾ ഉറപ്പിച്ചു നിർത്തിയിരുന്ന പാറ ഇളകി വന്ന് രാമന്റെ മേൽ പതിക്കുകയായിരുന്നു.
ഒപ്പം ജോലി ചെയ്തിരുന്ന കമ്പം സ്വദേശികളായ സതീഷ്, സുരേഷ്, ബാലമുരുകൻ എന്നിവർ കിണർ ഇടിഞ്ഞ് വീഴുന്നതിനിടെ വടത്തിൽതൂങ്ങി രക്ഷപ്പെട്ടു. രാമനെ രക്ഷപെടുത്താൻ ഇവർ ശ്രമിച്ചെങ്കിലും മണ്ണിനടിയിൽപ്പെടുകയായിരുന്നു. സമീപത്തെ ചെറുതോട്ടിൽ കെട്ടിക്കിടന്ന വെളളം ഉറവയായി കിണറ്റിലേയ്ക്ക് എത്തിയതും രക്ഷാപ്രവർത്തനത്തിന് തടസമായി.
അഞ്ച് മണിക്കൂറിലധികം നീണ്ട ശ്രമത്തിനൊടുവിൽ 6.15നാണ് രാമനെ പുറത്തെടുത്തത്. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. രാമപുരം സ്വദേശി കരാർ എടുത്ത ജോലി ഉപ കരാർ എടുത്ത് ജോലിക്കെത്തിയതായിരുന്നു സംഘം. രാമൻ്റെ ഭാര്യ: ധനം. മക്കൾ: സൂര്യ, സതീഷ്.









0 comments