നവംബറിൽ ക്ഷേമ പെൻഷൻ 3600 രൂപ; 1864 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ എൻ ബാലഗോപാൽ

K N Balagopal Pinarayi Vijayan
വെബ് ഡെസ്ക്

Published on Oct 31, 2025, 12:16 PM | 2 min read

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് നവംബറിൽ 3600 രൂപ വീതം ക്ഷേമ പെൻഷൻ ലഭിക്കും. ഇതിനായി 1864 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. വർധിപ്പിച്ച 2000 രൂപ പെൻഷൻ നവംബറിൽ തന്നെ വിതരണം ആരംഭിക്കുകയാണ്. അതിനോടൊപ്പമാണ് നേരത്തെ ഉണ്ടായ കുടിശികയിലെ അവസാന ഗഡുവും ലഭിക്കുക. നവംബർ 20 മുതൽ പെൻഷൻ വിതരണം ആരംഭിക്കും.


വർധിപ്പിച്ച പെൻഷൻ വിതരണത്തിന് 1042 കോടി രൂപയും ഒരു ഗഡു കുടിശിക വിതരണത്തിന് 824 കോടി രൂപയുമാണ് അനുവദിച്ചത്. ഇതോടെ ക്ഷേമ പെൻഷൻ കുടിശിക പൂർണമായും കൊടുത്തു തീർക്കുകുകയാണെന്നും മന്ത്രി വ്യക്തമാക്കി. പ്രഖ്യാപിച്ച ആനുകൂല്യങ്ങളെല്ലാം സമയബന്ധിതമായി നൽകുമെന്നതിൽ വിട്ടുവീഴ്‌ചയില്ലാതെ മുന്നേറുകയാണ് സംസ്ഥാന സർക്കാർ. കേന്ദ്ര സർക്കാർ നയ സമീപനങ്ങളുടെ ഭാഗമായി 2023-24 സാമ്പത്തിക വർഷത്തിൽ സംസ്ഥാനം നേരിടേണ്ടിവന്ന കടുത്ത സാമ്പത്തിക ഞെരുക്കത്തിൻ്റെ പശ്ചാത്തലത്തിലാണ് ക്ഷേമ പെൻഷൻ അഞ്ചു ഗഡു കുടിശികയായത്. അവയുടെ വിതരണത്തിനായുള്ള സമയക്രമം 2024 ജൂലൈയിൽ മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. അത് അനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വർഷം കുടിശികയുടെ രണ്ടു ഗഡുക്കൾ നൽകി. ഈ സാമ്പത്തിക വർഷത്തിൻ്റെ പകുതിയിൽ തന്നെ ബാക്കിയുള്ളതിൽ രണ്ടു ഗഡുക്കളുടെയും വിതരണം പൂർത്തിയാക്കിയിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് അവസാന ഗഡു കുടിശികയും നൽകുന്നത്. 2024 ഏപ്രിൽ മുതൽ അതാത് മാസം തന്നെ പെൻഷൻ ഗുണഭോക്താക്കളുടെ കൈകളിലെത്തുന്നു.


ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് ഇത്രയേറെ വിപുലമായ ഒരു സാമൂഹൃ സുരക്ഷാ പദ്ധതിയുള്ളത്. സാർവ്വത്രിക ക്ഷേമ പെൻഷൻ ഉറപ്പാക്കിയ ഏക സംസ്ഥാനം കേരളമാണ്. പ്രതിമാസം മുടക്കമില്ലാതെ 62 ലക്ഷത്തോളം പേർക്കാണ് പെൻഷൻ ലഭിക്കുന്നത്. ഗുണഭോക്താക്കളിൽ പകുതിയോളം പേർക്ക് ബാങ്ക് അക്കൗണ്ട് വഴിയും, ബാക്കിയുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലും പെൻഷൻ എത്തിക്കുന്നു. വർധിപ്പിച്ച പെൻഷൻ വിതരണത്തിന് പ്രതിമാസം 1050 കോടിയോളം രൂപ വേണ്ടി വരും. പ്രതിവർഷ ചെലവ് 13,000 കോടിയോളം രൂപ വകയിരുത്തണം. ഈ സർക്കാർ ഇതുവരെ ക്ഷേമ പെൻഷൻ വിതരണത്തിന് അനുവദിച്ചത് 45,517 കോടി രൂപയാണ്. ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലയളവിൽ 35,154 കോടി രൂപ വിതരണം ചെയ്തു. ഇത് 2011-16 കാലത്തെ 18 മാസത്തെ കുടിശ്ശികയുൾപ്പെടെയാണ്. ഒമ്പതര വർഷംകൊണ്ട് സർക്കാർ ചെലവിട്ടത് 80, 671 കോടി രൂപ.


ക്ഷേമ പെൻഷനിലെ കേന്ദ്ര വിഹിതമുള്ളത് 8.46 ലക്ഷം പേർക്കുമാത്രമാണ്. കേന്ദ്ര സർക്കാരിൽനിന്ന് ശരാശരി 300 രൂപവരെയാണ് വ്യക്തികൾക്ക് ലഭിക്കുന്നത്. ഇതിലും 400 കോടിയിൽ അധികം രൂപ കേരളത്തിന് തരാനുണ്ട്. ഈ തുക കൂടി സംസ്ഥാന സർക്കാർ മുൻകൂർ നൽകുന്നു.

ക്ഷേമപെൻഷൻ 600 രൂപയിൽ നിന്ന് 2000 രൂപയായി വർധിപ്പിച്ചത് പിണറായി സർക്കാരുകളാണ്. 2011ലെ ഉമ്മൻചാണ്ടി സർക്കാർ 100 രൂപ വർധിപ്പിച്ച് 600 രൂപയാക്കിയ ക്ഷേമപെൻഷൻ ഒന്നാം പിണറായി സർക്കാർ 1600 രൂപയിലേക്ക് ഉയർത്തി. അത് ഈ സർക്കാർ 2000 രൂപയായി വർധിപ്പിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home