സന്തോഷയാത്ര... ഇത് ഹൃദയംനിറച്ച കത്ത്

സുപ്രിയ സുധാകർ
Published on Jan 26, 2025, 05:01 AM | 1 min read
തലശേരി: സ്‌കൂളിലെ എല്ലാവർക്കും വിനോദയാത്ര പോകാനായതിന് നന്ദി അറിയിച്ചുള്ള കത്തിൽ സ്‌കൂൾ കെട്ടിടത്തിന്റെ പഴക്കംകൂടി സൂചിപ്പിക്കാൻ കുഞ്ഞുഫാത്തിമ മറന്നില്ല. 103 വർഷം പഴക്കമുള്ള സ്‌കൂൾ ഇപ്പോഴും പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിലാണെന്ന ഫാത്തിമയുടെ കത്തിന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി സമൂഹമാധ്യമത്തിൽ മറുപടിക്കുറിപ്പിട്ടു. ‘കാര്യങ്ങൾ പരിശോധിക്കാം, ഹൃദയം നിറഞ്ഞു... ഏറെ സന്തോഷം’ എന്ന് കത്തിന് മന്ത്രി സമൂഹമാധ്യമത്തിലൂടെ മറുപടി നൽകി. കതിരൂർ ഗവ. യുപി സ്‌കൂളിലെ ആറാം ക്ലാസുകാരി എം പി ഫാത്തിമയാണ് വിനോദയാത്രയുടെ സന്തോഷം പങ്കുവച്ച് മന്ത്രിക്ക് കത്തെഴുതിയത്.
യാത്രക്ക് പണം സംഘടിപ്പിക്കാനാകാത്ത കുട്ടികളെയും സൗജന്യമായി കൊണ്ടുപോകണമെന്ന സർക്കാർ നിർദേശത്തെതുടർന്ന് ഇത്തവണത്തെ ഫാത്തിമയുടെയും മറ്റും വിനോദയാത്ര സ്പോൺസർഷിപ്പിലായിരുന്നു. പണമില്ലാതെ ഒരുകുട്ടിയുടെയും യാത്ര മുടങ്ങരുതെന്ന മന്ത്രിയുടെ വാക്കുകളാണ് ഇതിന് കാരണമെന്നും ഫാത്തിമ കത്തിൽ കുറിച്ചു. പൂർവവിദ്യാർഥികൂടിയായ സി കെ അബ്ദുൾ മജീദാണ് യാത്രാസൗകര്യമൊരുക്കിയത്.
മൈസൂരുവിലേക്കായിരുന്നു രണ്ടുദിവസത്തെ സന്തോഷയാത്ര. മൂന്നുമുതൽ ഏഴുവരെ ക്ലാസിലെ 40 കുട്ടികളും അധ്യാപകരും പിടിഎ പ്രതിനിധികളുമാണ് യാത്രയിലുണ്ടായത്. 1920ൽ സ്ഥാപിതമായ സ്‌കൂൾ പള്ളിക്കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പ്രീപ്രൈമറി മുതൽ ഏഴാംക്ലാസ് വരെ 62 കുട്ടികളുണ്ട്. സ്‌കൂളിന് സ്വന്തമായി കെട്ടിടം നിർമിക്കണമെന്നാണ് ആവശ്യം. കത്തിൽ കുറിച്ച കാര്യങ്ങൾ പരിശോധിക്കുമെന്ന മന്ത്രിയുടെ മറുപടിയിൽ സന്തോഷത്തിലാണ് ഫാത്തിമയും കൂട്ടുകാരും.









0 comments