ദുരന്തബാധിതർക്ക്‌ ദേശാസാൽകൃത 
ബാങ്കുകളിലുള്ളത്‌ 21.4 കോടി രൂപ വായ്‌പ

മനുഷ്യത്വം വേണ്ടേ... ‘ജയിലിൽ അടച്ചോട്ടെ, 
വായ്‌പ തിരിച്ചടയ്‌ക്കാൻ നിർവാഹമില്ല’

Wayanad Tragedy victims
avatar
വി ജെ വർഗീസ്‌

Published on Oct 09, 2025, 03:24 AM | 1 min read


കൽപ്പറ്റ

‘ജപ്‌തിചെയ്യാൻ ഒന്നുമില്ല. ഞങ്ങളെ ജയിലിൽ അടച്ചോട്ടെ, വായ്‌പ തിരിച്ചടയ്‌ക്കാൻ നിർവാഹമില്ല. എത്രകാലം വേണമെങ്കിലും ജയിലിൽ കിടന്നോളാം’–മുണ്ടക്കൈ ഉരുൾപൊട്ടലിൽ സർവവും നഷ്‌ടപ്പെട്ട ചൂരൽമല സ്വദേശി കെ വിജയകുമാർ നെഞ്ചുലഞ്ഞ്‌ പറയുന്പോൾ അരികിൽ കണ്ണുനിറഞ്ഞ്‌ ഭാര്യ സത്യവതിയുമുണ്ട്‌.


‘ഇട്ട ചെരിപ്പുമാത്രമായി ജീവനുംകൊണ്ട്‌ ഓടിയതാണ്‌. വീടും സ്ഥലവും ഒലിച്ചുപോയി. സംസ്ഥാന സർക്കാർ മാസംതരുന്ന പൈസകൊണ്ടാണ്‌ ജീവിക്കുന്നത്‌. ബാങ്കിലെ കടം എങ്ങനെ വീട്ടാനാണ്‌. അൽപ്പമെങ്കിലും മനുഷ്യത്വംവേണ്ടേ’–സത്യവതി ചോദിച്ചു.


ഒമ്പത്‌ ലക്ഷത്തോളം രൂപയുടെ കടമാണ്‌ കേരള ഗ്രാമീൺ ബാങ്കിന്റെ ചൂരൽമല ശാഖയിലുള്ളത്‌. തോട്ടം തൊഴിലാളിയായിരുന്ന വിജയകുമാർ വിരമിച്ചശേഷം വീടിനോട്‌ ചേർന്ന്‌ ഹോംസ്റ്റേ തുടങ്ങി. ഇതിനായി ആകെയുള്ള 33 സെന്റും വീടും, ഭാര്യയുടെയും ബന്ധുക്കളുടെയും ആഭരണങ്ങളും പണയപ്പെടുത്തി വായ്‌പയെടുത്തു. 25 ലക്ഷത്തോളം രൂപയായി. സഞ്ചാരികൾ വന്നിരുന്നതിനാൽ തിരിച്ചടവ്‌ കൃത്യമായിരുന്നു. ഒന്നരവർഷം ആയപ്പോഴേക്കും എല്ലാം ഉരുളെടുത്തു. വീടും ഹോംസ്റ്റേയുമുണ്ടായിരുന്ന ഇടം ഇപ്പോൾ പാറക്കൂട്ടമാണ്‌.


മേപ്പാടി മാനിവയലിൽ സംസ്ഥാന സർക്കാർ നൽകിയ വാടകവീട്ടിലാണ്‌ കഴിയുന്നത്‌. രണ്ട്‌ മക്കളും വിജയകുമാറിന്റെ കിടപ്പുരോഗിയായ അമ്മയും ഒപ്പമുണ്ട്‌. ദുരന്തബാധിതരുടെ കടം എഴുതിത്തള്ളാനാവില്ലെന്ന്‌ കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്‌ അറിഞ്ഞതുമുതൽ വിജയകുമാറും സത്യവതിയും വീട്ടിനുള്ളിൽ ഒരേയിരിപ്പാണ്‌, ഉരുളെടുത്ത ജീവിതം വീണ്ടും ഇരുളടയുമോയെന്ന ആശങ്കയിൽ.

21.4 കോടിയോളം രൂപയാണ്‌ ദുരന്തബാധിതർക്ക്‌ ദേശാസാൽകൃത ബാങ്കുകളിലെ വായ്‌പ. കേരള ബാങ്കിലെ വായ്‌പ എഴുതിത്തള്ളി സംസ്ഥാനം മാതൃകയായതാണ്‌. 207 വായ്‌പകളിലായി 5.81 കോടി രൂപയാണ് തള്ളിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home