മുണ്ടക്കൈ ദുരന്തം ; ഒറ്റപ്പെട്ടവർക്കായി വഴി ഒരുക്കും , ടൗൺഷിപ്പ് ഗുണഭോക്തൃ പട്ടിക ഉടൻ

കൽപ്പറ്റ : മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ വഴി നഷ്ടപ്പെട്ട് ഒറ്റപ്പെട്ടവർക്ക് റോഡ് നിർമിച്ചു നൽകുന്നതിന്റെ സാധ്യത പരിശോധിക്കാൻ സമിതിയെ നിശ്ചയിച്ചതായി മന്ത്രി കെ രാജൻ. ഗോസോൺ (വാസയോഗ്യം), നോ ഗോസോൺ (വാസയോഗ്യമല്ലാത്തവ) എന്നിങ്ങനെ, ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിൽ ദുരന്തപ്രദേശം അടയാളപ്പെടുത്തിയിട്ടുണ്ട്. നോ ഗോസോണിലെ ചിലയിടങ്ങൾ വഴിയില്ലാത്തതിനാൽ ഒറ്റപ്പെട്ടുപോയതാണ്. അവിടേക്ക് റോഡ് നിർമിച്ചാൽ പ്രശ്‌നം പരിഹരിക്കാം.
പ്രശ്‌നം പഠിക്കാൻ പഞ്ചായത്ത് എൻജിനിയറിങ്, പിഡബ്ല്യുഡി നിരത്ത് വിഭാഗം, കെആർഎഫ്ബി എൻജിനിയറിങ് വിഭാഗം എന്നിവർ അടങ്ങുന്ന സമിതി വെള്ളി, ശനി ദിവസങ്ങളിൽ പരിശോധന നടത്തും. റോഡ് നിർമിക്കുന്നതിനുള്ള ചെലവ്, നിർമാണത്തിനുള്ള കാലാവധി, സ്ഥലം ഏറ്റെടുക്കണോയെന്ന് പഠിച്ച് ശനിയാഴ്ച കലക്ടർക്ക് റിപ്പോർട്ട് നൽകും. നാലിന് റവന്യുവിന്റെയും പഞ്ചായത്തിന്റെയും ഡിസാസ്‌റ്റർ മാനേജ്‌മെന്റിന്റെയും ഉദ്യോ ഗസ്ഥർ യോഗം ചേർന്ന് തീരുമാനമെടുക്കും.
ഗുണഭോക്തൃ പട്ടിക ഉടൻ
ടൗൺഷിപ്പ് ഗുണഭോക്താക്കളുടെ ആദ്യപട്ടിക ഉടൻ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി കെ രാജൻ. പട്ടിക തയ്യാറാണെങ്കിലും പതിനഞ്ചോളം കാര്യത്തിൽ ജില്ലാ അധികൃതർ വ്യക്തത ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് വ്യക്തത വരുത്തുകയും നിയമ വിഭാഗം അംഗീകരിക്കുകയും ചെയ്‌തിട്ടുണ്ട്.
ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട് ടൗൺഷിപ്പിൽ വീട് ലഭിക്കുകയോ, നഷ്ടപരിഹാരം ലഭിക്കുകയോ ചെയ്യുന്നവർക്ക് ദുരന്തപ്രദേശത്ത് നിലനിൽക്കുന്ന വീടും കെട്ടിടവും ഉപയോഗിക്കാൻ അനുവാദം ഉണ്ടാവില്ല. നഷ്ടപരിഹാരം വാങ്ങാൻ താൽപ്പര്യമുള്ളവരുടെ അഭിപ്രായവും തേടിയ ശേഷമാണ് പട്ടിക പ്രസിദ്ധീകരിക്കുക. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് മറ്റു വീടുണ്ടെങ്കിൽ ഏത് പട്ടികയിൽപ്പെടുത്തും എന്നതും പരിശോധിക്കണം. വീട്ടിലെ എല്ലാവരും നഷ്ടപ്പെട്ടവരുടെ തുടർച്ചാവകാശികളെ എങ്ങനെ നിശ്ചയിക്കും എന്നുള്ളതും പരിഹരിക്കേണ്ട വിഷയമാണ്. ഇത്തരം കാര്യങ്ങളിൽ വ്യക്തത വന്നാൽ ഉടൻ പട്ടിക പ്രസിദ്ധീകരിക്കും. ആക്ഷേപം സ്വീകരിക്കാൻ 10 ദിവസംകൂടി നൽകുമെന്നും- മന്ത്രി പറഞ്ഞു.









0 comments