കേന്ദ്രസർക്കാർ നയാപൈസ അനുവദിക്കാതിരുന്നിട്ടും സംസ്ഥാനം സ്വന്തം നിലയിൽ ടൗൺഷിപ്‌ ഉൾപ്പെടെയുള്ള 
 ലോകമാതൃകയുമായി മുന്നേറുകയാണ്‌

സങ്കടമട്ടത്ത്‌ ഉയിർപ്പിന്റെ പുഞ്ചിരികൾ ; മുണ്ടക്കൈ 
ദുരന്തത്തിന്‌ നാളെ 
ഒരാണ്ട്‌

wayanad tragedy

മുണ്ടക്കെെ ഉരുൾപൊട്ടലിന് ഒരുവർഷം പൂർത്തിയാകുമ്പോൾ പ്രകൃതിയും മനുഷ്യരും തിരിച്ചുവരവിന്റെ പാതയിലാണ്. മുണ്ടക്കെെയിൽനിന്നുള്ള ദൃശ്യം ഫോട്ടോ ബിനുരാജ്

avatar
വി ജെ വർഗീസ്‌

Published on Jul 29, 2025, 03:02 AM | 1 min read


കൽപ്പറ്റ

മഹാദുരന്തം ഇടിഞ്ഞിറങ്ങിയ മണ്ണിന്റെ നെഞ്ചിലൂടെ കരഞ്ഞുകലങ്ങി ഒഴുകുന്നുണ്ട്‌ പുന്നപ്പുഴ. മരണം പെയ്‌ത നാട്ടിൽ മരപ്പെയ്‌ത്തുപോലെ സങ്കടങ്ങളിപ്പോഴും ഏങ്ങലടിക്കുന്നു. ഒഴുക്കെടുത്ത പ്രാണനുകളുടെ ഓർമകൾ പുഞ്ചിരിമട്ടത്തുനിന്ന്‌ കണ്ണീർച്ചാലുകളായി പടർന്നിറങ്ങുന്നു. എങ്കിലും എല്ലാറ്റിനുംമേലെ വെള്ളരിമലയി-ൽനിന്ന്‌ അലയടിച്ചെത്തുന്ന കുളിർകാറ്റിൽ അതിജീവനത്തിന്റെ ചിരികൾ ചിറകുവീശുന്നുണ്ട്‌. ഒരു ജനതയുടെ വീണ്ടെടുക്കലിനു മൂകസാക്ഷിയായി ബെയ്‌ലി പാലം ഉള്ളുറപ്പോടെ ചരിത്രത്തിലേക്കങ്ങനെ നീണ്ടുനിവർന്നു കിടക്കുന്നു. കേരളത്തിനുമീതെ സങ്കടമട്ടം പൊട്ടിയൊഴുകിയ മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിന്‌ നാളെ ഒരാണ്ട്‌.


2024 ജൂലൈ 29ന്‌ അർധരാത്രിയാണ്‌ വയനാടൻ ഗ്രാമങ്ങൾക്കുമേൽ മരണമഴ പെയ്‌തിറങ്ങിയത്‌. മുണ്ടക്കൈക്കും ചൂരൽമലയ്‌ക്കും മീതേ പുഞ്ചിരിമട്ടം ഉരുൾപൊട്ടിപ്പാഞ്ഞു. പുന്നപ്പുഴ മരണപ്പുഴയായപ്പോൾ ഉറക്കത്തിൽനിന്ന്‌ ഉണർന്നെണീക്കാനാവാതെ പലരും നിത്യനിദ്രയിലാണ്ടു. 298 ജീവനുകളെ മലവെള്ളം കൊണ്ടുപോയി. നിമിഷാർധത്തിൽ വീടുകൾക്ക്‌ മുകളിൽ കൂറ്റൻപാറകളെത്തി. ഒഴുകിനടന്ന വൻമരങ്ങൾ ജീവിതങ്ങളെ കടപുഴക്കി. അമ്മമാരുടെ കൈകളിൽനിന്ന്‌ കുഞ്ഞുങ്ങൾ ഊർന്നുപോയി. തലേന്ന്‌ ഉറങ്ങാൻ കിടന്ന നാടുണ്ടായില്ല നേരം പുലർന്നപ്പോൾ. എങ്ങും ജീവന്റെ പിടച്ചിലും പ്രിയപ്പെട്ടരുടെ നിലവിളികളുംമാത്രം. സ്‌കൂളും ആരാധനാലയവും സ്ഥാപനങ്ങളുമെല്ലാം മണ്ണിൽപൂണ്ടു. ചെളിമൂടിയ വീടുകൾക്കുള്ളിൽ ജീവന്റെ ഞരക്കങ്ങൾ.


രാജ്യം ഇതുവരെ കാണാത്ത ഉരുൾപൊട്ടൽദുരന്തത്തെ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനത്തിലൂടെ കേരളം നേരിട്ടു. അഗ്നിരക്ഷാസേനയും പൊലീസും സൈന്യവും ദുരന്തനിവാരണ സേനയും നൂറുകണക്കിന്‌ സന്നദ്ധഭടന്മാരും ചേർന്ന്‌ ആയിരങ്ങളെ രക്ഷപ്പെടുത്തി. സർവം നഷ്‌ടമായവരെ ഉടനടി ക്യാമ്പുകളിലെത്തിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വം. നാലുമന്ത്രിമാർ ഒരുമാസം പ്രദേശത്തു താമസിച്ച്‌ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. മാസങ്ങൾ തെരഞ്ഞിട്ടും കണ്ടുകിട്ടാത്ത 32 പേരെ മരിച്ചവരായി കണക്കാക്കി കുടുംബങ്ങൾക്ക്‌ മരണാനന്തര സഹായം നൽകി. കേന്ദ്രസർക്കാർ നയാപൈസ അനുവദിക്കാതിരുന്നിട്ടും സംസ്ഥാനം സ്വന്തം നിലയിൽ ടൗൺഷിപ്‌ ഉൾപ്പെടെയുള്ള ലോകമാതൃകയുമായി മുന്നേറുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home