തിരുവനന്തപുരം മൃഗശാലയിലേക്ക് വയനാട്ടിൽനിന്ന് രണ്ട് കടുവകൾ

തിരുവനന്തപുരം മൃഗശാലയിലേക്ക് കൊണ്ടുപോകുന്ന പുൽപ്പള്ളി അമരക്കുനിയിൽനിന്ന് പിടികൂടിയ കടുവ

അജ്‌നാസ് അഹമ്മദ്
Published on Jan 31, 2025, 12:02 AM | 1 min read
കൽപ്പറ്റ: വയനാട്ടിലെ ജനവാസകേന്ദ്രത്തിൽനിന്ന് പിടികൂടി ബത്തേരി കുപ്പാടി കടുവാ പരിചരണ കേന്ദ്രത്തിൽ പാർപ്പിച്ച രണ്ട് കടുവകളെ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റും. വളർത്തുമൃഗങ്ങളെ കൊന്ന് പുൽപ്പള്ളി അമരക്കുനിയെ ഭീതിയിലാഴ്ത്തി കൂട്ടിലായ പെൺകടുവയെയും 2023 ജനുവരിയിൽ മാനന്തവാടി പുതുശ്ശേരിയിൽ ആലക്കൽ തോമസിനെ കൊന്ന ആൺകടുവയേയുമാണ് തിരുവനന്തപുരത്ത് എത്തിക്കുക.
അമരക്കുനിയിൽനിന്ന് പിടിച്ച എട്ടുവയസ്സുള്ള പെൺകടുവയെ വെള്ളിയാഴ്‌ചതന്നെ കൊണ്ടുപോയേക്കും. ഇരയെ ഓടിച്ചിട്ട് പിടിക്കാൻ ആരോഗ്യമില്ലാത്തതിനാൽ ജനവാസകേന്ദ്രത്തിലെത്തി കെട്ടിയിട്ട ആടുകളെ കൊല്ലുകയായിരുന്നു. 10 ദിവസത്തിനകം അഞ്ച് ആടുകളെയാണ് കൊന്നത്. കാലിന് പരിക്കുള്ള കടുവയ്‌ക്ക് ആനിമൽ ആംബുലൻസിൽ യാത്രചെയ്യാൻ കഴിയുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. മെച്ചപ്പെട്ട ചികിത്സയും പുനരധിവാസവും ഉറപ്പാക്കാനാണ് മൃഗശാലയിലേക്ക് മാറ്റുന്നത്.
കർണാടക വനത്തിൽനിന്ന് ഇരിട്ടിവഴി വയനാട്ടിലേക്ക് എത്തിയ കടുവയാണ് 2023 ജനുവരിയിൽ പുതുശേരിയിൽ കർഷകനായ തോമസിനെ കൊന്നത്. നരഭോജിയെ വനത്തിൽ തുറന്നുവിട്ടാൽ വീണ്ടും ജനവാസമേഖലയിൽ തിരിച്ചെത്തുമെന്നതിനാൽ കുപ്പാടിയിൽ പാർപ്പിക്കുകയായിരുന്നു. ആൺകടുവയ്‌ക്ക് 12 വയസ്സുണ്ട്.
മൃഗശാല നിറയുന്നു
വയനാടൻ കടുവകൾ
രണ്ട് കടുവകൾകൂടി എത്തുന്നതോടെ വയനാട്ടിൽനിന്ന് പിടികൂടി തിരുവനന്തപുരം മൃഗശാലയിൽ എത്തിക്കുന്ന കടുവകളുടെ എണ്ണം അഞ്ചാകും. 2015ൽ പുൽപ്പള്ളിയിൽനിന്ന് പിടികൂടി മൃഗശാലയിൽ ‘ജോർജ്’ എന്ന വിളിപ്പേരിൽ അറിയപ്പെട്ട കടുവയാണ് വയനാട്ടിൽനിന്ന് ആദ്യമായി എത്തിയത്.
2024 ജൂലൈയിൽ കേണിച്ചിറയിൽനിന്ന് പിടിച്ച ‘തോൽപ്പെട്ടി 17’ എന്ന ആൺകടുവയും 2024 മാർച്ചിൽ മീനങ്ങാടി മയിലമ്പാടിയിൽനിന്ന് പിടിച്ച ‘ബബിത’ എന്ന പെൺകടുവയും മൃഗശാലയിലുണ്ട്.









0 comments