കണ്ണുചിമ്മാതെ കടുവാ ദൗത്യം ; സർക്കാർ നടത്തിയത് യുദ്ധസമാന പ്രവർത്തനങ്ങൾ

മാനന്തവാടി : കടുവ യുവതിയെ ആക്രമിച്ചുകൊന്നതോടെ സർക്കാർ നടത്തിയത് യുദ്ധസമാന പ്രവർത്തനങ്ങൾ. നടപടികളിൽ നിമിഷത്തിന്റെ താമസമുണ്ടായില്ല. മന്ത്രിമാരായ ഒ ആർ കേളുവും എ കെ ശശീന്ദ്രനും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ഞായറാഴ്‌ച കലക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി പങ്കെടുത്തു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്‌ണയും ജില്ലയിലെത്തി ദൗത്യത്തിന് നേതൃത്വമായി.
കടുവയെ വെടിവച്ചുകൊല്ലാനുള്ള തീരുമാനം നടപ്പാക്കാനുള്ള ശ്രമത്തിനിടയിലാണ് ജഡം കണ്ടെത്തിയത്. 24ന് കടുവാ ആക്രമണം അറിഞ്ഞ് മിനിറ്റുകൾക്കകം മന്ത്രി ഒ ആർ കേളു പ്രിയദർശിനി എസ്‌റ്റേറ്റിലേക്ക് എത്തി. മൃതദേഹം വനത്തിൽനിന്ന് എടുക്കാനും പ്രതിഷേധം ശമിപ്പിച്ച് പോസ്‌റ്റ്‌മോർട്ടത്തിന് കൊണ്ടുപോകാനും അടിയന്തര ഇടപെടലുണ്ടായി. മുഖ്യമന്ത്രിയും വനം മന്ത്രിയുമായി ബന്ധപ്പെട്ട് കടുവയെ പിടികൂടാൻ സർവസന്നാഹം ഒരുക്കി. കുടുംബത്തിനുള്ള 11 ലക്ഷം രൂപയുടെ സഹായം പ്രഖ്യാപിച്ച് അഞ്ചുലക്ഷം മണിക്കൂറുകൾക്കകം നൽകി. തിരച്ചിലും കൂട് സ്ഥാപിക്കിലും ഒരേ സമയമായിരുന്നു. ആർആർടിയുടെ വൻസേനയെത്തി. വിവിധ സ്‌റ്റേഷനുകളിലെ വനപാലകരുമുണ്ടായി.
ചീഫ് വെറ്ററിനറി സർജൻ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ മയക്കുവെടി സംഘമെത്തി. തണ്ടർബോൾട്ട്, പൊലീസ് സേനയും ഒപ്പമുണ്ടായി. നാല് ലൈവ് കാമറയും 38 കാമറ ട്രാപ്പുകളും ഒരുക്കി. വിവിധ സേനാവിഭാഗങ്ങളിലെ നാനൂറോളം പേരാണ് ദൗത്യത്തിനുണ്ടായത്. തിരച്ചിലിന് രണ്ട് കുങ്കിയാനകളുമുണ്ടായി.
ആർആർടി സംഘാംഗത്തെ ആക്രമിച്ച് ഓടിമറഞ്ഞ കടുവയെ കണ്ടെത്താൻ കാടും അതിർത്തികളും അരിച്ചുപെറുക്കി. ഞായർ പകൽ 3.30ഓടെ മന്ത്രി എ കെ ശശീന്ദ്രൻ രാധയുടെ വീട്ടിലെത്തി. പഞ്ചാരക്കൊല്ലിയിൽ സർവകക്ഷി യോഗം ചേർന്ന് പ്രദേശവാസികളുടെ ആശങ്കയകറ്റി. ദൗത്യസംഘം ഞായർ അർധരാത്രിക്കുശേഷം കടുവയുടെ സാന്നിധ്യം പ്രദേശത്ത് വീണ്ടും സ്ഥിരീകരിച്ചു. കാൽപ്പാദം പിന്തുടർന്ന് രണ്ടുമണിക്കൂർ നടത്തിയ തിരച്ചിലിലാണ് ജഡം കണ്ടെത്തിയത്.









0 comments