print edition സംസ്ഥാന അവാർഡ് നേടിയ സംരംഭം അഗ്നിക്കിരയായി ; കത്തിച്ചാമ്പലായത് ഷംലയുടെ സ്വപ്‌നച്ചിറക്

അഗ്നിബാധയിൽ നശിച്ച എസ്എം ഗാർമെന്റ്‌സിൽ അവശേഷിച്ച തുണികൾ കൂട്ടിയിട്ടിരിക്കുന്നു
കണിയാമ്പറ്റ (വയനാട്)
വർഷങ്ങളുടെ അധ്വാനവും സ്വപ്‌നങ്ങൾ നെയ്‌തുതീർക്കാനുള്ള ചിറകും ഒരുമണിക്കൂറിനകം കത്തിച്ചാമ്പലായതിൽ ഉള്ളുലഞ്ഞ് സംസ്ഥാന സർക്കാരിന്റെ മികച്ച സംരംഭകയ്‌ക്കുള്ള അവാർഡ് നേടിയ ഷംല. വ്യവസായ വകുപ്പിന്റെ പ്രശംസ ലഭിച്ച മാതൃകാ സംരംഭക വയനാട് കണിയാന്പറ്റ സ്വദേശി ഷംലയുടെ ‘എസ്എം ഗാർമെന്റ്‌സാണ് ശനി രാത്രി അഗ്നിക്കിരയായത്. കണിയാമ്പറ്റ ഹൈസ്കൂൾ റോഡിൽ ചെറുകിട സംരംഭമായി തുടങ്ങിയ സ്ഥാപനം നൂറിലേറെ പേർക്ക് തൊഴിൽ നൽകുന്ന ഇടമായി വളർന്നിരുന്നു. വസ്‌ത്രങ്ങൾ, ഉൽപ്പന്ന നിർമാണത്തിനുള്ള തുണി, യന്ത്രങ്ങൾ, ഫർണിച്ചർ തുടങ്ങി രണ്ടുകോടിയിലേറെ രൂപയുടെ സമ്പാദ്യമാണ് കത്തിയമർന്നത്.
കടയടച്ച് ജോലിക്കാരെല്ലാം പോയശേഷം രാത്രി ഒമ്പതോടെയാണ് തീ പടർന്നത്. കൽപ്പറ്റയിൽനിന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തി തീ അണച്ചെങ്കിലും മുഴുവനും വെണ്ണീറായി. സ്ഥാപനത്തിനോട് ചേർന്നാണ് ഷംലയുടെ വീട്. വീട്ടിലെ കുടിവെള്ള ടാങ്ക് നിറഞ്ഞോയെന്ന് അറിയാൻ പുറത്തിറങ്ങിയപ്പോഴാണ് കടയിൽനിന്ന് പുക ഉയരുന്നത് കണ്ടത്. ബക്കറ്റിൽ വെള്ളം നിറച്ച് ഓടിയെങ്കിലും തീഗോളങ്ങൾ പടർന്നു.
ഏഴ് വർഷം മുമ്പാണ് സ്ഥാപനം ആരംഭിച്ചത്. നിരവധി പ്രതിസന്ധികൾ മറികടന്ന വിജയമാതൃക സർക്കാർ വേദികളിലടക്കം നിരവധി തവണ പ്രശംസിക്കപ്പെട്ടു. വ്യാവസായ വകുപ്പിന്റെ വേദിയിൽനിന്നുള്ള ഷംലയുടെ പ്രസംഗവും വൈറലായിരുന്നു. ‘എന്റെ സ്വപ്‌നമാണ് കത്തി നശിച്ചത്. സംരംഭക വഴിയിലൂടെ തന്നെ മുന്നേറും. ജീവനക്കാരുടെ തൊഴിൽ ഉറപ്പാക്കണം. എല്ലാവരുടെയും പിന്തുണ ഉണ്ടാകണം’– തളർന്നുകിടക്കുന്പോഴും നിറകണ്ണുകളോടെ ഷംല പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് തീ പിടരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.









0 comments