മുണ്ടക്കൈ ഉരുൾപൊട്ടൽ ; പൊലീസുകാർക്ക് സഹപ്രവർത്തകരുടെ സ്‌നേഹഭവനം

കൽപ്പറ്റ
മുണ്ടക്കൈ ദുരന്തബാധിതരായ പൊലീസുകാർക്ക് സഹപ്രവർത്തകരുടെ സ്‌നേഹഭവനം. ഉരുൾപൊട്ടലിൽ വീട് നഷ്ടമായ മൂന്ന് പൊലീസുകാർക്ക് കേരള പൊലീസ് ഹൗസിങ് സഹകരണ സംഘവും കേരള പൊലീസ് അസോസിയേഷനും (കെപിഎ) ചേർന്ന് നിർമിച്ച വീടുകൾ കൈമാറി. ഒമ്പത് സെന്റിൽ 1200 സ്‌ക്വയർഫീറ്റ് വീടാണ് നിർമിച്ചുനൽകിയത്. ചൂരൽമലക്കാരും സിവിൽ പൊലീസ് ഓഫീസർമാരുമായ കൽപ്പറ്റ സ്‌റ്റേഷനിലെ ടി അനസ്, ബിൻസിയ നസ്രിൻ, കേണിച്ചിറ സ്‌റ്റേഷനിലെ ഷിഹാബുദ്ദീൻ എന്നിവർക്കാണ് വീട് നൽകിയത്.
അനസിന്റെ വീട് ഉരുൾപൊട്ടലിൽ പൂർണമായും നഷ്ടമായി. ബിൻസിയയുടെയും ഷിഹാബുദ്ദീന്റെയും വീടുകൾ വാസയോഗ്യമല്ലാതായി. മീനങ്ങാടി പാലാക്കാമൂലയിൽ സ്ഥലം വാങ്ങിയാണ് വീട് നിർമിച്ചത്. കേരള പൊലീസ് ഹൗസിങ് സഹകരണ സംഘം 45 ലക്ഷം രൂപയ്‌ക്ക് 27.5 സെന്റ് സ്ഥലം വാങ്ങി മൂന്നുപേർക്കുമായി വീതിച്ചു.
ജീവനക്കാരിൽനിന്ന് ശേഖരിച്ച തുകകൊണ്ടാണ് കെപിഎ വീട് നിർമിച്ചത്. വീടൊന്നിന് 22 ലക്ഷം രൂപ വിനിയോഗിച്ചു. പാലക്കാമൂലയിൽ നടന്ന ചടങ്ങിൽ എഡിജിപി എസ് ശ്രീജിത്ത് താക്കോൽ കൈമാറി. കെപിഎ സംസ്ഥാന പ്രസിഡന്റ് എ സുധീർ ഖാൻ അധ്യക്ഷനായി. കണ്ണൂർ റെയ്‌ഞ്ച് ഡിഐജി ജി എച്ച് യതീഷ് ചന്ദ്ര, വയനാട് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി, കെപിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രേംജി കെ നായർ, കെ പി പ്രവീൺ, എസ് ആർ ഷിനോദാസ്, ജി പി അജിത്ത്, സഞ്ജു വി കൃഷ്‌ണൻ, കെ എം ശശിധരൻ, പി സി സജീവ് എന്നിവർ സംസാരിച്ചു. കെപിഎ ജില്ലാ പ്രസിഡന്റ് ബിപിൻ സണ്ണി റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഇ വി പ്രദീപൻ സ്വാഗതവും ജില്ലാ സെക്രട്ടറി ഇർഷാദ് മുബാറക് നന്ദിയും പറഞ്ഞു.









0 comments