എൽസ്‌റ്റൺ എസ്‌റ്റേറ്റ് ഭൂമി സർക്കാർ ഏറ്റെടുത്തു


സ്വന്തം ലേഖകൻ
Published on Mar 26, 2025, 01:00 AM | 1 min read
കൽപ്പറ്റ: മുണ്ടക്കൈ– ചൂരൽമല പുനരധിവാസത്തിന് കൽപ്പറ്റയിലെ എൽസ്‌റ്റൺ എസ്‌റ്റേറ്റ് ഭൂമി സർക്കാർ ഏറ്റെടുത്തു. ഇവിടെ നിർമിക്കുന്ന ടൗൺഷിപ്പിന് വ്യാഴം വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ കല്ലിടും. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം 64.4705 ഹെക്‌ടർ ഭൂമിയാണ് പ്രതീകാത്മകമായി ഏറ്റെടുത്തത്. ഭൂമിയുടെ നഷ്ടപരിഹാരമായി നിശ്ചയിച്ച 26 കോടി രൂപ തിങ്കൾ വൈകിട്ട് ഹൈക്കോടതി രജിസ്‌ട്രാറുടെ അക്കൗണ്ടിലേക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി കൈമാറി.
തുക നിശ്ചയിച്ചതിനുള്ള മാനദണ്ഡം ഏപ്രിൽ മൂന്നിന് ഹൈക്കോടതിയിൽ സർക്കാർ വിശദീകരിക്കും. തുടർന്ന് നിർമാണപ്രവൃത്തി തുടങ്ങും. കൽപ്പറ്റ ബൈപാസിനോട് ചേർന്നുള്ള ഭൂമി ദുരന്തനിവാരണ നിയമപ്രകാരം ഏറ്റെടുക്കാൻ നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് സർക്കാരിന് അനുമതി നൽകിയിരുന്നു. ഇതിനെതിരെ കൈവശക്കാർ ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകിയെങ്കിലും വിധി സർക്കാരിന് അനുകൂലമായി. ഗുണഭോക്താക്കൾക്ക് ഏഴു സെന്റും ആയിരം ചതുരശ്ര അടിയുടെ വീടും നിർമിച്ചു നൽകും. മൂന്നുമുറി, സിറ്റൗട്ട്, ലിവിങ്, സ്റ്റഡിറൂം, ഡൈനിങ് ഹാൾ, അടുക്കള, സ്‌റ്റോർ ഏരിയ എന്നിവ ഉൾക്കൊള്ളുന്നതായിരിക്കും വീട്. ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്യൂണിറ്റി സെന്റർ എന്നിവ ടൗൺഷിപ്പിലുണ്ടാകും. ആറുമാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കും. 430 വീടിനും മറ്റു സൗകര്യങ്ങൾക്കുമുള്ള സ്ഥലമാണുള്ളത്.









0 comments