മുണ്ടക്കൈയിൽ സർക്കാരിന്റെ കരുതൽ വീണ്ടും: ദുരന്തബാധിതർക്ക് പ്രതിദിനം 300 രൂപ 9 മാസംകൂടി

ഒ വി സുരേഷ്
Published on Feb 10, 2025, 12:46 AM | 1 min read
തിരുവനന്തപുരം: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിത കുടുംബങ്ങളിലെ ജീവനോപാധി നഷ്ടമായവർക്ക് നൽകിവരുന്ന 300 രൂപ പ്രതിദിന ധനസഹായം ഒമ്പതു മാസംകൂടി നൽകും. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്ന് ചെലവിടാൻ ഹൈക്കോടതി അനുമതി നൽകിയ 120 കോടിയിൽനിന്ന് ഇതിനുള്ള തുക കണ്ടെത്തും. ഇതുൾപ്പെടെ ഈ ഫണ്ടുപയോഗിച്ച് ചെലവഴിക്കാവുന്ന പദ്ധതികൾക്ക് ചീഫ് സെക്രട്ടറി അധ്യക്ഷയായ വയനാട് പുനരധിവാസത്തിനുള്ള പ്രത്യേക സമിതി ഭരണാനുമതി നൽകി.
നിലവിലെ മാനദണ്ഡപ്രകാരം മൂന്നു മാസത്തേക്കു മാത്രമേ പ്രതിദിന ആശ്വാസത്തുക കൊടുക്കാൻ കഴിയുമായിരുന്നുള്ളൂ. അതനുസരിച്ച് കുടുംബത്തിലെ പ്രായപൂർത്തിയായ രണ്ടുപേർക്കുവീതം മാസം 9000 രൂപ വീതം നൽകിയിരുന്നു. ഇതിനായി 5.88 കോടി രൂപയാണ് നീക്കിവച്ചത്. ആദ്യമാസം 2188 ഉം പിന്നീട് 2169 പേരും ഗുണഭോക്താക്കളായി.
മറ്റ് തീരുമാനങ്ങൾ
● ദുരന്തമേഖലയിലെ തകർന്ന റോഡുകൾ ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കാലാവസ്ഥയെ അതിജീവിക്കാൻ ശേഷിയുള്ളവിധം പുനർനിർമിക്കും.
● പ്രദേശങ്ങളിലെ വൈദ്യുതിബന്ധം തകരാതിരിക്കാനും സംവിധാനമൊരുക്കും.
● ഉരുൾപൊട്ടലിൽ അടിഞ്ഞുകൂടിയ ചെളിയും കല്ലും മരങ്ങളും നീക്കംചെയ്യും.
● ഗതിമാറിയൊഴുകിയ പുഴയെ പഴയ വഴിയിലേക്ക് എത്തിക്കാൻ അരികുകെട്ടി സംരക്ഷിക്കും.
● ഈ പ്രദേശത്തെ മൂന്ന് സ്‌കൂൾ, രണ്ട് അങ്കണവാടി, ആരോഗ്യകേന്ദ്രം, മൃഗാശുപത്രി, വില്ലേജ് ഓഫീസ്, ക്ഷീരസംഘം കെട്ടിടം എന്നിവ പുതിയ സ്ഥലത്തേക്ക് മാറ്റും.









0 comments