വയനാട് ഗവ. മെഡിക്കൽ കോളേജ് യാഥാർഥ്യം
അഖില പഠിക്കും വീടിനരികിലെ കോളേജിൽ

വയനാട് ഗവ. മെഡിക്കൽ കോളേജിലെ എംബിബിഎസ് ക്ലാസിൽ അഖിലയ്‌ക്കരികിൽ അച്ഛൻ വിനോദും അമ്മ മജിതയും / ഫോട്ടോ: ബിനുരാജ്
വി ജെ വർഗീസ്
Published on Oct 07, 2025, 02:15 AM | 1 min read
മാനന്തവാടി
വയനാട് ഗവ. മെഡിക്കൽ കോളേജിന്റെ അഞ്ചാംനിലയിലെ ക്ലാസ് മുറിയിൽ അഖിലയുടെ ഇരുവശത്തുമായി വിനോദും മജിതയും നിന്നു. മകൾ വീടിനരികലെ മെഡിക്കൽ കോളേജിൽ എംബിബിഎസ് പ്രവേശനം നേടി ആദ്യദിനം ക്ലാസിലെത്തിയപ്പോൾ അച്ഛനും അമ്മയും ഒപ്പമെത്തി. ഒരുനാടിന്റെ സ്വപ്‌നം പൂവണിഞ്ഞപ്പോൾ ഇൗ കുടുംബത്തിന്റെ ആഹ്ലാദം അതിനപ്പുറമായി.
വയനാട് ഗവ. മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ 41 പേരിൽ ഒരാളായിരുന്നു ആദിവാസി വിഭാഗത്തിലെ അഖില വിനോദ്. സ്വന്തം ജില്ലയിൽ ആരംഭിച്ച മെഡിക്കൽ കോളേജിൽ മകൾക്ക് പ്രവേശനം ലഭിച്ചതിനേക്കാൾ അഭിമാനിക്കാൻ വേറെയെന്തുവേണമെന്ന ചോദ്യമായിരുന്നു വിനോദിന്റെയും മജിതയുടേതും. ഓട്ടോ ഡ്രൈവറാണ് മാനന്തവാടി കല്ലുമൊട്ടംകുന്ന് കോയിപുറത്ത് വിനോദ്. മൂത്ത മകൻ അഖിൽ വിനോദും ആലപ്പുഴ മെഡിക്കൽ കോളേജിലെ മൂന്നാംവർഷ എംബിബിഎസ് വിദ്യാർഥിയാണ്.
തിങ്കളാഴ്‌ചയാണ് വയനാട് മെഡിക്കൽ കോളേജിൽ ആദ്യ എംബിബിഎസ് ബാച്ചിന് തുടക്കമായത്. മുഴുവൻ ജില്ലകളിലും സർക്കാർ മെഡിക്കൽ കോളേജെന്ന ഒന്നും രണ്ടും പിണറായി സർക്കാരിന്റെ ലക്ഷ്യത്തിന്റെ പൂർത്തീകരണംകൂടിയായി വയനാട്ടിലെ എംബിബിഎസ് പഠനാരംഭം. സർക്കാരിന്റെയും മാനന്തവാടിയുടെ ജനപ്രതിനിധി മന്ത്രി ഒ ആർ കേളുവിന്റെയും നിശ്ചയദാർഢ്യമാണ് മലയോരത്ത് സർക്കാർ മെഡിക്കൽ കോളേജ് എന്ന സ്വപ്‌നം സാക്ഷാത്‌കരിച്ചത്.
ജില്ലാ ആശുപത്രി മെഡിക്കൽ കോളേജായി ഉയർത്തി കോടികളുടെ വികസന പദ്ധതികൾ നടപ്പാക്കി. നാഷണൽ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം ലഭിക്കാൻ മാനദണ്ഡങ്ങൾ ഓരോന്നായി പാലിച്ച് മുന്നേറി. കഴിഞ്ഞ അധ്യയനവർഷം പരിശോധന നടത്തിയ മെഡിക്കൽ കൗൺസിൽ അംഗങ്ങൾ നിർദേശിച്ച സൗകര്യങ്ങൾ ഉൾപ്പെടെ ഒരുക്കിയാണ് ഇത്തവണ അംഗീകാരം നേടി ക്ലാസ് ആരംഭിച്ചത്. 50 സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്.









0 comments