ബിജെപി എൻഡിഎ സംസ്ഥാനങ്ങളിൽ സഹായവർഷം
ദുരന്തസഹായം മോദിക്ക് രാഷ്ട്രീയ പകപോക്കൽ ; കേരളമടക്കം പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് അർഹമായ സഹായം തടയുന്നു

ന്യൂഡൽഹി
മുണ്ടക്കൈ–ചുരൽമല ദുരന്തബാധിതരുടെ വായ്‌പകൾ എഴുതിത്തള്ളാൻ തയ്യാറല്ലെന്ന കേന്ദ്രസർക്കാർ നിലപാട് ബിജെപിയെ അംഗീകരിക്കാത്ത കേരള ജനതയോടുള്ള രാഷ്ട്രീയപകപോക്കലിന് ഉദാഹരണം. പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അതിതീവ്ര പ്രകൃതിദുരന്തങ്ങൾ സംഭവിച്ചാലും പേരിന് എന്തെങ്കിലും സഹായം ചെയ്‌താൽ മതിയെന്നാണ് മോദി സർക്കാരിന്റെ നിലപാട്. അതേസമയം, ബിജെപിയോ എൻഡിഎ ഘടകകക്ഷികളോ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വാരിക്കോരി സഹായം നൽകും. കഴിഞ്ഞദിവസമാണ് ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ ഉന്നതതല സമിതി അസമിനും ഗുജറാത്തിനും 708 കോടി രൂപയുടെ ദുരന്തസഹായം അനുവദിച്ചത്.
പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ ദുരന്തങ്ങളിൽനിന്നും കരകയറാൻ കേന്ദ്രസർക്കാർ സഹായങ്ങൾ വർധിപ്പിക്കണമെന്നും കാലതാമസം വരുത്തരുതെന്നും പ്രതിപക്ഷ സംസ്ഥാനങ്ങൾ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, മഹാദുരന്തങ്ങളെ ലഘൂകരിച്ച് കാട്ടിയും ബാലിശമായ സാങ്കേതികകാരണങ്ങൾ ഉന്നയിച്ചും കേന്ദ്രം അർഹിച്ച സഹായങ്ങൾ നിഷേധിക്കുകയാണ്. മോദിസർക്കാരിന്റെ ശത്രുതാപരമായ ഇൗ നിലപാട് കാരണം കേരളം, തമിഴ്‌നാട്, കർണാടകം, പശ്ചിമബംഗാൾ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾ പ്രതിസന്ധിയിലായിട്ടുണ്ട്.
2019 മുതൽ 2024 വരെ വിവിധ സംസ്ഥാന സർക്കാരുകൾ കേന്ദ്രത്തോട് 1.5 ലക്ഷം കോടി രൂപയുടെ ദുരന്തസഹായമാണ് ആവശ്യപ്പെട്ടത്. എന്നാൽ, ദേശീയ ദുരന്ത പ്രതികരണ ഫണ്ട് (എൻഡിആർഎഫ്) പ്രകാരം കേന്ദ്രം അനുവദിച്ചത് 29,263 കോടി മാത്രം. 2020 മുതൽ 2025 വരെ സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടുകൾക്ക് (എസ്‌ഡിആർഎഫ്) കേന്ദ്രസർക്കാർ അനുവദിച്ചത് 83,118 കോടി. ഇതിന്റെ സിംഹഭാഗവും ലഭിച്ചത് മഹാരാഷ്ട്ര, ഉത്തർപ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങൾക്കാണ്.
കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സഹായം അനുവദിക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. എന്നാൽ, അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതതലസമിതി രാഷ്ട്രീയം മാത്രം മാനദണ്ഡമാക്കിയാണ് സഹായങ്ങൾ നിശ്‌ചയിക്കുന്നതെന്ന വിമർശം ശക്തമാണ്. കേരളത്തിൽ പ്രളയമുണ്ടായപ്പോൾ വിദേശസഹായങ്ങൾ സ്വീകരിക്കുന്നത് തടഞ്ഞ ആഭ്യന്തരമന്ത്രാലയം മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് വിദേശസഹായങ്ങൾ സ്വീകരിക്കാൻ അനുവാദം നൽകിയത് മോദി സർക്കാരിന്റെ രാഷ്ട്രീയവിവേചനത്തിനുള്ള തെളിവാണ്.
ആവശ്യപ്പെട്ടത് 2221 കോടി അനുവദിച്ചത് 260 കോടി ; കേന്ദ്ര സഹായം അപര്യാപ്തം
മുണ്ടക്കൈ ദുരിതാശ്വാസത്തിനും പുനർനിർമാണത്തിനുമായി കേന്ദ്രസർക്കാർ കഴിഞ്ഞദിവസം അനുവദിച്ച തുക അപര്യാപ്തമാണെന്നും സംസ്ഥാനം ആവശ്യപ്പെട്ട തുകയുടെ 11.73 ശതമാനം മാത്രമാണ് ലഭിച്ചതെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ദുരന്താനന്തര കണക്കെടുപ്പ് (പോസ്റ്റ് ഡിസാസ്റ്റർ നീഡ്‌സ് അസസ്‌മെന്റ്– പിഡിഎൻഎ) പ്രകാരം കൃഷി നഷ്ടമുൾപ്പെടെ 979.7 കോടിയാണ് കണക്കാക്കിയിരുന്നത്. പുനർനിർമാണത്തിനടക്കം 2221.03 കോടിയാണ് ആവശ്യപ്പെട്ടത്. എന്നാൽ, 260.56 കോടിമാത്രമാണ് അനുവദിച്ചതെന്ന് സംസ്ഥാന ദുരന്ത നിവാരണവകുപ്പ് അഡി. സെക്രട്ടറി ബിന്ദു സി വർഗീസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി, ദേശീയ ദുരന്ത പ്രതികരണ നിധിയിൽനിന്നാണ് (എൻഡിആർഎഫ്) ഈ തുക അനുവദിച്ചത്. ഇതുപ്രകാരം സാമൂഹിക മേഖലയിലെ പുനർനിർമാണത്തിനായി സംസ്ഥാനം 1,275 കോടി രൂപ ആവശ്യപ്പെട്ടപ്പോൾ 191 കോടി മാത്രമാണ് അനുവദിച്ചത്. ഭവനനിർമാണത്തിന് 1,113 കോടിയിൽ 173 കോടി, വിദ്യാഭ്യാസ മേഖലയിൽ 22 കോടിയിൽ ഒരുകോടി, ആരോഗ്യമേഖലയിൽ 76 കോടിയിൽ 15 കോടി, റോഡുകളുടെയും പാലങ്ങളുടെയും നിർമാണത്തിന് 267 കോടിയിൽ 19 കോടി, അടിസ്ഥാനസൗകര്യ വികസനത്തിന് 360 കോടിയിൽ 37 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്.
ദുരന്തമേഖലയിലെ പുനർനിർമാണത്തിന് പ്രത്യേക സഹായമാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. എന്നാൽ, കാലാകാലങ്ങളിൽ കേന്ദ്രസർക്കാർ നൽകുന്ന വിവിധ പദ്ധതികളിൽനിന്നുള്ള വായ്പകൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തുടങ്ങിയവ കണക്കാക്കി തുക അനുവദിക്കുന്നതിലും സംസ്ഥാനം ആശങ്ക രേഖപ്പെടുത്തി.
ദുരന്തബാധിതരായ 779 കുടുംബങ്ങൾ ആകെ 30.6 കോടിയുടെ വായ്പകളാണ് എടുത്തിരുന്നത്. ഇതിൽ 21.4 കോടി കേന്ദ്ര നിയന്ത്രണത്തിലുള്ള ബാങ്കുകളിൽനിന്നാണ്. കേരള ബാങ്ക് എഴുതിത്തള്ളിയ തുക കിഴിച്ചാൽ, കേരളത്തിന് കെഎസ്എഫ്ഇ അടക്കമുള്ള സ്ഥാപനങ്ങൾവഴി ഇടപെടാവുന്നത് 3.4 കോടിയുടെ വായ്പകളിലാണ്.
എഴുതിത്തള്ളേണ്ടത് 21.4 കോടി ; കഴുത്തറുപ്പൻ നടപടി അംഗീകരിക്കില്ല
മുണ്ടക്കെെ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ കേന്ദ്രം അനുകൂല നിലപാടെടുക്കാത്ത സാഹചര്യത്തിൽ അവ തിരിച്ചുപിടിക്കാൻ ബാങ്കുകൾ സ്വീകരിക്കുന്ന കഴുത്തറപ്പൻ നടപടി അംഗീകരിക്കില്ലെന്ന് കോടതി. വായ്പ നൽകിയ 12 ബാങ്കുകളെ കേസിൽ കക്ഷിചേർത്തു. റിക്കവറി നടപടികളും സ്റ്റേ ചെയ്തു. കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള ബാങ്ക് ഓഫ് ബറോഡ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ഇന്ത്യൻ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നിവയിൽ ദുരന്തബാധിതർക്കുള്ള ബാധ്യത 11.4 കോടിയാണ്. കനറാ ബാങ്കിന്റെ മേൽനോട്ടത്തിലുള്ള കേരള ഗ്രാമീൺ ബാങ്ക് 10 കോടിയുടെ വായ്പയും നൽകിയിട്ടുണ്ട്. നേരത്തേ കേരള ബാങ്ക് 5.81 കോടിയുടെ വായ്പ എഴുതിത്തള്ളിയിരുന്നു.
ദുരന്തബാധിതരോട് കൊടുംക്രൂരത: മന്ത്രി കെ രാജന്‍
മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാനാവില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച കേന്ദ്ര നടപടി പ്രതിഷേധാർഹമാണെന്ന് റവന്യൂ മന്ത്രി കെ രാജൻ. കോടിക്കണക്കിന് രൂപയുടെ കോർപ്പറേറ്റ് വായ്പ എഴുതിത്തള്ളാൻ മടി കാണിക്കാത്ത കേന്ദ്ര സർക്കാർ, ദുരന്ത ബാധിതരോട് കാണിക്കുന്നത് കൊടുംക്രൂരതയാണ്.
കേരളത്തെ സഹായിക്കാൻ തയ്യാറല്ലെങ്കിൽ ജനങ്ങളോട് പരസ്യമായി പറയണമെന്നാണ് ഹൈക്കോടതി കേന്ദ്രത്തോട് പറഞ്ഞത്. ഇതിൽകൂടുതൽ കോടതി എന്താണ് പറയുക. കേരളം തേടുന്നത് കാരുണ്യമല്ല, ലഭ്യമാകേണ്ട ന്യായമായ അവകാശമാണ് എന്നുംപറഞ്ഞു. വായ്പ എഴുതിത്തള്ളുന്നത് കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്താണ് എന്നുപറഞ്ഞ കേന്ദ്ര അഭിഭാഷകനോട്, ഭരണഘടന വായിച്ചുവരണം എന്നുപോലും ഹൈക്കോടതിക്ക് പറയേണ്ടി വന്നു. കേന്ദ്ര സർക്കാരിനെ മുഖ്യമന്ത്രി നേരിട്ട് സംസ്ഥാനത്തിന്റെ നിലപാടും പ്രതിഷേധവും അറിയിക്കുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.
മിണ്ടാട്ടം മുട്ടി രാജീവ് ചന്ദ്രശേഖർ
മുണ്ടക്കൈ ദുരന്തബാധിതരുടെ ബാങ്ക് വായ്‌പ എഴുതി തള്ളില്ലെന്ന കേന്ദ്രസർക്കാർ നിലപാടിൽ അഭിപ്രായമാരാഞ്ഞ മാധ്യമങ്ങളോട് പ്രതികരിക്കാതെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ശബരിമല ശിൽപ്പപാളി വിവാദം മുതലെടുക്കുന്നതിന് ബിജെപി ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ച് ഉദ്‌ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. ഇന്ന് പറയാനുള്ളതെല്ലാം ആയെന്ന് പറഞ്ഞായിരുന്നു രാജീവിന്റെ പിൻവാങ്ങൽ.
കേന്ദ്രസര്‍ക്കാര്‍ നിലപാട് തിരുത്തണം: ബിനോയ് വിശ്വം
മുണ്ടക്കൈ– -ചൂരല്‍മല നിവാസികളോട് തുടരുന്ന മാപ്പില്ലാത്ത തെറ്റ് കേന്ദ്രസര്‍ക്കാര്‍ തിരുത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഹൈക്കോടതിവിധി കേന്ദ്രസര്‍ക്കാരിന്റെ നിലപാടിന്റെ കരണത്തേറ്റ അടിയാണ്. പാവങ്ങളോട് നീതി കാണിക്കാന്‍ കേന്ദ്രം വൈകരുത്.
പ്രകൃതിക്ഷോഭത്തില്‍ ഗുജറാത്തിനോടും രാജസ്ഥാനോടും കാണിച്ച അനുകൂലസമീപനം കേരളത്തോട് കാണിക്കാന്‍ എന്തുകൊണ്ടാണ് ബിജെപി സര്‍ക്കാര്‍ തയ്യാറാകാത്തത്. നീതിന്യായവ്യവസ്ഥയെ ധിക്കരിക്കുന്ന ബിജെപിക്ക് ജനങ്ങള്‍ ബാലറ്റിലൂടെ മറുപടി പറയുമെന്നും ബിനോയ് വിശ്വം പറഞ്ഞു.









0 comments