ഉരുളൊഴുകി, ചാലിയാർവരെ

കൽപ്പറ്റ
പുഞ്ചിരിമട്ടം പൊട്ടി മുണ്ടക്കൈയും ചൂരൽമലയും അപ്പാടെ ചാലിയാറിലേക്ക് ഒഴുകി. 30 മീറ്റർ ഉയരത്തിൽ വെള്ളം കുത്തിയൊലിച്ചെന്നാണ് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്‌ധസംഘം കണ്ടെത്തിയത്. 500 മീറ്റർ വീതിയിൽവരെ കുത്തൊഴുക്കുണ്ടായി. തോട്ടം തൊഴിലാളികളുടെ ലയങ്ങൾ ഉൾപ്പെടെ 242 വീടുകൾ ഒലിച്ചുപോയി. ചൂരൽമല അങ്ങാടി രണ്ടായി പിളർന്നു. 50 കെട്ടിടങ്ങൾ തകർന്നു. വെള്ളാർമല ഗവ. ഹയർ സെക്കൻഡറിയും മുണ്ടക്കൈ ഗവ. എൽപി സ്‌കൂളും തകർന്നു. ക്ഷേത്രവും മസ്‌ജിദും ഉരുളെടുത്തു. മൃതദേഹവും ശരീരഭാഗങ്ങളും മലപ്പുറം ജില്ലയിലെ നിലമ്പൂർ പോത്തുകല്ലുവരെയെത്തി. 110 ഹെക്ടർ കൃഷിഭൂമിയും വിളകളും നശിച്ചു. എങ്ങും ചെളിയും കൂറ്റൻ കരിങ്കല്ലുകളും വൻമരത്തടികളും.
വെള്ളവും മണ്ണും മരങ്ങളും കുത്തിയൊലിച്ച് അണക്കെട്ടുകൾപോലെ രൂപപ്പെട്ട് പലതവണ പൊട്ടിയത് ദുരന്തത്തിന്റെ തീവ്രത വർധിപ്പിച്ചതായി വിദഗ്‌ധസംഘം കണ്ടെത്തി. എട്ടു കിലോമീറ്റർവരെ മണ്ണും മരങ്ങളും കല്ലും കുത്തിയൊലിച്ചു. ചാലിയാർ കടലിൽ ചേരുന്ന ബേപ്പൂർവരെ ഉരുളൊഴുകി. അതിശക്ത മഴയായിരുന്നു ഉരുൾപൊട്ടലിന് പ്രധാന കാരണം. ഈ മേഖലയിൽ രണ്ടു ദിവസത്തിൽ 570 മില്ലിമീറ്ററിൽ കൂടുതൽ മഴപെയ്‌തു.
ഉരുൾപൊട്ടൽ പഠിച്ച് വിദഗ്‌ധ സമിതി
സർക്കാർ നിയോഗിച്ച വിദഗ്‌ധ സംഘം ഉരുൾപൊട്ടൽ സംബന്ധിച്ച് പഠനം നടത്തി. നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്‌റ്റഡീസിലെ മുൻ ശാസ്‌ത്രജ്ഞൻ ഡോ. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള ആറംഗസംഘം ദുരന്തബാധിത മേഖലകൾ പലതവണ സന്ദർശിച്ച് ഗോസോൺ (വാസയോഗ്യം), നോ ഗോസോൺ (വാസയോഗ്യമല്ലാത്തത്) മേഖലകൾ നിർണയിക്കുകയും ചെയ്‌തു. അതിശക്ത മഴയിൽ പാളികളായ പാറയും മണ്ണും നിരങ്ങിയിറങ്ങിയതാണ് ഉരുൾപൊട്ടലിന് കാരണമായതെന്ന് വിദഗ്‌ധ സമിതി കണ്ടെത്തി. മൂന്നിടങ്ങളിൽ കല്ലും മണ്ണും മരങ്ങളും അടിഞ്ഞ് അണക്കെട്ട് രൂപപ്പെട്ട് പൊട്ടിയത് (ഡാമിങ് ഇഫക്ട്) ദുരന്തത്തിന്റെ തീവ്രത വർധിപ്പിച്ചതായും വിലയിരുത്തി. ദുരന്തബാധിത മേഖലയുടെയും പുന്നപ്പുഴയുടെയും പുനരുദ്ധാരണത്തിനുള്ള നിർദേശങ്ങളും നൽകി.









0 comments