മേപ്പാടി കാട്ടാന ആക്രമണം: കൊല്ലപ്പെട്ട തൊഴിലാളിയുടെ കുടുംബത്തിന് അടിയന്തിര ധനസഹായമായി 5 ലക്ഷം കൈമാറി

erumakkolli-elephant-attack-death
വെബ് ഡെസ്ക്

Published on Apr 25, 2025, 09:29 PM | 2 min read

കൽപ്പറ്റ: മേപ്പാടി എരുമക്കൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട തമിഴ്‌നാട്‌ സ്വദേശിയായ മേപ്പാടി പൂളക്കുന്ന്‌ ഉന്നതിയ്‌ക്ക്‌ സമീപം താമസിക്കുന്ന അറുമുഖന്റെ കുടുംബത്തിന്‌ നഷ്‌ടപരിഹാരമായി സർക്കാർ 11 ലക്ഷം രൂപ നൽകും. ആദ്യഗഡുവായ അഞ്ചുലക്ഷം രൂപ മക്കളായ സത്യൻ, രാജൻ എന്നിവർക്ക്‌ കൈമാറി. അഞ്ചുലക്ഷവും ഇൻഷുറൻസ്‌ തുകയായ ഒരുലക്ഷവും കുടുംബത്തിൽനിന്ന്‌ ആവശ്യമായ രേഖകൾ ലഭിച്ചാലുടൻ നൽകും. ഡിഎഫ്‌ഒ അജിത്‌ കെ രാമൻ അറുമുഖന്റെ വീട്ടിലെത്തിയാണ്‌ തുക കൈമാറിയത്‌. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ബാബു, പഞ്ചായത്ത്‌ അംഗം ജോബിഷ്‌ കുര്യൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.


എളമ്പിലേരിയിലെ ഏലതോട്ടത്തിലെ തൊഴിലാളിയായ അറുമുഖൻ വ്യാഴം രാത്രി എട്ടോടെയാണ്‌ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മേപ്പാടിയിൽ നിന്നും പൂളക്കുന്നിലെ വീട്ടിലേക്ക്‌ പോകുംവഴി തേയിലതോട്ടത്തിനുള്ളിലെ നടപാതയിൽവച്ചാണ്‌ കാട്ടാനയുടെ അക്രമണം. ജനങ്ങൾ സ്ഥിരമായി സഞ്ചരിക്കുന്ന പാതയാണിത്‌. അറുമുഖനെ കാണാത്തതിനെതുടർന്ന്‌ വീട്ടുകാരും പ്രദേശവാസികളും നടത്തിയ തെരച്ചിലിലാണ്‌ മൃതദേഹം കണ്ടത്‌.


ഇനിയൊരു ജീവൻ നഷ്ടപ്പെടരുത്‌: സർവകക്ഷി യോഗം


കാട്ടാനശല്യത്തിന് ശാശ്വത നടപടി ആവശ്യപ്പെട്ട് മേപ്പാടിയിൽ സർവകക്ഷിയോഗം. പഞ്ചായത്ത് പ്രസിഡന്റ് കെ ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നാടിന്റെ പൊതുവികാരം ജനപ്രതിനിധികളും രാഷ്ട്രീയപാർടി നേതാക്കളും ഉന്നയിച്ചു. ഇനി ഒരാളുടെ ജീവനും കാട്ടാനമൂലം ഇല്ലാതാവരുത്‌. അതിനുള്ള കർശന നടപടി ഉണ്ടാവണമെന്നും യോഗം ഉന്നയിച്ചു. ജനവാസ കേന്ദ്രങ്ങളിലേക്ക് കാട്ടാനയെത്താതിരിക്കാൻ ഫെൻസിങ്‌ നിർമിക്കണമെന്ന്‌ മുഴുവൻ പ്രതിനിധികളും ആവശ്യപ്പെട്ടു. നാമമാത്രമായ ഭാഗങ്ങളിലാണ്‌ നിലവിൽ ഫെൻസിങ്‌ ഉള്ളത്‌.


ഇതുസംബന്ധിച്ച്‌ നിരവധി തവണ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും ചൂണ്ടിക്കാട്ടി. വിവിധ ഭാഗങ്ങളിൽ ഫെൻസിങ്‌ നിർമിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്‌. ടെൻഡർ എടുക്കാത്ത പ്രശ്‌നം നിലനിൽക്കുന്നുണ്ട്‌. എടുത്തവർ നടത്തുന്നുമില്ല. ഇത്‌ പരിഹരിക്കാൻ മാർഗങ്ങൾ ആരായുമെന്ന്‌ വനപാലകർ പറഞ്ഞു. വനത്തോട്‌ ചേർന്നുള്ള റിസോർട്ടുകൾ ഉയർത്തുന്ന ഭീഷണിയും ചർച്ചയായി. രാത്രിയിൽ വലിയ ബഹളമാണ്‌ ഇവിടങ്ങളിൽ. കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിലേക്കെത്താൻ ഇതും കാരണമാണ്‌. ചില തോട്ടങ്ങൾ കാടുമൂടിക്കിടക്കുകയാണ്‌.


പകൽസമയങ്ങളിൽ വന്യമൃഗങ്ങൾ ഇവിടെ തമ്പടിക്കും. കാട്‌ വെട്ടിമാറ്റാൻ കർശന നിർദേശം നൽകണം. വനാതിർത്തികളിലെ ജനവാസ കേന്ദ്രങ്ങളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കണം. വനംവകുപ്പ്‌ ആർആർടി സംഘത്തിന്‌ ഒരു വാഹനം കൂടി ഒരുക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. റെയ്‌ഞ്ച്‌ ഓഫീസർ കെ വി ബിജു, ഡെപ്യൂട്ടി റെയ്‌ഞ്ച്‌ ഓഫീസർ ശ്രീജിത്‌, പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ രാധാ രാമസ്വാമി, ജോബിഷ്‌കുര്യൻ, കെ കെ സഹദ്‌, രാജു ഹെജമാഡി, പി കെ അനിൽകുമാർ, കെ സുരേഷ്ബാബു, അജ്‌മൽ സാജിദ് തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home