വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ: കെ സുധാകരനെ ചോദ്യം ചെയ്തു

കണ്ണൂർ: വയനാട് ഡി സി സി ട്രഷറർ എൻ എം വിജയൻ ആത്മഹത്യ ചെയ്ത കേസിൽ കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ ചോദ്യം ചെയ്തു. സുൽത്താൻ ബത്തേരി ഡിവൈഎസ് പി അബ്ദുൾ ഷെരീഫിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കണ്ണൂർ നടാലിലെ വീട്ടിലെത്തി ചോദ്യം ചെയ്തത്.
എൻ എം വിജയൻ്റെ ആത്മഹത്യയിലേക്ക് നയിച്ച നിയമനക്കോഴയെക്കുറിച്ചാണ് കെ സുധാകരനിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചത്. നിയമനക്കോഴയുടെയും സാമ്പത്തിക വഞ്ചനയുടെയും വിശദാംശങ്ങൾ ആത്മഹത്യയ്ക്ക് മുമ്പ് എൻ എം വിജയൻ കത്തിലൂടെ കെ സുധാകരനെ ധരിപ്പിച്ചിരുന്നു. ഇതേ കാര്യങ്ങളാണ് എൻ എം വിജയൻ്റെ ആത്മഹത്യ കുറിപ്പിലും പറയുന്നത്. കത്ത് അവഗണിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമായത്. കണ്ണൂർ നടാലിലെ വീട്ടിൽ ഒന്നര മണിക്കൂറാണ് സുധാകരനെ ചോദ്യം ചെയ്തത്. കത്തിൻ്റെ വിവരങ്ങളാണ് ചോദിച്ചറിഞ്ഞതെന്നും നേരത്തെ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങൾ തന്നെയാണ് പൊലീസിനോടും പറഞ്ഞതെന്നും കെ സുധാകരൻ പ്രതികരിച്ചു.
ആത്മഹത്യയല്ലാതെ പോംവഴിയില്ലെന്ന് പറഞ്ഞ് വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ അയച്ച കത്ത് ലഭിച്ചതായി കെ സുധാകരൻ സ്ഥിരീകരിച്ചിരുന്നു. 2022ന് മുമ്പാണ് കത്ത് ലഭിച്ചതെന്നും സുധാകരൻ പറഞ്ഞു. വിജയന്റെയും മകന്റെയും മരണം അന്വേഷിക്കുന്ന പ്രത്യേകസംഘം കത്തിന്റെ വിശദാംശങ്ങൾതേടി സുധാകരനെ ചോദ്യം ചെയ്യാനിരിക്കെയായിരുന്നു സ്ഥിരീകരണം.
കോൺഗ്രസ് നേതാക്കൾ നടത്തിയ നിയമനക്കോഴയിൽ കുരുങ്ങി നിൽക്കുമ്പോഴാണ് വിജയൻ കത്തയച്ചത്. പ്രശ്‌നത്തിൽ ഇടപെടണമെന്നും പരിഹരിച്ചില്ലെങ്കിൽ ആത്മഹത്യയല്ലാതെ പോംവഴിയില്ലെന്നുമായിരുന്നു കത്തിൽ. ഇതിന്റെ പകർപ്പ് അന്വേഷക സംഘത്തിന് ലഭിച്ചിട്ടുണ്ട്.
എൻ എം വിജയന്റെയും മകൻ ജിജേഷിന്റെയും ആത്മഹത്യയും ഇതുമായി അനുബന്ധപ്പെട്ട മൂന്ന് കേസുകളുമാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. ഐ സി ബാലകൃഷ്ണന്‍ എംഎൽഎ, വയനാട് ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവരാണ് ആത്മഹത്യ പ്രേരണ കേസിലെ പ്രതികള്‍.
കുറ്റം ചെയ്‌തവരുണ്ടെന്ന് സുധാകരൻ
വിജയനും മകനും ആത്മഹത്യചെയ്ത സംഭവത്തിൽ കെപിസിസി നിയോഗിച്ച സമിതിയുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ചതായി കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. റിപ്പോർട്ട് പരിശോധിച്ചു. അതിൽ കുറ്റംചെയ്‌തവരും ചെയ്യാത്തവരുമുണ്ട്. പരിശോധിച്ച് നടപടിയെടുക്കും. കത്തിന്റെ വിവരങ്ങളാണ് പൊലീസ് ചോദിച്ചത്. കത്ത് ലഭിച്ചെന്ന് നേരത്തെ പറഞ്ഞതാണെന്നും സുധാകരൻ പറഞ്ഞു.
കുറ്റപത്രം ഉടൻ
കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ജീവനൊടുക്കിയ കേസിൽ അന്വേഷണം അവസാനഘട്ടത്തിൽ. വൈകാതെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷകസംഘം പറഞ്ഞു. കേസിൽ ഐ സി ബാലകൃഷ്‌ണൻ എംഎൽഎ ഒന്നും വയനാട് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ രണ്ടും മുൻകോൺഗ്രസ് നേതാവ് കെ കെ ഗോപിനാഥൻ മൂന്നും പ്രതികളാണ്. മൂവരും ജാമ്യത്തിലാണ്. മൂന്നുദിവസം തുടർച്ചയായി കസ്‌റ്റഡിയിൽ ചോദ്യംചെയ്‌താണ് ഇവരെ അറസ്റ്റ്‌ചെയ്‌തത്. ബാലകൃഷ്‌ണന്റെയും ഗോപിനാഥന്റെയും വീടും വയനാട് ഡിസിസി ഓഫീസും അന്വേഷകസംഘം റെയ്‌ഡ് ചെയ്‌തു.
വിജയന്റെ മകനെ അർബൻ ബാങ്കിലെ പാർട് ടൈം സ്വീപ്പർ തസ്‌തികയിൽനിന്ന് പിരിച്ചുവിട്ട് കോഴവാങ്ങി മറ്റൊരാളെ നിയമിച്ചു. നിയമനത്തിന് ഔദ്യോഗിക ലെറ്റർപാഡിൽ ബാലകൃഷ്‌ണൻ എംഎൽഎ നൽകിയ ശുപാർശക്കത്തും പുറത്തുവന്നു. എൻ ഡി അപ്പച്ചനും പണം നൽകിയതായി വിജയന്റെ ആത്മഹത്യാക്കുറിപ്പിലും ഡയറികളിലുമുണ്ടായിരുന്നു.









0 comments