വയനാട് നിയമനക്കോഴ: ക്രമക്കേടുകൾ കണ്ടെത്തിയതായി മന്ത്രി വി എൻ വാസവൻ

തിരുവനന്തപുരം: വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും മരണത്തിനിടയാക്കിയ നിയമനക്കോഴയിൽ പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയെന്ന് മന്ത്രി വി എൻ വാസവൻ. എംഎൽഎമാരായ ലിന്റോ ജോസഫ്, കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, കാനത്തിൽ ജമീല, പി ടി എ റഹീം എന്നിവരുടെ ചോദ്യത്തിന് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി.
കണ്ണൂർ സഹകരണ വിജിലൻസ് ഓഫീസ് നോർത്ത് സോൺ ഡെപ്യൂട്ടി രജിസ്റ്റാർ, എറണാകുളം ജോയിൻറ് രജിസ്റ്റർ, ഡെപ്യൂട്ടി രജിസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ 2024 ഡിസംബർ 31, 2025 ജനുവരി ഒന്ന് തീയതികളിലാണ് പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേടുകൾ കണ്ടെത്തി. സുൽത്താൻബത്തേരി സഹകരണ അർബൻ ബാങ്ക്, സർവീസ് സഹകരണ ബാങ്ക്, പൂതാടി സർവീസ് സഹകരണ ബാങ്ക്, മടക്കിമല സർവീസ് സഹകരണ ബാങ്ക്, സുൽത്താൻബത്തേരി സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് എന്നിവിടങ്ങളിൽ ചട്ടവിരുദ്ധമായി നിയമനങ്ങൾ നടന്നതായും റിപ്പോർട്ടിൽ രേഖപ്പെടുത്തി.
എൻ എം വിജയന് സുൽത്താൻബത്തേരി അർബൻ സഹകരണ ബാങ്കിൽ നിന്ന് 63.72 ലക്ഷം രൂപ വായ്പ ബാധ്യതയുണ്ട്. അതുപോലെ ബത്തേരി സർവീസ് സഹകരണ ബാങ്കിൽ 29.49 ലക്ഷം രൂപ സ്വന്തം പേരിലും വായ്പയുണ്ട്. മകന്റെ പേരിലുള്ള ജാമ്യത്തിൽ 11.26 ലക്ഷം രൂപയും വായ്പ ബാധ്യത നിലവിലുണ്ടെന്നും റിപ്പോർട്ട് ചെയ്തു.
Related News

0 comments