വയനാട്ടിലുണ്ടായിട്ടും കാണാൻ പോയില്ല; പ്രിയങ്ക ആർക്കൊപ്പമെന്ന് വ്യക്തമാക്കണം: എൽഡിഎഫ്

ജോസ് നെല്ലേടം, പ്രിയങ്കാ ഗാന്ധി, പത്മജ
കൽപ്പറ്റ: കോൺഗ്രസിലെ മനുഷ്യത്വമില്ലാത്ത വേട്ടക്കാർക്കൊപ്പമാണോ ഇരകൾക്കൊപ്പമാണോ നിൽക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി വാദ്ര എംപി വ്യക്തമാക്കണമെന്ന് എൽഡിഎഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കോൺഗ്രസ് ചതിയിൽ ജീവനൊടുക്കേണ്ടിവന്ന മുള്ളൻകൊല്ലി മണ്ഡലം വൈസ് പ്രസിഡന്റ് ജോസ് നെല്ലേടത്തിന് അന്തിമോപചാരം അർപ്പിക്കാൻ ജില്ലയിലുണ്ടായിട്ടും പ്രിയങ്ക തയ്യാറായില്ല. കോൺഗ്രസിന്റെ നിയമനക്കോഴയിൽ കുരുങ്ങി ജീവനൊടുക്കിയ മുതിർന്ന നേതാവ് എൻ എം വിജയന്റെ മരുമകൾ പത്മജ ജീവിതം വഴിമുട്ടി ആത്മഹത്യക്ക് ശ്രമിച്ചപ്പോഴും ആശുപത്രിയിലെത്തി കാണാൻ തയ്യാറായില്ല.
ടി സിദ്ദിഖ് എംഎൽഎ ഉൾപ്പെടെയുള്ളവർ അപമാനിച്ചതോടെയായിരുന്നു ആത്മഹത്യാശ്രമം. എംപി ജില്ലയിൽ ഉല്ലാസയാത്രയിലാണെന്നാണ് മാധ്യമങ്ങളിൽനിന്ന് വ്യക്തമാകുന്നത്. എംഎൽഎമാരായ ഐ സി ബാലകൃഷ്‌ണനും ടി സിദ്ദിഖും ആത്മഹത്യചെയ്‌ത ജോസിന്റെ വീട്ടിൽ എത്തിയില്ല. പത്മജയേയും കാണാൻ തയ്യാറായില്ല. മരിച്ചവരോടുപോലും മര്യാദ കാണിക്കാത്തവരായി കോൺഗ്രസ് മാറി. കോൺഗ്രസിന്റെ പഞ്ചായത്ത് അംഗം മരിച്ചിട്ട് എംഎൽഎമാർക്ക് ആ വീട്ടിൽ പോകാൻപോലും കഴിയുന്നില്ലെന്ന അവസ്ഥയാണ്.
എൻ എം വിജയന്റെ കുടുംബവുമായി കെപിസിസിയുണ്ടാക്കിയ കരാറിന്റെ രേഖ കള്ളനെപോലെ ടി സിദ്ദിഖ് എംഎൽഎ മോഷ്ടിച്ചുവെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. ഒരായുഷ്‌കാലം കോൺഗ്രസിനായി ജീവിച്ച്, നേതാക്കളുടെ ചതിയിൽ ജീവനൊടുക്കിയ വിജയന്റെ മകൻ അത്യാസന്നനിലയിൽ ആശുപത്രിയിലായപ്പോൾ ചികിത്സയ്‌ക്ക് പണത്തിന് യാചിച്ചിട്ടും തിരിഞ്ഞുനോക്കിയില്ല. കുടുംബത്തെ തള്ളിപ്പറയാനാണ് കോൺഗ്രസ് നേതൃത്വം തയ്യാറായത്. വലിയ ദുരന്തത്തിലേക്ക് വീണ്ടും വിജയന്റെ കുടുംബത്തെ തള്ളിവിടുന്നതിലൂടെ കോൺഗ്രസ് നേതാക്കളുടെ ക്രിമിനൽ മനസ്സാണ് പുറത്തെത്തുന്നത്.
ക്രിമിനൽ സംഘത്തെ പ്രിയങ്ക സംരക്ഷിക്കുകയാണ്. പാർടി പ്രവർത്തകരെ നേതാക്കൾ ശത്രുക്കളെപോലെ കാണുകയാണ്. ജീർണിച്ച മുഖമായ കോൺഗ്രസിനൊപ്പം സാധാരണക്കാർക്ക് നിൽക്കാനാകില്ല. എംപിയും എംഎൽഎമാരും കോൺഗ്രസ് നേതാക്കൾ എന്നതിനപ്പുറം ജില്ലയിലെ ജനപ്രതിനിധികളാണെന്നത് മറക്കരുതെന്നും ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.









0 comments