ഡിസിസി ട്രഷററുടെയും മകന്റെയും മരണം; കുടുംബത്തെ വഞ്ചിച്ച് കോൺഗ്രസ്


സ്വന്തം ലേഖകൻ
Published on Apr 14, 2025, 01:01 AM | 1 min read
കൽപ്പറ്റ : നേതാക്കളുടെ കോഴ ഇടപാടിൽ കുരുങ്ങി ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും കുടുംബത്തെ വഞ്ചിച്ച് കോൺഗ്രസ്. വിജയന്റെ കടബാധ്യത ഏറ്റെടുക്കുമെന്ന വാഗ്‌ദാനം മാസങ്ങൾ കഴിഞ്ഞിട്ടും പാലിച്ചില്ല. ശനിയാഴ്‌ച കോഴിക്കോട്ടെത്തിയ വിജയന്റെ ഇളയമകൻ വിജേഷിനെയും മരുമകൾ പത്മജയെയും കാണാതെ പ്രധാന നേതാക്കൾ ഒഴിഞ്ഞുമാറി. പ്രശ്‌നം പരിഹരിക്കാൻ കെപിസിസി ചുമതലപ്പെടുത്തിയ ടി സിദ്ദിഖ് ഫോൺപോലും എടുക്കാതായതോടെയാണ് വിജയന്റെ കുടുംബം കോഴിക്കോട്ട് എത്താൻ തീരുമാനിച്ചത്.
കെ സി വേണുഗോപാൽ, കെ സുധാകരൻ, വി ഡി സതീശൻ എന്നിവരെല്ലാം സ്ഥലത്തുണ്ടായിരുന്നെങ്കിലും ആരും ഇവരെ കണ്ടില്ല. നേതാക്കൾ വാക്കുപാലിച്ചില്ലെന്ന് വിജേഷും പത്മജയും മാധ്യമങ്ങളോട് പറഞ്ഞു. വിജയനും മകനും ജീവനൊടുക്കിയപ്പോൾ സുധാകരനും സതീശനും കുടുംബത്തെ അധിക്ഷേപിക്കുകയാണ് ചെയ്‌തത്. ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതോടെ പ്രതിസന്ധിയിലായ കോൺൺഗ്രസ് മുഖംരക്ഷിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ നേതൃത്വത്തിൽ ഉപസമിതിയെ അന്വേഷണത്തിന് നിയോഗിച്ചു. സമിതി അംഗങ്ങൾ വിജയന്റെ കുടുംബാംഗങ്ങളെ കണ്ട് ബാധ്യത പാർടി ഏറ്റെടുക്കുമെന്ന് പറഞ്ഞു മടങ്ങുകയായിരുന്നു.
ഐ സി ബാലകൃഷ്‌ണൻ എംഎൽഎയും വയനാട് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചനുമടക്കമുള്ളവരാണ് മരണത്തിന് ഉത്തരവാദികളെന്നാണ് വിജയന്റെ ആത്മഹത്യാക്കുറിപ്പ്. ആത്മഹത്യാ പ്രേരണാക്കേസിൽ പ്രതികളായ ബാലകൃഷ്‌ണനും അപ്പച്ചനും ജാമ്യത്തിലാണ്. കെ സുധാകരനെ ചോദ്യംചെയ്യാനുള്ള ഒരുക്കത്തിലാണ് അന്വേഷകസംഘം. കോൺഗ്രസ് ഭരിക്കുന്ന സഹകരണ സംഘങ്ങളിൽ ജോലി വാഗ്‌ദാനം ചെയ്‌താണ് ഡിസിസി ട്രഷററായിരുന്ന വിജയനെ ഇടനിലയാക്കി നേതാക്കൾ കോഴ വാങ്ങിയത്.
ചോദ്യങ്ങളിൽ ക്ഷോഭിച്ച് സതീശൻ
ആലപ്പുഴ വയനാട് മുൻ ഡിസിസി ട്രഷറർ എൻ എം വിജയന്റെ ആത്‌മഹത്യയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കുനേരെ ക്ഷുഭിതനായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. വിജയന്റെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത തീർക്കുമെന്ന കോൺഗ്രസ് വാഗ്‌ദാനം നടപ്പാക്കാത്തതിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു സതീശന്റെ പ്രതികരണം. അത് ഞങ്ങൾ നോക്കിക്കോളാമെന്നും വേറെയാരും വരേണ്ടെന്നും സതീശൻ പറഞ്ഞു. ബില്ലുകളുടെ സമയപരിധി സംബന്ധിച്ച സുപ്രീംകോടതി വിധിയോടുള്ള കേരള ഗവർണറുടെ പ്രതികരണം ഖേദകരമാണ്. ഭരണഘടനയെ ചോദ്യംചെയ്യുന്നതിന് തുല്യമാണിത്. ആവശ്യമെങ്കിൽ പുനഃപരിശോധനാ ഹർജി നൽകുകയാണ് വേണ്ടതെന്നും വി ഡി സതീശൻ പറഞ്ഞു.









0 comments