വാർഡ് പ്രസിഡന്റിനെ കള്ളക്കേസിൽ കുടുക്കൽ ; കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് റിമാൻഡിൽ

ബത്തേരി
കോൺഗ്രസ് വാർഡ് പ്രസിഡന്റിനെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച സംഭവത്തിൽ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് റിമാൻഡിൽ. ശനിയാഴ്‌ച അറസ്‌റ്റിലായ മുഖ്യപ്രതി അനീഷ് മാമ്പള്ളിയെയാണ് ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി– രണ്ട് റിമാൻഡ് ചെയ്‌തത്. മുള്ളൻകൊല്ലി വാർഡ് പ്രസിഡന്റ് കാനാട്ടുമലയിൽ തങ്കച്ചനെയാണ് വീട്ടിൽ സ്‌ഫോടക വസ്‌തുക്കളും കർണാടകം മദ്യവും കൊണ്ടുവച്ച് പൊലീസിന് വിവരംനൽകി ജയിലിലാക്കിയത്. നേതാക്കൾ തമ്മിലുള്ള പകയായിരുന്നു കാരണം.
പൊലീസ് നടത്തിയ അന്വേഷണത്തിൽ തങ്കച്ചൻ കുറ്റക്കാരനല്ലെന്ന് കണ്ടെത്തുകയും പതിനേഴാം ദിവസം ജയിൽ മോചിതനാകുകയും ചെയ്‌തു. ഒരു മാസത്തിലേറെയായി ഒളിവിലായിരുന്ന അനീഷിനെ കർണാടകത്തിലെ കുശാൽനഗറിൽനിന്ന് ശനി വൈകിട്ടാണ് അന്വേഷക സംഘം പിടികൂടിയത്. ലുക്ക് ഒൗട്ട് നോട്ടീസ് ഇറക്കി പ്രതിക്കായി അന്വേഷണം നടത്തുന്നതിനിടെയാണ് പിടിയിലായത്.
ശനി രാത്രിയോടെ ബത്തേരിയിലെത്തിച്ച് ഞായർ രാവിലെ വൈദ്യപരിശോധന നടത്തിയ ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. അടുത്തദിവസം കസ്റ്റഡിയിൽ വാങ്ങുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ബത്തേരി ഡിവൈഎസ്‌പി കെ കെ അബ്‌ദുൾ ഷെരീഫ് പറഞ്ഞു. പ്രതിയെ വിശദമായി ചോദ്യംചെയ്യുന്നതോടെ കേസിൽ ഉന്നത കോൺഗ്രസ് നേതാക്കളുടെ പങ്ക് വ്യക്തമാകും.
മുൻ ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചന്റെ അടുത്ത അനുയായിയാണ് അനീഷ്.
കർണാടകത്തിൽനിന്ന് മദ്യം വാങ്ങിയ പി എസ് പ്രസാദിനെ നേരത്തെ അറസ്റ്റ്‌ചെയ്‌തിരുന്നു. അനീഷാണ് മദ്യം വാങ്ങിപ്പിച്ചതെന്നാണ് പ്രസാദിന്റെ മൊഴി. എൻ ഡി അപ്പച്ചൻ ഉൾപ്പെടെയുള്ളവർ ഗൂഢാലോചന നടത്തിയാണ് കള്ളക്കേസിൽ കുടുക്കിയതെന്നാണ് ജയിൽ മോചിതനായപ്പോൾ തങ്കച്ചൻ പറഞ്ഞത്. ഇതിന് പിന്നാലെയാണ് മുള്ളൻകൊല്ലി മണ്ഡലം വൈസ് പ്രസിഡന്റും പഞ്ചായത്തംഗവുമായ ജോസ് നെല്ലേടം ജീവനൊടുക്കിയത്.









0 comments