ഇത്‌ മാലിന്യം പണമാക്കും പട്ടാളം ; ജൈവവളം കടൽ കടക്കുന്നു

waste treatment plant

ബ്രഹ്മപുരത്തെ മാലിന്യത്തിൽനിന്ന് പട്ടാളപ്പുഴുക്കളെ ഉപയോഗിച്ച്‌ ഉൽപ്പാദിപ്പിച്ച ജൈവവളം മന്ത്രി എം ബി രാജേഷ് 
പരിശോധിക്കുന്നു

വെബ് ഡെസ്ക്

Published on Apr 13, 2025, 03:03 AM | 1 min read


തിരുവനന്തപുരം : മാലിന്യത്തെ നേരിടാൻ ലത്തീഫും നിയാസും ‘പട്ടാളത്തെ’ ഇറക്കി. ഇപ്പോൾ മാലിന്യം ഇവർക്ക്‌ മാണിക്യമാണ്‌. പട്ടാളപ്പുഴുക്കളെ ഉപയോഗിച്ച്‌ ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ജൈവ മാലിന്യങ്ങളിൽനിന്ന് ഉൽപ്പാദിപ്പിക്കുന്ന ജൈവവളം വ്യാവസായികാടിസ്ഥാനത്തിൽ കടൽ കടക്കുന്നു. മലപ്പുറം ചങ്ങരംകുളം സ്വദേശികളായ ലത്തീഫിന്റെയും നിയാസിന്റെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഫാബ്കോ എന്ന സ്വകാര്യ സ്ഥാപനമാണ് പ്രതിദിനം 25 ടൺ മാലിന്യം സംസ്‌കരിക്കാൻ ശേഷിയുള്ള പ്ലാന്റ് ബ്രഹ്മപുരത്ത് സ്ഥാപിച്ചത്. 120 ടൺ ജൈവവളം അടങ്ങുന്ന ആദ്യ കണ്ടെയ്‌നർ അടുത്തയാഴ്ച ദുബായിലേക്ക് കയറ്റിയയക്കും.


പട്ടാളപ്പുഴുവിനെ ഉപയോഗിച്ച് ജൈവ മാലിന്യം എട്ട് ദിവസംകൊണ്ട് കമ്പോസ്റ്റ് ആക്കി മാറ്റും. ഇങ്ങനെ സംസ്‌കരിച്ചെടുക്കുന്ന ജൈവവളത്തിന്റെ ഗുണമേന്മ മനസ്സിലാക്കിയ ദുബായ് ആസ്ഥാനമായ റിഫാം എന്ന കമ്പനി ഫാബ്കോയുമായി കരാറിലെത്തുകയായിരുന്നു.


കൊച്ചി കോർപറേഷന്റെ അനുമതിയോടെയാണ്‌ പ്ലാന്റ്‌ പ്രവർത്തിക്കുന്നത്‌. പട്ടാളപ്പുഴുവിനെ ഉപയോഗിച്ച് സംസ്‌കരിക്കുന്ന മാലിന്യത്തിന്റെ 30 ശതമാനം കമ്പോസ്റ്റായി മാറുകയും ശേഷിക്കുന്ന 70 ശതമാനം പട്ടാളപ്പുഴുക്കൾ തിന്നുതീർക്കുകയുമാണ് ചെയ്യുന്നതെന്ന് ലത്തീഫ് പറഞ്ഞു. ഈ പുഴുക്കളുടെ അവശിഷ്ടംകൂടി അടങ്ങിയ കമ്പോസ്റ്റ് ഗുണമേന്മയേറിയതാണ്. മാലിന്യങ്ങൾ കമ്പോസ്റ്റ് ആകുമ്പോഴേക്കും പട്ടാളപ്പുഴുക്കൾ വളർന്ന് ‘ബ്ലാക് സോൾജ്യർ ഫ്‌ളൈ’ ആയി മാറും.


ഇതിനെ മത്സ്യങ്ങൾക്കും കന്നുകാലികൾക്കുമുള്ള തീറ്റ നിർമാണത്തിന് ഉപയോഗിക്കുകയും ചെയ്യാം. കനകക്കുന്നിൽ നടക്കുന്ന വൃത്തി കോൺക്ലേവിൽ പട്ടാളപ്പുഴുക്കളെ ഫാബ്കോ സന്ദർശകർക്കായി പരിചയപ്പെടുത്തുന്നുണ്ട്. ഇവയെ ഉപയോഗിച്ച് കക്കൂസ് മാലിന്യം സംസ്‌കരിക്കുന്ന പ്ലാന്റുകൾ സ്ഥാപിക്കാനുള്ള പദ്ധതി സംസ്ഥാന സർക്കാരിനുമുന്നിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണിവർ.



deshabhimani section

Related News

View More
0 comments
Sort by

Home