ഒരിക്കൽ മൂക്കുപൊത്തി മാത്രം നടക്കാൻ പറ്റുമായിരുന്ന പ്രദേശം വീണ്ടെടുത്തു; ഉത്സവാന്തരീക്ഷത്തിലായിരുന്നു അവിടം

waste
വെബ് ഡെസ്ക്

Published on Oct 11, 2025, 10:54 PM | 2 min read

ബ്രഹ്മപുരത്ത് ക്രിക്കറ്റ് കളിച്ചിട്ടാണെങ്കിൽ, മലപ്പുറത്ത് ഫുട്ബോൾ അല്ലാതെ മറ്റൊന്നും ആലോചിക്കാനാവില്ലല്ലോ. ഒരിക്കൽ മാലിന്യമലയായിരുന്ന സ്ഥലം വൃത്തിയായപ്പോൾ, അവിടെ ഫുട്ബോൾ പോസ്റ്റ് ഉയർന്നു. എംഎൽഎ ടി വി ഉബൈദുള്ള ഗോളിയായി പോസ്റ്റിന് കീഴിൽ നിന്നു. പി കെ കുഞ്ഞാലിക്കുട്ടിയേയും ഇ ടി മുഹമ്മദ് ബഷീറിനെയും സാക്ഷിനിർത്തി ഞാൻ കിക്കെടുത്തു. പന്ത് വലയിൽ. പോസ്റ്റിൽ ഞാനാണ് ഗോളടിച്ചതെങ്കിലും അധ്യക്ഷ പ്രസംഗത്തിൽ ഉബൈദുള്ള ഗോളടിച്ചു. മന്ത്രിക്ക് വേണ്ടി ഒരു തവണ വിട്ടുകൊടുത്തതാണ്, ഇനി വരുമ്പോൾ എന്തായാലും തടഞ്ഞിരിക്കും എന്ന് പ്രഖ്യാപനം- മന്ത്രി എം ബി രാജേഷ് എഴുതുന്നു



ഫേസ്ബുക്ക് കുറിപ്പ്



പാണക്കാട് കൊടപ്പനയ്ക്കൽ തറവാടിന്റെയും ബഹുമാന്യനായ പി കെ കുഞ്ഞാലിക്കുട്ടിയുടെയും വീടിന്റെ തൊട്ടടുത്തായിരുന്നു മലപ്പുറത്തെ ഏറ്റവും വലിയ മാലിന്യക്കൂന. നാലര ഏക്കറിൽ 8547.2 മെട്രിക് ടൺ മാലിന്യം പതിറ്റാണ്ടുകളായി കുമിഞ്ഞുകൂടിക്കിടന്ന സ്ഥലം. ഇന്ന്, ബയോ മൈനിങ്ങിലൂടെ ആ മാലിന്യം മുഴുവൻ നീക്കം ചെയ്ത് ആ സ്ഥലം വീണ്ടെടുത്തതിന്റെ ഉദ്ഘാടനം നിർവഹിച്ചു.


ബ്രഹ്മപുരത്ത് ക്രിക്കറ്റ് കളിച്ചിട്ടാണെങ്കിൽ, മലപ്പുറത്ത് ഫുട്ബോൾ അല്ലാതെ മറ്റൊന്നും ആലോചിക്കാനാവില്ലല്ലോ. ഒരിക്കൽ മാലിന്യമലയായിരുന്ന സ്ഥലം വൃത്തിയായപ്പോൾ, അവിടെ ഫുട്ബോൾ പോസ്റ്റ് ഉയർന്നു.


എംഎൽഎ ടി വി ഉബൈദുള്ള ഗോളിയായി പോസ്റ്റിന് കീഴിൽ നിന്നു. പി കെ കുഞ്ഞാലിക്കുട്ടിയേയും ഇ ടി മുഹമ്മദ് ബഷീറിനെയും സാക്ഷിനിർത്തി ഞാൻ കിക്കെടുത്തു. പന്ത് വലയിൽ. പോസ്റ്റിൽ ഞാനാണ് ഗോളടിച്ചതെങ്കിലും അധ്യക്ഷ പ്രസംഗത്തിൽ ഉബൈദുള്ള ഗോളടിച്ചു. മന്ത്രിക്ക് വേണ്ടി ഒരു തവണ വിട്ടുകൊടുത്തതാണ്, ഇനി വരുമ്പോൾ എന്തായാലും തടഞ്ഞിരിക്കും എന്ന് പ്രഖ്യാപനം.


ഒരിക്കൽ മൂക്കുപൊത്തി മാത്രം നടക്കാൻ പറ്റുമായിരുന്ന പ്രദേശം വീണ്ടെടുത്തതിന്റെ ഉദ്ഘാടനം ഉത്സവാന്തരീക്ഷത്തിലായിരുന്നു നടന്നത്. തന്റെ വീടും പാണക്കാട് തറവാടും ഇതിന് തൊട്ടടുത്താണെന്ന് എന്നോട് പറഞ്ഞത് കുഞ്ഞാലിക്കുട്ടി സാഹിബ് തന്നെയാണ്. ആ സ്ഥലം മാലിന്യം നീക്കം ചെയ്തു വൃത്തിയാക്കിയതിൽ ഏറ്റവും സന്തോഷിക്കുന്നവരിൽ ഒരാളാണ് അദ്ദേഹം. നഗരസഭാ ചെയർമാൻ മുജീബ് കാടേരിയുടെ സ്വാഗത പ്രസംഗത്തിലും ആ സന്തോഷം നിറഞ്ഞുതുളുമ്പി. ലോകബാങ്ക് സഹായത്തോടെയുള്ള കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ പ്രസന്റേഷൻ കണ്ടപ്പോൾ, ഇതൊന്നും ഒരിക്കലും നടക്കുമെന്ന് തങ്ങൾ വിശ്വസിച്ചിരുന്നില്ല എന്ന് ചെയർമാൻ ഇന്ന് തുറന്നുപറഞ്ഞു. പ്രസന്റേഷൻ ഒരു വഴിക്കും, മാലിന്യം അവിടെ തന്നെയും തുടരുമെന്നാണ് കരുതിയിരുന്നത്. എന്നാലിപ്പോൾ സ്വപ്നതുല്യമായ മാറ്റമാണ് ഉണ്ടായിരിക്കുന്നത് എന്ന് മുജീബ് ആഹ്ലാദത്തോടെ പറഞ്ഞു.


കേരളത്തിൽ ശുചിത്വ രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റത്തിന്റെ മറ്റൊരു ഉദാഹരണമായിരുന്നു പുളിയേറ്റുമ്മൽ ട്രഞ്ചിംഗ് ഗ്രൗണ്ട് വീണ്ടെടുത്ത് നാടിന് സമർപ്പിച്ചത്. 110 പുളിയേറ്റുമ്മൽ ട്രഞ്ചിംഗ് ഗ്രൗണ്ട് ചേർന്നത്ര മാലിന്യം കൊച്ചി ബ്രഹ്മപുരത്ത് ഉണ്ടായിരുന്നു. അതും ഏറെക്കുറെ പൂർണമായി നീക്കം ചെയ്തു കഴിഞ്ഞു. കുരീപ്പുഴ, ലാലൂർ, ചൂൽപ്പുറം ഉൾപ്പെടെ കേരളത്തിലെ കുപ്രസിദ്ധമായ 25 ഡംപ്സൈറ്റുകൾ ഇന്നില്ല. ബ്രഹ്മപുരം ഉൾപ്പെടെയുള്ളയിടങ്ങളിൽ പ്രവൃത്തി പുരോഗമിക്കുന്നു. ഇതെല്ലാം ഈ മാറ്റത്തിന്റെ സാക്ഷ്യങ്ങളാണ്. ഈ പ്രവൃത്തി പൂർത്തിയാക്കിയ കെ എസ് ഡബ്ല്യു എം പി ക്കും അഭിനന്ദനങ്ങൾ, സർക്കാരിനൊപ്പം ഇത് യഥാർത്ഥ്യമാക്കാൻ സഹകരിച്ച മലപ്പുറം നഗരസഭയ്ക്കും പ്രത്യേകം അഭിനന്ദനങ്ങൾ. ബഹുമാന്യനായ പ്രതിപക്ഷ ഉപനേതാവ് എല്ലാ ഘട്ടങ്ങളിലും കക്ഷിരാഷ്ട്രീയം നോക്കാതെ സർക്കാരിന്റെ ഈ ശുചിത്വ പ്രവർത്തനങ്ങളെ പിന്തുണച്ചിട്ടുള്ള ആളാണ് എന്നകാര്യം വേദിയിൽ ഞാൻ പ്രത്യേകം എടുത്തുപറഞ്ഞു. ഉബൈദുള്ളയും ഇ ടി മുഹമ്മദ് ബഷീറും ഉൾപ്പെടെയുള്ള എല്ലാ ജനപ്രതിനിധികൾക്കും നന്ദി.


മാലിന്യമുക്തം നവകേരളത്തിനായുള്ള സർക്കാർ പരിശ്രമങ്ങൾ കൂടുതൽ ഊർജിതമായി തുടരും.



deshabhimani section

Related News

View More
0 comments
Sort by

Home