print edition നഗരസഭ, കോർപറേഷൻ 
സ്ഥിരംസമിതി അംഗങ്ങളുടെ 
എണ്ണമായി

delimitation
avatar
ബിജോ ടോമി

Published on Nov 02, 2025, 02:38 AM | 1 min read


തിരുവനന്തപുരം

അതിർത്തി പുനർവിഭജനത്തിലൂടെ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ഓരോ സ്ഥിരംസമിതിയിലുമുള്ള അംഗങ്ങളുടെ എണ്ണം പുതുക്കി നിശ്ചയിച്ചു. നഗരസഭ, കോർപറേഷൻ സ്ഥിരംസമിതി അംഗങ്ങളുടെ എണ്ണമാണ്‌ പുനക്രമീകരിച്ചത്‌. പഞ്ചായത്തുകളിലേത്‌ വൈകാതെ ഉണ്ടാകും. വാർഡ്‌ പുനർനിർണയത്തിനുശേഷം നഗരസഭകളിൽ കുറഞ്ഞത്‌ 26ഉം കൂടിയത്‌ 53 വാർഡുമാണ്‌ ഉള്ളത്‌. 26 വാർഡുള്ള നഗരസഭകളിൽ ധനകാര്യ സ്ഥിരംസമിതിയിൽ ചെയർപേഴ്‌സൺ ഉൾപ്പെടെ 7 അംഗങ്ങളുണ്ടാകും. വികസനം, ക്ഷേമം, ആരോഗ്യവും വിദ്യാഭ്യാസവും സ്ഥിരംസമിതികളിൽ ആറുവീതം അംഗങ്ങളാകും ഉണ്ടാകുക. വാർഡുകളുടെ എണ്ണം വർധിക്കുന്നത്‌ അനുസരിച്ച്‌ സ്ഥിരംസമിതിയുടെ അംഗബലവും കൂടും. 53 വാർഡുകൾ ഉള്ള നഗരസഭകളിൽ എല്ലാ സ്ഥിരംസമിതിയിലും 13 അംഗങ്ങൾ വീതമാകും.


കോർപറേഷനുകളിൽ 56 മുതൽ 101 വരെ വാർഡുകളാണുള്ളത്‌. 56 വാർഡ്‌ ഉള്ള കോർപറേഷനിൽ വിദ്യാഭ്യാസ സ്ഥിരംസമിതിയിൽ 6 അംഗങ്ങളും മറ്റ്‌ സമിതികളിൽ ഏഴ്‌ അംഗങ്ങളുമായിരിക്കും. 101 വാർഡ്‌ ഉള്ള കോർപറേഷനിൽ ധനം, വികസനം, ക്ഷേമം, ആരോഗ്യം സമിതികളിൽ 13 അംഗങ്ങളും മരാമത്ത്‌, നഗരാസൂത്രണം, നികുതി, വിദ്യാഭ്യാസ സമിതികളിൽ 12 അംഗങ്ങളുമായിരിക്കും. തദ്ദേശ സ്ഥാപന അധ്യക്ഷരുടെ സംവരണവും വൈകാതെ തീരുമാനിക്കും. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ വനിത, പട്ടികജാതി, പട്ടികജാതി വനിത, പട്ടികവർഗം, പട്ടികവർഗ വനിത സംവരണങ്ങളാണ്‌ നിശ്ചയിക്കുക. സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷനാണ്‌ സംവരണം നിശ്ചയിക്കുന്നത്‌. രണ്ടുതവണ തുടർച്ചയായി അധ്യക്ഷസ്ഥാനം സംവരണമായ തദ്ദേശ സ്ഥാപനങ്ങളെ ഒഴിവാക്കും. തദ്ദേശ സ്ഥാപന അധ്യക്ഷരുടെ സംവരണം നിശ്ചയിക്കുന്നതോടെ കമീഷൻ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിലേക്ക്‌ കടക്കും.



deshabhimani section

Related News

View More
0 comments
Sort by

Home